കോതമംഗലം വാരപ്പെട്ടി പഞ്ചായത്തിലെ ശ്രീ. കെ ഒ തോമസിന്റെ കൃഷി സ്ഥലത്തെ വാഴകൾ കെ എസ് ഇ ബി ഉദ്യോഗസ്ഥർ വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ട് ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ കെ കൃഷ്ണൻകുട്ടിയുമായി കൃഷിമന്ത്രി പി പ്രസാദ് ചർച്ച നടത്തി.
ഓണവിപണി ലക്ഷ്യമാക്കി തോമസ് കൃഷി ചെയ്തിരുന്ന 406 വാഴകളാണ് മുന്നറിയിപ്പൊന്നുമില്ലാതെ വെട്ടി നശിപ്പിക്കപ്പെട്ടത്. ആ കർഷകനുണ്ടായ മാനസിക ക്ലേശവും സാമ്പത്തിക നഷ്ടവും മനസ്സിലാക്കി തുറന്ന മനസ്സോടെയുള്ള സമീപനമാണ് കർഷകൻ കൂടിയായ ബഹു. വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്.
ശ്രീ. കെ ഒ തോമസിന് പ്രത്യേക പരിഗണനയോടെ മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരമായി KSEB നൽകുന്നതിന് ചർച്ചയിൽ തീരുമാനമായി. ചിങ്ങം ഒന്നിന് തന്നെ പണം നൽകാമെന്ന് ബഹു. മന്ത്രി ശ്രീ കൃഷ്ണൻകുട്ടി ഉറപ്പ് നൽകി. ചർച്ചയിൽ വൈദ്യുതി, കൃഷി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
എറണാകുളം ജില്ലയിലെ വാരപ്പെട്ടി പഞ്ചായത്തിലെ തോമസ് എന്ന കർഷന്റെ വാഴകൾ KSEB ഉദ്യോഗസ്ഥർ വെട്ടി നശിപ്പിച്ചത് അത്യന്തം ഖേദകരവും പ്രതിഷേധാർഹവുമാണ്. ഒരു കർഷകൻ തന്റെ വിളകളെ പരിപാലിക്കുന്നത് കുഞ്ഞുങ്ങളെ പോറ്റി വളർത്തുന്നതുപോലെയാണ്. ഒരു കർഷകന്റെ വിയർപ്പിന് വില നൽകാതെ അവന്റെ വിളകളെ വെട്ടി നശിപ്പിച്ചത് തീർത്തും ക്രൂരതയാണ്.
ഹൈടെൻഷർ ലൈനിന് കീഴിൽ കൃഷി ചെയ്യുമ്പോഴുള്ള സുരക്ഷാ പ്രശ്നങ്ങളെ ഒട്ടും ചെറുതായി കാണുന്നില്ല. വൈദ്യുതാഘാതം മൂലം ഒരു ജീവൻ നഷ്ടപ്പെടാനോ മറ്റെന്തെങ്കിലും അപായമുണ്ടാകാനോ പാടില്ല എന്നതിൽ ആർക്കും രണ്ടഭിപ്രായമുണ്ടാകില്ല. ഈ സ്ഥലത്ത് വാഴ കൃഷി ചെയ്യാൻ പാടില്ലായെങ്കിൽ നേരത്തേ തന്നെ KSEB ഇടപെടേണ്ടതായിരുന്നു. വാഴകുലച്ച് കുലകൾ വിൽക്കാറായ സമയത്ത് ഏകപക്ഷീയമായി ഒരു കർഷകന്റെ അദ്ധ്വാനത്തെ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല എന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു.
Share your comments