കുരുമുളകു വള്ളികളിൽ തറനിരപ്പിൽ നിന്നും നാലോ അഞ്ചോ അടി ഉയരം വരെ പാർശ്വ ശിഖരങ്ങൾ അഥവാ കണ്ണിത്തലകൾ തീരെ ഇല്ലാതിരിക്കുകയോ, വിരളമായി മാത്രം ഉണ്ടാവുകയോ ചെയ്യാറുണ്ട്. തന്മൂലം അത്തരം ഭാഗങ്ങളിൽ നിന്നും വിളവ് ലഭിക്കുകയില്ല. അതിന് വള്ളി നട്ട് 9-10 മുട്ട് വളർന്നാൽ, നില നിരപ്പിൽ നിന്നും 15 സെ.മീ. ഉയരത്തിൽ വെച്ച് തല മുറിക്കണം.
വീണ്ടും ഇവയിൽ നിന്നും തളിർപ്പുകളുണ്ടായി പത്തു മുട്ടോളം വളർന്നാൽ ആദ്യം മുറിച്ച സ്ഥലത്തു നിന്നും മൂന്നു മുട്ടുകൾ മുകളിൽ വെച്ച് വീണ്ടും മുറിക്കുക. ആവശ്യമായ ഉയരത്തിൽ എത്തുന്നതു വരെ ഈ പ്രക്രിയ തുടരണം. അങ്ങനെ ചെയ്താൽ ധാരാളം കണ്ണിത്തല വളർന്നു കിട്ടും. വിളവും അതിന് അനുസരിച്ച് വർദ്ധിക്കും.
ഇങ്ങനെ കൂഴപ്ലാവിൽ വളർത്തിയ കൊടിയിൽ ധാരാളം കണ്ണി തലകൾ ഉണ്ടായതിനാൽ ഹെക്ടറിന് ടൺ കണക്കിന് ഉണക്ക കുരുമുളകാണ് കിട്ടിയത്. കൂഴപ്ലാവിന്റെ പ്രതലമാണ് കുരുമുളക് വള്ളികൾക്കു പിടിച്ചു കയറാൻ അനുയോജ്യമായ സ്ഥലം. ധാരാളം കണ്ണി തലകൾ ഉണ്ടെങ്കിൽ കൂഴ പ്ലാവിൽ ഇരട്ടി വിളവ് ലഭിക്കും.
വരിക്കപ്ലാവിനും കൂഴപ്ലാവിന്റെ സമാനമായ ശേഷിയുണ്ടെങ്കിലും വരിക്കപ്ലാവിന്റെ താഴെത്തട്ടിൽ തുടങ്ങുന്ന ചെറിയ ശാഖകൾ കുരുമുളക് വള്ളിയുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നു എന്നതാണ് ഒരു കാരണമായി ഗവേഷകർ കണ്ടെത്തിയത്.
എന്നാൽ ഉയരത്തിൽ വളരുന്നതിനാൽ കൂഴപ്ലാവിന് നീളമുള്ള തടി കിട്ടും. അത് കുരുമുളക് വള്ളിക്കു പടർന്നു കയറാനുള്ള അവസരം ഒരുക്കും എന്നതും പഠനത്തിൽ കണ്ടെത്തിയിരുന്നു. കുരുമുളക് വള്ളി സാധാരണയായി മുരിക്കിലാണ് നാട്ടിൻപുറങ്ങളിൽ വളർത്താറുള്ളത്.
Share your comments