ചെടിച്ചട്ടിയിൽ കുരുമുളക് വളർത്തി ഒരു അലങ്കാരവസ്‌തുവായി വീടിനു മുമ്പിൽ സംരക്ഷിക്കുന്നതിൽ കൗതുകം കണ്ടെത്തുന്നവർ അനവധിയാണ്. അലങ്കാരം എന്നതിലുപരി വീട്ടാവശ്യത്തിനുള്ള കുരുമുളക് സ്വന്തം വീട്ടുമുറ്റത്ത് വളർത്തുന്ന കുരുമുളകുചെടികളിൽ നിന്നും പറിച്ചെടുക്കാമെന്ന സംതൃപ്‌തിയും ഇതിന് പിന്നിലുണ്ട് .
കുരുമുളകു ചെടിയിൽ പ്രധാന വള്ളിയുടെ വശത്തേക്ക് വളരുന്ന പാർശ്വശിഖരങ്ങളിലാണ് തിരിയുണ്ടാകുക. ഒരു വർഷം പ്രായമുള്ള പാർശ്വശിഖരങ്ങൾ 3-5 മുട്ടുകളുള്ള തണ്ടുകളായി മുറിച്ച് മാർച്ച്- ഏപ്രിൽ മാസം പോട്ടിങ് മിശ്രിതം നിറച്ച പോളിത്തീൻ കൂടുകളിൽ നടണം. നടുന്നതിനു മുമ്പ് ഏറ്റവും മുകളിലുള്ള ഒരില ഒഴിച്ച് ബാക്കിയുള്ള ഇലകളുടെ തണ്ട് നിർത്തിയിട്ട് നുള്ളിക്കളയണം.
ഇൻഡോർ ബ്യൂട്ടറിക് ആസിഡിൻ്റെ (ഐ.ബി.എ) 1000 പി.പി.എം ലായനിയിൽ 45 സെക്കന്റ് നേരം മുക്കിയതിന് ശേഷമാണ് വേരു പിടിക്കാനായി കൂടകളിൽ നടുന്നത്. 20 ശതമാനത്തിൽ താഴെ മാത്രമേ വേരു പിടിക്കുന്നുള്ളു. വേരു പിടിച്ച തണ്ടുകൾ 3 മുതൽ 5 എണ്ണം വരെ ഒരു ചട്ടിയിൽ നടാം.
10 ഗ്രാം 17.17.17 കോംപ്ലക്‌സ് വളം ഒരു ലിറ്റർ വെള്ളം എന്ന തോതിൽ കലക്കി ആഴ്‌ചയിലൊരിക്കൽ ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നതു പ്രയോജനകരമാണ്. കൂടാതെ ഒരു ടീ സ്‌പൂൺ പൊടിച്ച നിലക്കടലപ്പിണ്ണാക്കോ 2 ടീ സ്‌പൂൺ പൊടിച്ച വേപ്പിൻ പിണ്ണാക്കോ രണ്ടു മാസത്തിലൊരിക്കൽ കൊടുക്കുന്നത് വേണ്ടത്ര നൈട്രജൻ ലഭിക്കാൻ സഹായിക്കും. നീളമുള്ള വള്ളികൾ മുറിച്ചു മാറ്റി കൊടി ഒരു കുറ്റിച്ചെടിയായി നിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. രണ്ടു വർഷം കൂടുമ്പോൾ ചട്ടി മാറ്റുകയും വേണം.
Share your comments