പാപ്പിലിയണേസി സസ്യകുടുംബത്തിൽപ്പെട്ട ഡോളിക്കോസ് ബൈ ഫ്ളോറസ് എന്ന ഔഷധസസ്യമാണ് മുതിര. ഇംഗ്ലീഷിൽ ഹോഴ്സ് ഗ്രാം എന്ന് അറിയപ്പെടുന്നു. പയറുവർഗത്തിൽപ്പെട്ട മുതിര വിത്തിൽ ആൽബുമിനോയിഡുകളും മാംസ്യാംശവും യൂറിയസ് എന്ന ഒരു എൻസൈം എന്നിവയാണ് ഔഷധവീര്യത്തിനാധാരമായ പ്രധാന ഘടകങ്ങൾ. കൂടാതെ സ്നേഹാംശവും ഫോസ്ഫോറിക് ആസിഡും ചേരുവയായിട്ടുണ്ട്. മൂത്രാശയരോഗങ്ങളുടെ ചികിൽസയുമായി ബന്ധപ്പെടുത്തിയാണ് മുതിരയെ ആയുർവേദശാസ്ത്രം "അശ്മരി ഭേദനീയം' എന്ന് വിശേഷിപ്പിക്കുന്നത്.
മണ്ണും കാലാവസ്ഥയും
ഉഷ്ണമേഖലാകാലാവസ്ഥ ഇഷ്ടപ്പെടുന്ന മുതിര 20°C-40ºC അന്തരീക്ഷ ഊഷ്മാവിൽ നന്നായി വളരും. വെള്ളക്കെട്ട് ഒഴിവാക്കി കൃഷി നടത്തുക. ജലവിതാനം ഉയർന്നാൽ വിളനാശം ഉറപ്പ്. വേനൽ അതിജീവിക്കാൻ ശേഷിയുണ്ട്. മണ്ണിലുള്ള നേരിയ നനവുകൊണ്ട് ഈ വിള വളരും. സൂര്യപ്രകാശം വളർച്ചയ്ക്കും കായ്ഫലത്തിനും അത്യന്താപേക്ഷിതമാണ്. എല്ലാത്തരം മണ്ണിലും കൃഷിചെയ്യാം. പശിമരാശിമണ്ണ് വിളയ്ക്ക് പ്രിയങ്കരമാണ്. മുന്തിയ വിളവ് ലഭിക്കുന്നതും ഇത്തരം മണ്ണിലാണ്.
വിത്തും വിതയും
വിത്തുവിതച്ചാണ് വംശവർധന. അങ്കുരണശേഷി ആറു മാസത്തിനുശേഷം നേർ പകുതിയായി കുറയും. ഒരു മാസം വരെ 90% അങ്കുരണ ശേഷി ലഭിക്കും. പ്രധാന കൃഷിക്കാലം സെപ്റ്റംബർ-ഒക്ടോബർ മാസമാണ്. വിത്ത് നേരിട്ടു വിതച്ചാണ് കൃഷി നടത്തുക.
നിലമൊരുക്കൽ - അടിസ്ഥാന വളം
ചുരുങ്ങിയത് 20 സെ.മീ. ആഴത്തിൽ കിളച്ച് ഒരു മീറ്റർ വീതിയിൽ ആവശ്യാനുസരണം നീളത്തിൽ ഉയർന്ന താവരണകൾ തയാറാക്കുക. താവരണകളിൽ ഒരു സെന്റ് ഭൂമിയിൽ 100 കിലോ എന്ന കണക്കിൽ അഴുകി ഉണങ്ങിപ്പൊടിഞ്ഞ ചാണകപ്പൊടി വിതറി തടം നിരത്തുക. ഒപ്പം 10 കിലോ എല്ലുപൊടിയും ചേർക്കുക.
വിതയും പരിചരണങ്ങളും
വിത്ത് വിതറി വിതയ്ക്കാം. വിതയാണെങ്കിൽ ചെടികൾ തമ്മിലുള്ള അകലം 20-25 സെ.മീറ്റർ എന്ന തോതിൽ ചെടികൾ പറിച്ചുമാറ്റി ക്രമീകരിക്കുക. ഈ പരിചരണം 20 ദിവസത്തിനുള്ളിൽ നടത്തുക.
ഇടയിളക്കൽ
സെന്റൊന്നിന് 10 കിലോ ചാരം മേൽവളപ്രയോഗം എന്നിവ നടത്തിയാൽ കളയുടെ വിത കഴിഞ്ഞ് 40 ദിവസംവരെ നിയന്ത്രിക്കണം. അതിനുശേഷം കളകളുടെ ശല്യം വിളവ് കുറയാൻ കാരണമാകാറില്ല. കടുത്ത ഉണക്ക് അനുഭവപ്പെട്ടാൽ പുഷ്പിക്കുന്ന അവസരത്തിലും കായ്ക്കൊള്ളുന്ന സമയത്തും മണ്ണിന് നനവ് കൂടിയേ കഴിയൂ. നനവ് കുറഞ്ഞാൽ വിളനാശം ഉറപ്പ്.
വിതറി വിതയ്ക്കുന്നതിനു പകരം 25 സെ.മീറ്റർ അകലം ക്രമീകരിച്ച് നുരിയിടുന്ന സംമ്പ്രദായവും ഉണ്ട്. തടം തയാറാക്കുന്നതും മറ്റു പരിചരണങ്ങളും നേരത്തേതു പോലെ തന്നെ.
വിളവെടുപ്പ്
കായ്കൾ മൂത്തു തുടങ്ങിയാൽ ചെടി പിഴുത് ചെറിയ കെട്ടുകളാക്കി കായ്ഭാഗം ഉണങ്ങിയശേഷം കമ്പുകൊണ്ട് തല്ലി പൊഴിച്ചെടുക്കാം. വേര് മുറിച്ചുമാറ്റി ഉണക്കി സൂക്ഷിക്കാം.
Share your comments