വാഴക്കുല(banana bunch) യഥാർത്ഥത്തിൽ വാഴയുടെ പൂവ്(inflorescence) ആണ്. വാഴയുടെ പൂവ് പുറത്ത് വരുമ്പോൾ വാഴയ്ക്ക് കുടം വന്നു അല്ലെങ്കിൽ വാഴ കുലച്ചു എന്ന് പറയുന്നു. ഇംഗ്ലീഷിൽ bunched എന്ന് പറയും. കുലയിൽ ആദ്യം വിരിയുന്നത് പെൺപൂക്കൾ ആണ്. അത് കായ് ആകാൻ പരാഗണം നടക്കേണ്ട കാര്യമില്ല. അല്ലാതെ തന്നെ പൂവിന്റെ അണ്ഡാശയം മാംസളമായ കായ് ആകും. അതിനെ Parthenocarpy എന്ന് പറയും.
ഈ പെൺപൂക്കൾ തന്നെ ആണ് കായ്കൾ അഥവാ പടലകൾ. വാഴയുടെ ജനിതക ശക്തിയെയും നമ്മളുടെ പരിപാലനത്തെയും ആശ്രയിച്ചിരിക്കും പടലകളുടെ എണ്ണവും പടലയിലെ കായ്കളുടെ എണ്ണവും. അവസാന പടല ആകുമ്പോഴേക്കും ആണും പെണ്ണും അല്ലാത്ത ചില കായ്കൾ കാണാം. 'മാന്നിക്കായ്' എന്ന് തെക്കൻ കേരളത്തിൽ പറയും.
പാലക്കാട് പടലകൾക്കു ചീർപ്പ് എന്നാണ് പറയുക.
പടലകൾ എല്ലാം വിരിഞ്ഞാൽ പിന്നെ 'കാശിനും കർമത്തിനും കൊള്ളാത്ത' എന്ന് പറയാൻ വരട്ടെ, ആൺപൂക്കൾ വിരിയാൻ തുടങ്ങും. വാഴപ്പഴത്തിന് കുരു (വിത്ത് )ഉണ്ടാകാത്തതിനാൽ ആൺപൂവിനു പ്രസക്തി ഇല്ല. അവ വിരിയുന്നു, കൊഴിയുന്നു.
കൂമ്പൊടിക്കാതെ നിർത്തിയാൽ (if banana bunch not broken)
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ
ഇനി പിടിത്തം വിടാതെ ആൺപൂക്കൾ കുലയിൽ തന്നെ നിന്നാൽ അതും പണിയാണ്. കാരണം ആ പൂവിന്റെ ദളങ്ങളിൽ പൂപ്പേൻ വളരും. അത് കായ്കളിൽ കറുത്ത കുത്തുകൾ ഉണ്ടാക്കി അവയുടെ ഗ്ലാമർ കുറയ്ക്കും.
ആയതിനാൽ, അവസാന പടല (ചീർപ്പ് ) വിരിഞ്ഞാൽ ഉടൻ തന്നെ ആൺപൂക്കൾ നിറഞ്ഞു നിൽക്കുന്ന കൂമ്പ് (കുടപ്പൻ, മാണി )പൊട്ടിച്ചു കളയണം.
കൂമ്പൊടിക്കാതെ നിർത്തിയാൽ അത് നീണ്ടു പൂക്കൾ വിരിഞ്ഞു തീരുന്നത് വരെ വളരും. നീണ്ടു വളർന്ന തണ്ട് അവസാന പടലയുടെ ഭാഗം വച്ചു പൊട്ടിച്ചു, തൂക്കി നോക്കണം. അത്രയും തൂക്കം ഉണ്ടാക്കാൻ എടുത്ത വളങ്ങൾ മുഴുവൻ കായ്കളിലേക്കു പോകേണ്ടതായിരുന്നു എന്ന് ചുരുക്കം. ചുരുങ്ങിയത് ഒരു കിലോ തൂക്കം വഴക്കുലയ്ക്ക് നഷ്ടമായിട്ടുണ്ടാകും. ഒരു കിലോ നേന്ത്രക്കായുടെ മൂല്യം ഒരു ഡോളർ. അപ്പോൾ ആയിരം വാഴ വച്ച കർഷകന് ആ ഒരു കാര്യം കൊണ്ട് നഷ്ടമാകുന്നത് ആയിരം ഡോളർ.
കടപ്പാട്:
പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷിഭവൻ
Share your comments