നടീൽ കാലം ഇഞ്ചിയുടെ വിളവ് മെച്ചപ്പെടാൻ സർവപ്രധാനമെന്ന് എല്ലാ പരീക്ഷണങ്ങളിലും സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്. നടിൽ കാലം മഴയുടെ ലഭ്യതയുമായി സ്വാഭാവികമായി ബന്ധപ്പെട്ടിരിക്കുമെങ്കിലും ഇന്ത്യയിൽ നടീൽകാലം പല സ്ഥലങ്ങളിലും മാർച്ച് മാസത്തിലും മേയ് മാസത്തിലും നടത്തുന്നതായി കാണാം. പക്ഷേ എല്ലാ ശാസ്ത്രീയ പരീക്ഷണങ്ങളിലും ഏപ്രിൽ ആദ്യവാരം നടുന്ന ഇഞ്ചി മെച്ചമായി വളരുന്നതായും മുന്തിയ വിളവ് തരുന്നതായും തെളിഞ്ഞിട്ടുണ്ട്. കീടരോഗങ്ങളുടെ കടന്നാക്രമണത്തിൽ നിന്നും പ്രകൃതിദത്തമായ ഒരു പരിരക്ഷ കൂടി ഈ നടീൽകാലം സ്വീകരിക്കുന്നതിൽ നിന്നും പരോക്ഷമായി ലഭ്യമാകുമത്രെ.
നന ഇഞ്ചി അഥവാ ജലസേചനത്തോടു കൂടിയുള്ള ഇഞ്ചികൃഷി നടത്തുന്നതിന് കാലഭേദം നോക്കേണ്ടതില്ല. പക്ഷേ ശക്തിയായ വളർച്ചയ്ക്കും, മെച്ചപ്പെട്ട വിളവിനും നന നടത്തി ഫെബ്രുവരി മധ്യത്തിൽ ഇഞ്ചി കൃഷി ആരംഭിക്കുന്നത് അഭികാമ്യമാണെന്ന് ശാസ്ത്രജ്ഞന്മാരും അനുഭവസമ്പത്തുള്ള കർഷകരും പറയുന്നു. ഇന്ത്യയിൽ പൊതുവേ തെക്കു പടിഞ്ഞാറൻ കാലവർഷത്തിൻ്റെ ആരംഭം ഇഞ്ചിക്കൃഷി ആരംഭിക്കേണ്ട കാലമായി കണക്കാക്കുന്നു. പക്ഷേ കർഷകരും ശാസ്ത്രജ്ഞരും ഒരേ സ്വരത്തിൽ തന്നെ പറയുന്നുണ്ട് അത് മറ്റൊന്നുമല്ല ഏപ്രിൽ ആദ്യവാരത്തിൽ നടുന്ന ഇഞ്ചിയുടെ വളർച്ചയിലെ വേഗതയും വിളവിൽകാണുന്ന മെച്ചവും ഇഞ്ചിവിത്ത് 'കാഞ്ഞ് മുളക്കണ'മെന്നാണ്.
ഇഞ്ചികൃഷിയിൽ നടീൽ അകലം വളർച്ച ത്വരിതപ്പെടാനും, മെച്ചമായ വിളവ് ലഭിക്കുവാനും സർവപ്രാധാന്യമർഹിക്കുന്ന കാര്യം കർഷകരും വികസന പ്രവർത്തകരും ശാസ്ത്രജ്ഞന്മാരും ഒരു പോലെ സമ്മതിക്കുന്ന വിഷയമാണ്. മണ്ണിൻ്റെ തരം, സ്വഭാവം വളപ്രയോഗത്തിൻ്റെ തോത്, സൂര്യപ്രകാശ ലഭ്യത, ഇഞ്ചിയുടെ ഇനം വളർച്ചാശൈലി എന്നിവ ശ്രദ്ധാപൂർവം പഠിച്ചായിരിക്കണം നടീൽ അകലം തീരുമാനിക്കേണ്ടത്. ഒരു ഹെക്ടറിൽ ചെടികളുടെ എണ്ണം വർധിച്ചാൽ മറ്റു സാഹചര്യങ്ങളും അനുകൂലമാകുന്ന പക്ഷം ഒരു വേള വിളവ് മെച്ചപ്പെട്ടെന്ന് വരാം.
നടീൽ അകലത്തിനോടൊപ്പം പ്രാധാന്യമർഹിക്കുന്ന മറ്റൊരു വസ്‌തുതയാണ് 'നടീൽ ആഴം' വേഗത്തിൽ മുളക്കുക, ശക്തിയായി വളരുക ഒരു നിശ്ചിത കാലയളവിനുള്ളിൽ തന്നെ ആവശ്യത്തിനുള്ള കായിക വളർച്ച പ്രാപിക്കുക ഇവയെല്ലാം തന്നെ മുന്തിയ വിളവിന് അത്യന്താപേക്ഷിതമാണ്. ചിനപ്പുകൾ പൊട്ടുന്നതും, ഭൂകാണ്ഡം പടർന്ന് വളരുന്നതും എല്ലാംതന്നെ ആകെയുള്ള വിളവിനെയും ഒപ്പം കർഷകൻ്റെ അറ്റാദായത്തെയും നേരിട്ട് ബാധിക്കുമെന്നതിനാൽ കർഷകർക്കോ, വികസനപ്രവർത്തകർക്കോ ശാസ്ത്രജ്ഞന്മാർക്കോ രണ്ടഭിപ്രായമില്ല. പക്ഷേ ഒരുകാര്യം വ്യക്തം. നടീൽ ആഴവും, അകലവും വലിത്തിഞ്ചിയുടെ ഭാരവും ഇഞ്ചിയുടെ ഇനവും, മറ്റ് പരിചരണമുറകളുമായിട്ടും ബന്ധമുണ്ട്. ഇതുതന്നെയാണ് ഉപരി മണ്ണും, വളക്കൂറും പണിയെടുക്കുന്ന കർഷകതൊഴിലാളിയുടെ അറിവും പരിജ്ഞാനവുമായിട്ടുമുള്ളത്.
Share your comments