സമുദ്രനിരപ്പിൽ നിന്നും 1500 അടി വരെ ഉയര മുള്ള നിത്യഹരിത മലനിരകളിൽ വളരുന്ന വൃക്ഷമാണ് ഇലപൊങ്ങ്. Hopea glabra എന്നറിയപ്പെടുന്ന ഇതിന് പ്രാദേശികമായി പുഴപൊങ്ങ്, കരിംപൊങ്ങ്, നായ്തമ്പകം, കൊങ്ങ്, ഇരുമ്പകം തുടങ്ങിയ പേരുകളുമുണ്ട്.
50 അടി വരെ ഉയരം വെക്കുന്ന ഈ നിത്യഹരിത മരത്തിന്റെ പുറം തൊലിക്ക് തവിട്ട് നിറവും അവിടിവിടെ വിള്ളലുമുണ്ടായിരിക്കും. തൊലിയിൽ വെള്ള നിറത്തിലുള്ള പശയുണ്ടാവും. തടി നല്ല ഉറപ്പുള്ളതാണ്. ഏപ്രിൽ മാസത്തോടു കൂടി പുഷ്പിക്കുന്ന പൂക്കൾക്ക് ഇളം മഞ്ഞ നിറമാണ്. ഫലങ്ങളിൽ 2 ചുവന്ന ചിറകുകൾ വിത്ത് വിതരണത്തെ സഹായിക്കുന്നു. ഇലകൾക്ക് ലെൻസിന്റെ ആകൃതിയും നല്ല മിനുസമുള്ളതുമാണ്. 3 x 1 ഇഞ്ച് വലിപ്പവുമുണ്ട്.
കേരളത്തിൽ കണ്ണൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ നിത്യഹരിത വനങ്ങളിലാണ് ഉള്ളത്. തമിഴ്നാട്, കർണ്ണാടക സമാന വനങ്ങളിലും കണ്ടു വരുന്നുണ്ട്.
നല്ല ഉറപ്പുള്ള തടികൾ ഫർണീച്ചർ പണികൾക്കായി കൂടുതൽ വെട്ടിയതിനാൽ വംശനാശ ഭീഷണി നേരിടുന്നു. ഇത് പരിഹരിക്കുവാൻ വൻതോതിൽ വിത്തുകൾ പാകി തൈകൾ വച്ചു പിടിപ്പിക്കണം.
Share your comments