കാച്ചിൽ നടാനുദ്ദേശിക്കുന്ന സ്ഥലം മഴ മാറുന്നതോടു കൂടി 20,25 സെമീറ്റർ താഴ്‌ചയിൽ കിളച്ചിളക്കി ആവശ്യത്തിന് കുമ്മായം ചേർത്ത് കട്ടകൾ പൊടിച്ച് തയ്യാറാക്കാം.
കുംഭ മാസത്തിൽ ആവശ്യത്തിനു മഴ കിട്ടിയാലുടനെ 60 സെമീ റ്റർ താഴ്ചയിലും 45 സെ.മീറ്റർ വ്യാസത്തിലും കുഴികളെടുത്ത് മേൽ മണ്ണം ജൈവവളവും ചേർത്ത് മൂടി കൂനകളാക്കാം. കൂനകൾ തമ്മിൽ 90 സെ.മീറ്റർ അകലം കൊടുക്കുന്നതാണ് നല്ലത്.
ഇങ്ങനെ തയ്യാറാക്കുന്ന കൂനകളിൽ പിള്ള കുഴിയെടുത്ത് കാച്ചിൽ വിത്ത് വെച്ച് അല്പം മണ്ണിട്ട് ഉറപ്പിച്ച ശേഷം ചാണകപ്പൊടിയോ കബോസ്റ്റോ 1.5-2 കി.ഗ്രാം വീതം ഇട്ട് കൂനകൾ മൂടി നന്നായി പച്ചില കൊണ്ട് പുതയിട്ട് വെക്കണം, പുതയിടുന്നതിന് ഉണങ്ങിയ ജൈവവസ്തു ക്കളും ഉപയോഗിക്കാം
വിത്ത് സംഭരണം :
കാച്ചിൽ വള്ളികളിലെ ഇലകൾ കൊഴിഞ്ഞ് വള്ളികൾ ഉണങ്ങാൻ ആരംഭിക്കുമ്പോൾ തന്നെ വിത്തിനുള്ള കിഴങ്ങുകൾ കുഴിച്ചെടുക്കാം. ചേന വിത്ത് പുക കൊള്ളിക്കുന്നതു പോലെ കാച്ചിൽ വിത്തും പുക കൊള്ളിക്കുന്നത് നല്ലതാണ്. വിത്തിനായി ശേഖരിച്ച കാച്ചിൽ കുത്തി നിറുത്തി സൂക്ഷിക്കണം.
രോഗ വിമുക്തമായ നല്ല കാച്ചിൽ വിത്തുകളാണ് നടാൻ ഉപയോഗിക്കേണ്ടത്. കാച്ചിലിന്റെ ഏതു ഭാഗവും വിത്തിനായി ഉപയോഗിക്കാം. സാധാരണ 200-250 ഗ്രാം തൂക്കം വരുന്ന കഷ്ണങ്ങളാണ് നടാൻ ഉപയോഗിക്കുന്നത്.
മാർക്കറ്റിനാവശ്യം തൂക്കം കുറഞ്ഞ ചെറിയ കാച്ചിലുകളാണ്. അതിനായി ചെറിയ കഷണങ്ങളാക്കി നടുന്ന രീതിയുണ്ട്. ഇതിനായി 50-100 ഗ്രാം തൂക്കം വരുന്ന കഷണങ്ങൾ വിത്തിനായി എടുക്കാം.
വിത്തിനായി മുറിച്ച കാച്ചിൽ സ്യൂഡോമോണസ് ലായനിയിൽ മുക്കി വെച്ച് നടുന്നത് രോഗബാധയെ തടയും. ഇതിനായി 20 ഗ്രാം പച്ച ചാണകവും 20 ഗ്രാം സ്യൂഡോമോണസ് ബാക്‌ടീരിയ പൊടിയും ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി അതിൽ കാച്ചിൽ വിത്ത് 10 മിനുട്ടുനേരം മുക്കി വെച്ച് എടുത്ത് തണലിൽ വെച്ച് ഉണക്കി നടാനുപയോഗിക്കാം. ചാരവും ചാണകവും കലർന്ന കൊഴുപ്പിൽ മുക്കിയെടുത്തു നടുന്ന രീതിയും നിലവിലുണ്ട്.
Share your comments