കോളനി സ്വന്തമാക്കിയതിന് ശേഷം ഒന്ന് രണ്ട് മാസം പഞ്ചസാര ലായനി കൊടുത്തും കൂട് വൃത്തിയാക്കിയും തേനീച്ചകളെ നന്നായി പരിചരിച്ചാൽ ഈച്ചകൾ കൂടു മുഴുവൻ നിറഞ്ഞ് സെറ്റ് പിരിഞ്ഞ് പോവാതിരിക്കാൻ വേണ്ടി പിരിച്ച് (പകർത്തി) ഒന്നിൽ കൂടുതൽ കോളനികളുണ്ടാക്കാം.
കൂടുതലായുള്ള റാണിയടക്കമുള്ള കോളനികൾ ആവശ്യക്കാർക്ക് കൊടുക്കാം. തേനീച്ച വളർത്തുവാൻ താൽപര്യമുള്ള ആളുകൾക്ക് ആവശ്യമായ പരിശീലനം കൊടുത്ത് കോളനികൾ സെറ്റ് ചെയ്ത് കൊടുക്കുന്ന ബീ നേഴ്സറികളും ഇപ്പോൾ നമ്മുടെ നാട്ടിൽ പല സ്ഥലങ്ങളിലും തുടങ്ങിയിട്ടുണ്ട്.
സീസണനുസരിച്ച് സ്റ്റാന്റടക്കം ആയിരം രൂപ മുതൽ രണ്ടായിരം രൂപ വരെ കോളനി ഒന്നിന് വില കിട്ടാം. രണ്ടായി പിരിച്ച കോളനികളിലെ റാണിയില്ലാത്ത കോളനിയിൽ പുതിയ റാണിയുണ്ടാകും. റാണി ആണീച്ചയുമായി ഇണചേർന്ന് മുട്ടകളിടാനും തുടങ്ങും.
മഴയെല്ലാം നിന്നു പൂവെല്ലാം ധാരാളമുണ്ടാവാൻ തുടങ്ങിയാൽ കോളനിയിൽ ഈച്ചകൾ പെരുകി കൂട് നിറയും. ഈ വിധം ഈച്ചകൾ ധാരാളമുണ്ടായാൽ വീണ്ടും കോളനികൾ രണ്ടായി പിരിച്ച് കൂടിന്റെ എണ്ണം കൂട്ടാൻ ശ്രമിച്ചില്ലെങ്കിൽ കോളനികളിൽ പുതിയ റാണി സെല്ലുണ്ടാക്കി വലിയ ശതമാനം ഈച്ചകൾ പറന്ന് പോവും .
തേൻ സീസണായാൽ തേൻ കൂടുതൽ ലഭിക്കുന്നതിന് വേണ്ടി കൂട്ടിൽ ധാരാളം ഈച്ചകൾ ആവശ്യവുമാണ്. പഞ്ചസാര ലായനി കൊടുത്ത് കൂടുതലായുണ്ടാക്കിയ ഈച്ചകൾ പറന്ന് പോകാനും ഇടയാവരുത്.
ഇതിന് പരിഹാരമായി തേൻ കാലത്തിന് തൊട്ട് മുമ്പുള്ള ഒന്ന് രണ്ട് മാസങ്ങളിൽ എല്ലാ 6 - 7 ദിവസം കൂടുമ്പോഴും ബ്രൂഡ് ചേംബറിലെ ചട്ടങ്ങൾ എടുത്ത് നോക്കി റാണിസെല്ല് ഉണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. റാണിസെല്ല് കൂടുതലായുള്ള റാണിയടക്കമുള്ള കോളനികൾ ആവശ്യക്കാർക്ക് കൊടുക്കാം.
Share your comments