ആലപ്പുഴ പട്ടണത്തിൽ സ്ഥിര താമസക്കാരനായ ഹിമാലയ ബേക്കറി ഉടമ സുധീഷ് കുമാറും കുടുംബവും കഞ്ഞിക്കുഴിയിൽ നാലേക്കർ വസ്തു വാങ്ങിയത് പച്ചക്കറികളോടൊപ്പംവയന യില കൃഷിയും നടത്തുവാനായിരുന്നു.
ബേക്കറികളിൽ ഏറെ ആവശ്യമായ വയനയില കൃഷി കഞ്ഞിക്കുഴിയുടെ ചൊരിമണലിൽ ഉൽപ്പാദനവർദ്ധനവ് ഉണ്ടാകുമെന്ന ധാരണയിലാണ് ആരംഭിച്ചത്.
ബേക്കറി ഉൽപ്പന്നങ്ങൾക്ക് സ്വാദുവർദ്ധിപ്പിക്കുവാൻ വയനയില ഉപയോഗിക്കാറുണ്ട്. മദ്ധ്യതി രുവിതാംകൂറിലെ മഹാരുചികളുടെ ഭാഗമാണ് വയന ഇല .
ഇതിൽ ചുരുട്ടി പുഴുങ്ങിയ പല വിധ പലഹാരങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.തെക്കൻ ജില്ലകളിൽ നിന്നാണ് ഹിമാലയ ഗ്രൂപ്പ് ഇതിനാവശ്യമായ ഇലകൾ കൊണ്ടു വരുന്നത്.
ഈ സാഹചര്യത്തിലാണ് വയന ഇല കൃഷി ആരംഭിച്ചത്.സ്വന്തമായിവാങ്ങിയ സ്ഥലത്തെ ഒരിഞ്ചുപോലും വെറുതെയിടുവാൻ ഉടമ തയ്യാറായില്ല. വാഴയും കപ്പയും കാച്ചിലും ചേമ്പും വിവിധ ഇനം പച്ചക്കറികളും തുടങ്ങീ വൈവിദ്ധ്യമാർന്ന വിളകളാണ് കൃഷി ചെയ്തിട്ടുള്ളത്.
പറമ്പിനു നടുക്കുള്ള വലിയ കുളത്തിൽ കാരിയും വരാലും തിലോപ്പിയും വിളവെടുപ്പിനായെത്തിയിരിക്കുകയാണ്.വിഷുവിപണി ലക്ഷ്യം വച്ച് ആരംഭിക്കുന്ന കണി വെള്ളരി കൃഷിയുടെ ഉദ്ഘാടനം കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ്കുമാർ നിർവ്വഹിച്ചു. പഞ്ചായത്തു വികസന കാര്യ ചെയർ പേഴ്സൻ കെ. കമലമ്മ, കൃഷി അസിസ്‌റ്റന്റ് വി.റ്റി. സുരേഷ്, കർമ്മസേന കൺവീനർ ജി. ഉദയപ്പൻ, രാജേഷ് എന്നിവർ സംസാരിച്ചു.
Share your comments