ഫംഗസ് മൂലമുണ്ടാകുന്ന പല ത്വക്ക് രോഗങ്ങൾക്ക് ആനത്തകരയുടെ ഇല ഔഷധമായി ഉപയോഗിക്കുന്നു. വയറിളക്കുന്നതിനും ആനത്തകര ഉപയോഗിക്കുന്നു. ഫംഗസ് ബാധ മൂലമുണ്ടാകുന്ന കറുപ്പ് നിറത്തിനും ഇത് ഉത്തമ മരുന്നാണ്. ചൊറി, ചിരങ്ങ്, പുഴുക്കടി, തൊലിപ്പുറത്തുണ്ടാകുന്ന പൂപ്പൽ ബാധ ഇവയ്ക്കെല്ലാം ഈ സസ്യം ഔഷധമാണ്. സോറിയാസിസിനും ഇത് ഉത്തമ മരുന്നാണെന്ന് സിദ്ധവൈദ്യത്തിൽ പറയുന്നു.
പാരമ്പര്യവൈദ്യ ചികിത്സയിൽ ഇത് പ്രമേഹം, മലേറിയ, ആസ്തമ, അണുബാധ എന്നിവയ്ക്കെല്ലാം ഉപയോഗിച്ചിരുന്നു. , ആന്റിഓക്സിഡന്റ്, ആന്റി ഫംഗൽ, ആന്റി ക്യാൻസർ, ആന്റി ഡയബറ്റിക്, ആന്റി മലേറിയൽ, ആന്റി വൈറൽ ഗുണങ്ങൾ ഇതിനുള്ളതായി തെളിയിക്കപ്പെട്ടിരിക്കുന്നു.
1. ത്വക്ക് രോഗങ്ങൾക്ക് ഇതിന്റെ ഇല പച്ചമഞ്ഞളും ചേർത്ത് അരച്ചിട്ടാൽ ശമനം കിട്ടുന്നതാണ്.
2. കന്നുകാലികളിൽ കാണുന്ന വട്ടച്ചൊറിക്ക് ആനത്തകരയും പച്ചമഞ്ഞങ്ങളും, ആവണക്കിന്റെ ഇലയും, ആര്യവേപ്പിലയും സമം ചേർത്ത് വെണ്ണപോലെ അരച്ച് ശുദ്ധഗന്ധകമോ കോപ്പർ ഓക്സിക്ലോറൈഡ് ലായനിയോ ചേർത്ത് പുറമേ പുരട്ടിയാൽ ശമനം കിട്ടും.
3. മാരോട്ടിയെണ്ണ തിളപ്പിച്ച് ആനത്തകര , പച്ചമഞ്ഞൾ, ആര്യവേപ്പില എന്നിവ തുല്യമായി അരച്ചത് ചേർത്ത് പത വറ്റുമ്പോൾ കാർഗോലരി പൊടിച്ചതും ശുദ്ധഗന്ധകവും ചേർത്ത് നന്നായി ഇളക്കിയശേഷം ഇറക്കിവെയ്ക്കുക, കാലികൾക്ക് തൊലിപ്പുറത്ത് ഉണ്ടാകുന്ന രോഗങ്ങൾക്ക് ഈ എണ്ണപുരട്ടിയാൽ രോഗം ഭേദമാകുന്നതാണ്.
4. ചുണങ്ങ്, ചിരങ്ങ്, വട്ടച്ചൊറി, പുഴുക്കടി എന്നിവയക്ക് ആനത്തകരയുടെ തളിരില അരച്ച് ചെറുനാരങ്ങ നീര് ചേർത്ത് ലേപനം ചെയ്താൽ മതിയാകും.
5. ഇതിന്റെ ഇല തൈര് ചേർത്തരച്ച് ചെമ്പുപാത്രത്തിൽ ഒരു രാത്രി വച്ചതിനുശേഷം പുരട്ടിയാൽ പുഴുക്കടി ഭേദമാകും.
6. വൻത്തകരയുടെ ഇല മോരിൽ അരച്ചുപുരട്ടിയാൽ ചുണങ്ങ് ഭേദമാകും.
7. ആനത്തക്കരയുടെ ഇലയും പാളയൻകോടൻ വാഴയുടെ ഇലയും അരച്ച് തേച്ച് കുളിച്ചാൽ ഒന്നു രണ്ടാഴ്ചകൊണ്ട് ചുണങ്ങ്, താരൻ എന്നിവ ശമിക്കും.
തകരമുത്തി, മഞ്ഞപാപ്പാത്തി, മുപ്പൊട്ടൻ മഞ്ഞപാപ്പാത്തി, മഞ്ഞത്ത കരമുത്തി എന്നിങ്ങനെയുള്ള ചിത്രശലഭങ്ങളുടെ ലാർവഭക്ഷണ സസ്യമാണ് ആനത്തകര. മണ്ണൊലിപ്പ് തടയുന്നതിനും ഇത് സഹായകരമാണ്.
Share your comments