വാഴ, മഞ്ഞൾ, ഇഞ്ചി മുതലായ വിളകളുടെ കുലത്തിൽ പെടുന്ന പൂച്ചെടികളാണ് ഹെലിക്കോണിയ. പരമ്പരാഗത ഇടവിളകളായ ഇവരുടെ ബന്ധുവായ ഹെലിക്കോണിയേസിയെ കുടുംബം വളരെ പെട്ടെന്ന് തെങ്ങിൻ തോപ്പുകളുടെ പ്രിയ ചങ്ങാതി ആയതിൽ അതിശയമില്ല.
ഇനം തിരഞ്ഞെടുക്കൽ
ഹെലിക്കോണിയയുടെ വളരെ കുറച്ചു ഇനങ്ങൾ മാത്രമേ വാണിജ്യ കൃഷിക്ക് യോജിച്ചതുള്ളു. ഇനം അനുസരിച്ചു സൂര്യപ്രകാശത്തിന്റെ ആവശ്യകത വ്യത്യസ്‌തമായതിനാൽ ഇനം തിരഞ്ഞെടുക്കൽ ഹെലിക്കോണിയ കൃഷിയുടെ വിജയത്തിന് വളരെ നിർണായകമാണ്, അവയിൽ തന്നെ തിരഞ്ഞെടുത്ത ഒരിനം കൃഷി ചെയ്യുന്നതാണ് ഉത്തമം.
വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ യോജിച്ച ഇനങ്ങൾ ആയ കവൗച്ചി, ജാക്വിനി, സൺറൈസ്, ഷി മുതലായ ഇനങ്ങൾ എല്ലാം തന്നെ തണൽ ആവശ്യമുള്ളതാണ്. ശാസ്ത്രീയമായ കൃഷിമുറകളിലൂടെ ഇവയെല്ലാം തെങ്ങിന്റെ ഇടവിള ആയി വളർത്താം.
ചുവപ്പു നിറത്തോടു കൂടിയ ഒരു മീറ്ററിൽ അധികം നീളം വരുന്ന പൂത്തണ്ടുകൾ ഉണ്ടാകുന്ന ഇനമാണ് ഐറിസ്. നമ്മുടെ കാലാവസ്ഥയിൽ ഏപ്രിൽ-മെയ് മാസങ്ങൾ ഒഴിച്ച് വർഷം മുഴുവൻ വിളവെടുപ്പ് ഈ ഇനത്തിൽ സാധ്യമാണ്. കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന പഠനത്തിൽ മുപ്പതു ശതമാനം സൂര്യപ്രകാശം ലഭിക്കുന്ന തെങ്ങിൻ തോപ്പുകൾക്കു യോജിച്ച ഇടവിളയായി ഐറിസ് ഹെലിക്കോണിയകൾ ശുപാർശ ചെയ്യുന്നു.
നടീൽ വസ്‌തു
മുപ്പെത്തിയ പൂക്കാത്ത തണ്ടുകൾ വേണം നടാനായി ഉപയോഗിക്കാൻ. മാതൃസസ്യത്തിന്റെ ചുവട്ടിൽ നിന്നും വരുന്ന ആരോഗ്യമുള്ള ചിനപ്പുകൾ വേരോടു കൂടിയെടുത്തു ഇലകൾ മുറിച്ചു മാറ്റിയതിന് ശേഷം നടാം.
വലുപ്പമേറിയ ചെടികൾ ഉണ്ടാകുന്ന സ്ട്രിക്റ്റ്, ബിഹായി, കരീബിയ തുടങ്ങിയ ഇനങ്ങളുടെ തണ്ടുകൾ (ഏകദേശം ഏഴുമാസം പ്രായവും പത്തു സെൻറ്റിമീറ്റർ കടവണ്ണവും ഉള്ള) ചുവട്ടിൽ നിന്നും പതിനഞ്ച് സെൻറ്റിമീറ്റർ പൊക്കത്തിൽ ചെരിച്ചു മുറിച്ചതിനു ശേഷം വേണം നടാൻ. നടീൽ വസ്‌തുക്കളുടെ വില ഇനം അനുസരിച്ചു വ്യത്യസ്‌തമാണ്. വാണിജ്യകൃഷിക്ക് യോജിച്ച ഇനങ്ങൾക്കു ചെടി ഒന്നിന് അൻപത് രൂപ മുതൽ വില വരും. കുറച്ചു തൈകൾ വാങ്ങി നട്ട് ഒരു വർഷം കൊണ്ട് വംശവർദ്ധനവ് നടത്തി കൃഷി വിപുലീകരിക്കുന്നതാണ് ഉത്തമം. ഹെലിക്കോണിയ കൃഷിയുടെ പ്രധാന ചിലവും ഇത് തന്നെയാണ്.
Share your comments