ഏതുതരം മണ്ണിലും ഗ്ലാഡിയോലസ് വളരുമെങ്കിലും നല്ല നീർവാർച്ചയുള്ളതും ചെറിയ തോതിൽ അമ്ലത്വമുള്ളതുമായ (PH 5.5 - 6.5) മണൽ കലർന്ന എക്കൽ മണ്ണാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. അന്തരീക്ഷ ഊഷ്മാവും സൂര്യപ്രകാശത്തിന്റെ ലഭ്യതയും ഈ ചെടിയുടെ വളർച്ചയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. കൂടുതൽ സൂര്യപ്രകാശം ലഭിക്കുമ്പോഴാണ് ചെടികൾ നന്നായി പുഷ്പിക്കുന്നത്.
നടുന്ന വിധം
രണ്ടോ മൂന്നോ തവണ പുരയിടം നന്നായി കിളച്ച ശേഷം ഹെക്ടറൊന്നിന് 25 ടൺ എന്ന തോതിൽ കാലിവളമോ കമ്പോസ്റ്റോ മണ്ണിൽ നന്നായി ചേർക്കണം. വരമ്പുകൾ 20 സെൻ്റീമീറ്റർ അകലത്തിൽ എടുത്തിട്ട് അവയിലാണ് ഭൂകാണ്ഡങ്ങൾ നടുന്നത്.
ഹെക്ടറൊന്നിന് നൈട്രജൻ, ഫോസ്‌ഫറസ്, പൊട്ടാഷ് 50:60:60 കിലോഗ്രാം എന്ന തോതിൽ മണ്ണിൽ ചേർക്കേണ്ടതാണ്. ഭൂകാണ്ഡങ്ങൾ 30 സെൻ്റീമീറ്റർ അകലത്തിലും 5 സെൻ്റീമീറ്റർ ആഴത്തിലുമാണ് നടേണ്ടത്. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് നടാൻ യോജിച്ചത്. മണ്ണും കാലാവസ്ഥയും, പരിഗണിച്ച് ആഴ്ചയിൽ രണ്ടു തവണ ജലസേചനം നടത്തേണ്ടതാണ്.
വിളവെടുപ്പ്
നടാൻ ഉപയോഗിച്ച ഇനങ്ങളുടെ വ്യത്യാസമനുസരിച്ച് പൂക്കുന്നതിന് ഒന്നര മുതൽ മൂന്നു മാസം വരെ എടുക്കും. പൂങ്കുലയുടെ അടിഭാഗത്തെ പൂവ് വിരിയാൻ തുടങ്ങുമ്പോൾ പൂങ്കുല മൊത്തമായി രണ്ട് ഇലയോടൊപ്പം നീളത്തിൽ വെട്ടിയെടുക്കുകയാണ് ചെയ്യുന്നത്. ഒരു ഹെക്‌ടറിൽ നിന്ന് രണ്ടു ലക്ഷത്തോളം പൂങ്കുലകൾ ലഭിക്കും.
Share your comments