അമ്പഴത്തിന്റെ എല്ലാ ഭാഗങ്ങൾക്കും ഔഷധ മൂല്യമുണ്ട്. അമ്പഴത്തിന്റെ കായ്കൾ, ഇല, തൊലി എന്നിവയ്ക്ക് പുരാതന വീട്ടുവൈദ്യ മുറകളിൽ ശ്രദ്ധേയമായ സ്ഥാനമുണ്ടായിരുന്നു. ഇതിന്റെ ഔഷധഗുണങ്ങളെപ്പറ്റി പ്രാചീന സംസ്കൃത ലിഖിതങ്ങളിലും ലോകമെമ്പാടുമുള്ള പരമ്പരാഗത ചികിത്സാ രീതികളിലും പ്രതിപാദിച്ചിട്ടുണ്ട്. അമ്പഴത്തിന്റെ പഴച്ചാർ പ്രമേഹം, വയറുകടി എന്നിവയ്ക്ക് ഉപയോഗിക്കുന്നു. പഴച്ചാർ തേനും ചേർത്ത് കഴിക്കുന്നത് മലബന്ധം കുറയ്ക്കുന്നതിനും സഹായിക്കും. ചുമ, പനി, ചൊറിച്ചിൽ, കൃമിശല്യം, ഉയർന്ന രക്തസമ്മർദ്ദം, വിളർച്ച, ദഹനക്കേടുകൾ എന്നിവയ്ക്കും അമ്പഴക്കാർ പരമ്പാരാഗതമായി ഉപയോഗിച്ചിരുന്നതായി കണ്ടുവരുന്നു.
അമ്പഴത്തിന്റെ കായ്കൾ മുടി വളരുന്നതിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ഉണക്കിപ്പൊടിച്ച അമ്പഴ കായ്കളും മൈലാഞ്ചിയും ചേർത്ത് മുടി കറുപ്പിക്കുന്നതിനും വായ്പ്പുണ്ണിന് എതിരെ അമ്പഴച്ചാർ ചേർത്ത വെള്ളം വായിൽ കൊള്ളുന്നതും ചിക്കൻ പോക്സ്, മീസിൽസ് എന്നിവ കൊണ്ടുണ്ടാകുന്ന ചൊറിച്ചിൽ മാറ്റുന്നതിന് അമ്പഴങ്ങ ഇട് തിളപ്പിച്ച വെള്ളമോ പഴച്ചാറ് ചേർത്ത വെള്ളമോ ഉപയോഗിച്ച് കുളിക്കുന്നതും നല്ലതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തീർന്നില്ല അമ്പഴത്തിന്റെ ഔഷധഗുണം. ഒരു രാത്രി അമ്പഴങ്ങ ഇട്ടുവെച്ച വെള്ളം ഒരു ഗ്ലാസിന് ഒരു ടീസ്പൂൺ തേൻ ചേർത്ത് രാവിലെ കഴിക്കുന്നത് ദുർമേദസ്സ് കുറയ്ക്കാൻ സഹായിക്കും. ആർത്തവകാല ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് അമ്പഴങ്ങ തിളപ്പിച്ചെടുത്ത പഴച്ചാർ തേൻ ചേർത്ത് കഴിക്കുന്നത് നല്ലാതാണ്. അമ്പഴങ്ങ അരച്ചെടുത്ത പഴക്കാമ്പിൽ മഞ്ഞളും എണ്ണയും ചേർത്ത് ദേഹത്ത് പുരട്ടുന്നത് ചർമ്മ സൗന്ദര്യത്തിന് ഗുണം ചെയ്യും. അമ്പഴച്ചാർ മുറിവുകളിൽ ആന്റിസെപ്റ്റിക്കായും രക്തസ്രാവം കുറയ്ക്കുവാനും സഹായിക്കും.
അമ്പഴത്തിന്റെ ഇലകളുടെയും കായ്കളുടെയും ചാർ ചെവി വേദനയ്ക്ക് ഉത്തമമാണ്. അമ്പഴത്തിന്റെ തൊലി വയറുവേദന, വാതം, സന്ധിവീക്കം, വയറുകടി തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നു. അമ്പഴത്തിന്റെ ഇലകളുടെയും കായ്കളുടെയും നീരിന് സൂക്ഷ്മാണുക്കളെയും ബാക്ടീരിയകളെയും പ്രതിരോധിക്കുവാനുള്ള ശേഷിയുമുണ്ട്. കരളിന്റെ ആരോഗ്യത്തിനും കരളിനുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കുവാനും അമ്പഴത്തിന് സാധിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
ഇതു കൂടാതെ അമ്പഴത്തിന്റെ തടി പായ്ക്കിങ്ങ് പെട്ടികൾ, പ്ലൈവുഡ്, തീപ്പെട്ടി നിർമാണം എന്നിവയ്ക്കും അമ്പഴത്തിന്റെ ഇല കാലിത്തീറ്റയായും പച്ചില വളമായും ഉപയോഗിക്കുന്നു. പക്ഷേ ഇത്രയേറെ ഗുണമേന്മകളുള്ള അമ്പഴം നമുക്കിന്നും പാഴ് വൃക്ഷമാണ്.
Share your comments