ഇളനീർ ഒരു മധുര പാനീയമായി മാത്രമല്ല ഒരു ഔഷധ പാനീയമായും ജനങ്ങൾ സ്വീകരിക്കുന്നുണ്ട്. അതു കൊണ്ടു തന്നെയാണ് ഇളനീരിന്റെ മൂല്യം അടിക്കടി വർദ്ധിച്ചു വരുന്നതും. ശുദ്ധമായ ഒരു പാനീയത്തിൻ്റെ പ്രകൃത്യായുള്ള സൂക്ഷിപ്പാണ് ഇളം കായ്ക്കള്ളിലെ പിഞ്ചു ചിരട്ടയ്ക്കുള്ളിലുള്ളത്.
സാധാരണ ഗതിയിൽ 250-300 മില്ലി ലിറ്റർ അളവിൽ കരിക്കിൻ വെള്ളമുണ്ടാകണം. നല്ല സംരക്ഷണത്തിൽ വളരുന്ന ഇളം തെങ്ങുകളിൽ നിന്നെടുക്കുന്ന കരിക്കിനാണ് യഥാർത്ഥ ഗുണം ഉണ്ടാകുന്നത്. ദാഹമകറ്റാൻ മാത്രമല്ല ക്ഷീണമകറ്റാനും ഇളനീർ ഉത്തമം. ശരീരഭാരം കുറയ്ക്കാനും, രോഗപ്രതിരോധത്തിനും, ഇളനീർ സഹായിക്കും. പൊട്ടാസ്യത്തിൻ്റെ കുറവ് പരിഹരിക്കും. ആൻ്റി ഓക്സിഡന്റായി പ്രവർത്തിക്കും.
ഹൃദയാരോഗ്യം സംരക്ഷിക്കും, ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കും. മധുരമുണ്ടെങ്കിലും പഞ്ചസാരയുടെ അളവ് വിവിധ പഴങ്ങളെ അപേക്ഷിച്ച് കുറവാണ്.
മണ്ഡരി കരിക്കിനു ഭീഷണി
മുൻകാലങ്ങളിൽ നാടൻ കരിക്കുകളോടായിരുന്നു ഏവർക്കും പ്രിയം. എന്നാൽ ഇന്ന് മണ്ഡരി ബാധിച്ച നാടൻ കരിക്ക് പുറംതൊണ്ട് നിറം മങ്ങിയും വലുപ്പം കുറഞ്ഞും ആകർഷകത്വം നഷ്ടപ്പെടുന്നു. മണ്ഡരി ആക്രമണം രൂക്ഷമാകുന്നതോടെ കരിക്കും തേങ്ങയും കർഷകരിൽ നിന്നും വാങ്ങാനാളില്ലാത്ത അവസ്ഥയുണ്ട്.
അധികമൊന്നും മൂക്കാൻ കാത്തിരിക്കാതെ വിളവെടുത്തു കച്ചവടക്കാർക്കു നൽകുന്ന തെങ്ങുടമകളുണ്ട്. പുറമെ നിന്നും കരിക്കു ലഭിക്കാതെ വരുമ്പോൾ മണ്ഡരി ബാധിച്ച കരിക്കുകളാവും ശരണം. എങ്ങനെയും തൻ്റെ കരിക്കു വിൽക്കാൻ നോക്കുന്ന കച്ചവടക്കാരൻ കരിലുക്കിൻ്റെ മുഖ ഭാഗം മൂർച്ചയുള്ള കത്തികൊണ്ട് ചെത്തി മിനുസപ്പെടുത്തുന്നതിന് ഇടയിൽ പറയും 'സാറെ, പുറമെയുള്ളൂ മണ്ഡരിയുടെ പാട്. അകത്ത് പ്രശ്‌നമില്ല.
Share your comments