കർഷകർ കൃഷി ചെയ്‌താലും സർക്കാർ തന്നെയാണ് മരങ്ങളുടെ ഉടമ. കയറ്റുമതിയും വിൽപനയും സർക്കാരിലൂടെ മാത്രമാണ് സാധ്യമാകുന്നത്. ഇതിനാൽ കൃഷി ആരംഭിക്കുന്നതിന് മുൻപ് ഇതിനുള്ള പ്ലാൻ അടുത്തുള്ള വനം വകുപ്പ് ഓഫീസിൽ സമർപ്പിച്ച് രജിസ്റ്റർ ചെയ്യണം. തൈ നടുന്ന സമയവും വിളവെടുപ്പിന് പാകമാകുന്ന ഏകദേശം സമയവും തൈകളുടെ എണ്ണവുമുൾപ്പെടെയുള്ള വിവരങ്ങളും നൽകണം. ചന്ദനമരം വളർത്താനും സംരക്ഷിക്കാനും സ്ഥലം ഉടമയ്ക്ക് അധികാരമുണ്ടെങ്കിലും മുറിക്കാൻ അനുമതി വേണം. അതത് സ്ഥലത്തെ ഡി.എഫ്.ഒക്ക് അപേക്ഷ നൽകിയാൽ വനംവകുപ്പ് മരം മുറിക്കുകയും പണം ഉടമസ്ഥന് നൽകുകയും ചെയ്യും.
2012 വരെ മരത്തിൻ്റെ 70 ശതമാനം വില ഉടമസ്ഥനും ബാക്കി സർക്കാരിനുമായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ, വിലയുടെ 95 ശതമാനംവരെ ഉടമയ്ക്ക് കിട്ടും. 1864 മുതൽ ചന്ദനമരങ്ങൾ സർക്കാരിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. സ്വകാര്യഭൂമിയിലെ മരങ്ങൾ നമ്പറിട്ട് സർക്കാർ കൈവശത്തിലാക്കിയിരുന്നു. എന്നാൽ, 2022-ലെ നിയമ പരിഷ്‌കാരം വഴിയാണ് സ്വകാര്യ വ്യക്തികൾക്ക് ചന്ദനം കൃഷി ചെയ്യാനും വിൽക്കാനുമുള്ള അനുമതി ലഭിച്ചത്. വനംവകുപ്പ് അറിയാതെ സ്വകാര്യ വ്യക്തിക്ക് ചന്ദനമരം വിൽക്കുന്നത് അഞ്ച് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വീട്ടുവളപ്പിൽ നിന്ന് ചന്ദനമരം മോഷണം പോയാൽ അപ്പോൾ തന്നെ പൊലീസിനെയോ വ നം വകുപ്പിനെയോ അറിയിക്കണം. അറിയിക്കാതിരിരുന്നാൽ അത് പിന്നീട് ഉടമസ്ഥന്റെ മേൽ കുറ്റം ചുമത്തുന്നതിന് കാരണമാകാം.
മറ്റ് സംസ്ഥാനങ്ങൾ ചന്ദന കൃഷിയിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. കർണാടകത്തിൽ കർഷകർക്ക് അവർ വളർത്തുന്ന ചന്ദനമരം നേരിട്ട് കർണാടക സംസ്ഥാന കരകൗശല വികസന കോർപ്പറേഷൻ, കർണാടക സോപ്സ് ആൻ ഡ് ഡിറ്റർജന്റ് ലിമിറ്റഡ് തുടങ്ങിയ അർധ സർക്കാർ കോർപ്പറേഷനുകൾക്ക് വിൽക്കാൻ അനുമതി നൽകിയിരുന്നു. ചന്ദനകൃഷിക്ക് ലോണും സബ്‌സിഡിയും നൽകുന്നുണ്ട്. ഓസ്ട്രേലിയയിലെ ചില പ്രദേശങ്ങളിൽ ചന്ദനം നന്നായി വളരും. 1999 ൽ അവർ മൈസൂരിൽ നിന്നും ഇന്ത്യൻ ചന്ദനത്തിൻ്റെ വിത്തുകൾ കൊണ്ടു പോയി ഓസ്ട്രേലിയ 30000 ഏക്കറിൽ ചന്ദനക്കൃഷി തുടങ്ങി. ഇന്നവിടെ 55 ലക്ഷത്തോളം ചന്ദനമരങ്ങൾ വളരുന്നു.
Share your comments