തിരുവനന്തപുരം നെടുമങ്ങാട് ബ്ലോക്കിൽ മൂന്നാമത് കൃഷിദർശൻ പരിപാടിയുടെ ഭാഗമായി നടന്ന കാർഷികമേളയിലാണ് വാഴപ്പഴത്തിൽ നിന്ന് ഉണ്ടാക്കിയ ഷാംപൂ പ്രദർശിപ്പിച്ചത്.
പാറശ്ശാല ബനാന എക്സ്പോർട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ആണ് വാഴപ്പഴത്തിൽ നിന്ന് ഉണ്ടാക്കിയ ഷാംപൂ, സോപ്പ്, ലിപ്പ്ബാം എന്നിവ പ്രദർശനത്തിന് കൊണ്ടുവന്നത് . നാല് കിലോ വാഴപ്പഴം മതി നൂറു ഷാംപൂ ബോട്ടിലുകൾ ഉണ്ടാക്കാൻ എന്ന് കമ്പനിയുടെ സിഇഒ ആയ സജീഷ് കുമാർ എസ് എസ് പറഞ്ഞു. സ്‌കിൻ ഫോർമുലേഷൻ ഉണ്ടാക്കുന്നതിൽ വിദഗ്ധയായ ഡോക്ടർ നീതു മോഹൻന്റെ അഗാ നാച്ചുറൽസ് എന്ന കമ്പനിയുമായി കൂടിച്ചേർന്നാണ് ഈ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്.
പാറശ്ശാല എഫ്പിയോയുടെ കീഴിലുള്ള വാഴ കർഷകരിൽ നിന്ന് വാഴപ്പഴം ശേഖരിച്ച് ആണ് ഈ ഉൽപ്പന്നം ഉണ്ടാക്കുന്നത്. പരിപൂർണ്ണമായും ജൈവരീതിയിൽ കൃഷി ചെയ്യുന്ന വാഴകളിലെ വാഴപ്പഴം ഉപയോഗിച്ചാണ് ഈ ഉൽപ്പന്നം ഉണ്ടാക്കുന്നത്. കദളിക എന്ന ബ്രാൻഡിലാണ് വാഴയിലെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നത്.
നാല് കിലോ വാഴപ്പഴം വിറ്റാൽ കിട്ടുന്നതിനേക്കാൾ ഇരട്ടി വിലയാണ് വാഴപ്പഴം മൂല്യ വർദ്ധിത ഉത്പന്നം ആകുമ്പോൾ കിട്ടുന്നതെന്ന് എഫ് പിയോയുടെ സിഇഒ ആയ സജീഷ് അഭിപ്രായപ്പെട്ടു. മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ വിൽക്കുന്നതിലൂടെ കിട്ടുന്ന ലാഭം കർഷകർക്ക് തന്നെ നൽകുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സാധാരണ രീതിയിൽ വാഴക്കർഷകർ കൃഷിയിലെ പ്രശ്നങ്ങൾ കാരണം നെട്ടോട്ടമോടുമ്പോൾ ഇത്തരം ഉൽപ്പന്നങ്ങൾ അവരുടെ ജീവിതം നിലവാരം വർദ്ധിപ്പിക്കും എന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ പറഞ്ഞു.
Share your comments