ആടു വളർത്തൽ ലാഭകരമാക്കുന്നതിന് സ്വന്തം ഭൂമിയിലെ പച്ചിലയുടെയും തീറ്റപ്പുല്ലിന്റെയും ലഭ്യത അനിവാര്യമായ ഒരു ഘടകമാണ്. ഒരാടിന് ഒരു ദിവസം രണ്ട് മുതൽ മൂന്ന് കിലോ വരെ പുല്ലും പച്ചിലകളും ആവശ്യമായി വരും. ഈയൊരു നിരക്കിലുള്ള ലഭ്യത വർഷം മുഴുവനും നിലനിർത്തേണ്ടതുണ്ട് എന്നതിനാൽ നമ്മുടെ മേച്ചിൽ പുറങ്ങളിലെ പുല്ലും പ്ലാവിലയും മറ്റും ഉപയോഗപ്പെടുത്തുന്നതിനോടൊപ്പം തന്നെ ശാസ്ത്രീയമായ തീറ്റപ്പുൽ കൃഷിയിലേക്കും കൂടി സംരംഭകർ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. ഏതാണ്ട് ഒരു ഏക്കർ ഭൂമിയിൽ നിന്നുമുള്ള തീറ്റപ്പുൽ കൃഷി അടിസ്ഥാനമാക്കി നമുക്ക് അൻപത് ആടുകളെ വരെ വളർത്താൻ സാധിക്കും. ഗിനിപുല്ല്, സങ്കരനേപ്പിയർ, ലൂസേൺ, സുബാബുൾ (പീലിവാക) എന്നിവ പ്രത്യേകതകൾക്കനുസൃതമായി വെച്ചു പിടിപ്പിക്കാം.
സ്റ്റൈലോസാനന്തസ് - തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി കൃഷി ചെയ്യാവുന്ന ഇവയ്ക്ക് ഉഷ്ണമേഖല കാലാവസ്ഥയാണ് അനുയോജ്യം. ഒരു ഹെക്ടറിന് 2-3.5 കി.ഗ്രാം വിത്ത് എന്ന നിരക്കിൽ മെയ് -ജൂൺ മാസങ്ങളിൽ വിതയ്ക്കാവുന്നതാണ്. ഇടവിളയായി കൃഷി ചെയ്യുവാൻ ഒരു ഹെക്ടറിന് 1.5 കി.ഗ്രാം വിത്ത് മതിയാകും. 3-4 മാസം കഴിയുമ്പോൾ ആദ്യ വിളവെടുപ്പും 45 ദിവസം കഴിയുമ്പോൾ തുടർവിളവെടുപ്പും നടത്താം. ഒരിക്കൽ നട്ടാൽ മൂന്നു വർഷം വരെ ചെടി നിലനിൽക്കും. ആട്ടിൻ തീറ്റയിൽ 30% വരെ ഇത് ഉൾപ്പെടുത്താം.
ലുസേൻ - തീറ്റപ്പുല്ലിന്റെ രാജ്ഞി എന്നറിയപ്പെടുന്ന ലുസേൻ പോഷക സമൃദ്ധിയിലും സ്വാദിലും മുൻപന്തിയിലാണ്. ഒക്ടോബർ നവംബർ മാസങ്ങളാണ് കൃഷിക്ക് അനുയോജ്യം. ഒരു ഹെക്ടറിന് 15-18 കി.ഗ്രാം വരെ വിത്തുകൾ ആവശ്യമാണ്. 70-80 ദിവസങ്ങൾക്കുള്ളിൽ ആദ്യ വിളവെടുപ്പും 30 ദിവസം ഇടവേളയിൽ തുടർ വിളവെടുപ്പും നടത്താവുന്നതാണ്. നല്ല നനവുള്ള സ്ഥലങ്ങളിൽ ഒരു ഹെക്ടറിൽ നിന്ന് 100 ടൺ വിളവ് ലഭിക്കും.
സുബാബൂൾ (പീലിവാക) - നല്ല നീർവാർച്ചയുള്ള മണ്ണാണ് കൃഷിയ്ക്ക് അനുയോജ്യം. വിത്തുകളാണ് നടാൻ ഉപയോഗിക്കുന്നത്. ഫെബ്രുവരി-മാർച്ച് മാസമാണ് വിത്ത് വിതയ്ക്കാൻ അനുയോജ്യം. ഒരു ഹെക്ടറിന് 3-4 കി.ഗ്രാം എന്ന നിരക്കിൽ, 2-3 സെ.മീ. താഴ്ച്ചയിൽ വിതയ്ക്കാവുന്നതാണ്. പീലിവാക നട്ടതിന് ശേഷം 4-5 മാസമാകുമ്പോൾ പൂവിടും. ആദ്യ വിളവെടുപ്പിന് അനുയോജ്യമായ കാലവും ഇതു തന്നെ. തുടർന്ന് എല്ലാ 50-60 ദിവസങ്ങളിൽ വിളവെടുക്കാം. മൊത്തം പച്ചിലയുടെ 30% മാത്രമേ പീലിവാക കൊടുക്കാവു. ആട്ടിൻകുട്ടികൾക്ക് പീലിവാക വെയിലത്ത് ഇട്ട് ഉണക്കി പൊടിച്ചത് 10-20 ഗ്രാം വരെ കൊടുക്കാവുന്നതാണ്.
ശീമക്കൊന്ന - കേരളത്തിൽ സുലഭമായി വളരുന്ന ഒരു ഫോഡർ മരമാണ് ശീമക്കൊന്ന. ഒരിക്കൽ നട്ടുകഴിഞ്ഞാൽ വളരെ കാലത്തേയ്ക്ക് ചെടി നിലനിൽക്കും. തോപ്പിൽ ഇടവിളയായി കൃഷി ചെയ്യാവുന്നവയാണ് ഇവ. 4-5 അടി നീളത്തിലുള്ള കമ്പുകളാണ് നടാനായി ഉപയോഗിക്കുന്നത്. വർഷത്തിൽ മൂന്ന് തവണ ശീമക്കൊന്ന വെട്ടിയെടുക്കാം. ആഹാരത്തിൽ 15% വരെ ശീമക്കൊന്ന കൊടുക്കാവുന്നതാണ്. ആട്ടിൻകുട്ടികൾക്ക് ശീമക്കൊന്ന ഇല ഉണക്കി പൊടിച്ചത് 20-30 ഗ്രാം വരെ കൊടുക്കാവുന്നതാണ്.
Share your comments