ഗുണമേന്മയേറിയ തടിയുടെ പ്രധാന സ്രോതസ്സായ ഡിപ്റ്റിരോക്കാർപേസ്യ (Dipterocarpaceae) സസ്യകുടുംബത്തിലെ രണ്ടു പ്രധാന വൃക്ഷങ്ങളാണ് കൽപ്പയിനും (Dipterocarpus bourdillonii) അരയാഞ്ഞിലിയും (Dipterocarpus indicus). ദക്ഷിണ പശ്ചിമഘട്ടത്തിൽ കേരളം, കർണാടകം എന്നീ സംസ്ഥാനങ്ങളിലെ നിത്യഹരിത വനങ്ങളിൽ കണ്ടുവരുന്നതും എണ്ണത്തിൽ വളരെയധികം പരിമിതപ്പെട്ടിരിക്കുന്നതുമായ ഒരു സ്ഥാനീയ വൃക്ഷമാണ് കൽപയിൻ അഥവാ കാരാഞ്ഞിലി.
സിംഹവാലൻ കുരങ്ങുകളുടെ ഒരു മുഖ്യവാസസ്ഥലവും തടിക്ക് പേരുകേട്ടതുമായ മറ്റൊരു വൃക്ഷമാണ് അരയാഞ്ഞിലി. ഈ രണ്ടുവൃക്ഷങ്ങളും അവയുടെ തനത് ആവാസവ്യവസ്ഥയിൽ നാൽപതുമീറ്ററോളം ഉയരത്തിൽ വൻവൃക്ഷങ്ങളായി വളരുന്നവയാണ്. സ്വാഭാവിക ആവാസവ്യവസ്ഥയുടെ ശോഷണത്താലും മറ്റു ചില ജീവശാസ്ത്രപരമായ കാരണങ്ങളാലും കൽപയിനിന്റെ ജൈവസമ്പത്ത് ചുരുക്കം ചില സൂക്ഷ്മ ആവാസവ്യവസ്ഥകളിലേക്ക് ചുരുങ്ങിയതായി കാണാം.
ആറളം, കോരുത്തോട്, കുട്ടമ്പുഴ, പമ്പ, തേക്കടി. തെന്മല തുടങ്ങിയ കേരളത്തിലെ ചുരുക്കം ചില വനപ്രദേശങ്ങളിൽ മാത്രമേ ഇന്ന് ഇവയെ കണ്ടുവരുന്നുള്ള കണക്കുകൾ പ്രകാരം ഈ സസ്യവർഗ്ഗത്തിൽപ്പെട്ട മരങ്ങളുടെ ആകെ എണ്ണം അഞ്ഞൂറിൽ താഴെ മാത്രമാണ് എന്നുള്ളത് ഭീതിജന കമാണ്. ഇളം ചുവപ്പു വർണ്ണത്തോടെയുള്ള കാതലടങ്ങിയ ഇവയുടെ തടി കെട്ടിടം, പാലം, പ്ലൈവുഡ്, ബോട്ട്, കപ്പൽ, റെയിൽവേ സ്ലീപ്പറുകൾ എന്നിവയുടെ നിർമ്മാണങ്ങൾക്കു വേണ്ടി ഉപയോഗിച്ചിരുന്നു.
ഈ രണ്ടിനത്തിന്റെയും വിത്തുകളുടെ ബീജാങ്കുരണശേഷി വളരെ കുറഞ്ഞ നിലയിലാണെന്നുള്ളത് ഇവയുടെ നിലനിൽപു തന്നെ വളരെ ആശങ്കാവഹമാക്കുന്നു. പ്രധാനമായും അട്ടയാർ, നെല്ലിയാമ്പതി. പീച്ചി, പറമ്പിക്കുളം, കൊല്ലം, വയനാട് എന്നിവിടങ്ങളിലെ വനപ്രദേശങ്ങളിലാണ് അറയാഞ്ഞിലി കണ്ടുവരുന്നത്.
കൽപയിനിന്റെ സമാന കാതലോടുകൂടിയ ഗുണമേന്മയേറിയ ഇവയുടെ തടിക്ക് അന്താരാഷ്ട്ര വിപണിയിൽ പ്രത്യേക സ്ഥാനമാണുള്ളത്. കൂടാതെ ഒലിയോറെസിൻ (Oleoresin) എടുക്കുന്നതിനുവേണ്ടിയും ഈ വൃക്ഷങ്ങളെ ആശ്രയിക്കുന്നു. സ്പിരിറ്റ്, വാർണിഷ് എന്നിവയുടെ നിർമ്മാണത്തിന് ചേർക്കുന്ന ഇവയുടെ ഒലിയോറെസിന് പ്രത്യേക ഗുണമേന്മയാണുള്ളത്.
Share your comments