കൊല്ലം ജില്ലയിലെ ശെന്തുരുണി വന്യജീവി സങ്കേതം അറിയപ്പെടുന്നത് സ്ഥാനീയ വൃക്ഷമായ ചെങ്കുറിഞ്ഞിയുടെ (Gluta travancorica) പേരിലാണ്. പശ്ചിമഘട്ട ത്തിന്റെ തെക്കേ അറ്റത്തുള്ള അഗസ്ത്യമല ജൈവമണ്ഡല സംവരണ മേഖലയിലെ (Biosphere Reserve) നിത്യഹരിതവനങ്ങളിലാണ് നിലവിൽ ഇവയെ പൊതുവെ സ്വാഭാവികമായി കണ്ടുവരുന്നത്.
ഇതിനു പുറമെ വയനാട്ടിലെ പേരിയ എന്ന പ്രദേശത്ത് നട്ടുവളർത്തിയ ചില വൃക്ഷങ്ങളെയും കാണാം. അവയുടെ തനത് ആവാസവ്യവസ്ഥയിൽ മുപ്പത്തഞ്ചു മീറ്ററോളം ഉയരത്തിൽ വളർച്ചയെത്തുന്ന ഈ വൃക്ഷത്തിന് രക്തചന്ദനത്തിന്റെ കാതലിന് സമാനമായ ചുവപ്പുവർണ്ണമാണുള്ളത്.
അനാക്കാർഡിയേസ്യ (Anacardiaceae) സസ്യകുടുംബത്തിൽപ്പെട്ട ഇവയുടെ തടി ധാരാളമായി ഉപയോഗിച്ചിരുന്നത് കെട്ടിടം, ക്യാബിനറ്റ്, ഗൃഹോപകരണങ്ങൾ, ശില്പവേല. തോക്കിന്റെ പാത്തി, സംഗീതോപകരണങ്ങൾ മുതലായവയുടെ നിർമ്മിതികൾക്കു വേണ്ടിയാണ്. എന്നാൽ ഗുണമേന്മയേറിയ ഈ മരത്തിന്റെ തൊലി, ഇല, പൂവ്, കായ, തടിയിൽ നിന്നൂറിവരുന്ന കറ എന്നിവയെല്ലാം മനുഷ്യശരീരത്തിൽ അലർജി ഉണ്ടാക്കുവാൻ പ്രാപ്തമായവയാണ്.
വളരെ കുറച്ചു വനപ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്നതിനാലും മുൻകാലങ്ങളിൽ അമിത ചൂഷണത്തിന് വിധേയമായതിനാലും ഇവയെ IUCN ന്റെ വംശനാശഭീഷണി നേരിടുന്ന വർഗ്ഗങ്ങളുടെ പട്ടികയിൽ Near Threatened എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
Share your comments