ഔഷധഗുണങ്ങളിൽ മുന്നിലാണെങ്കിലും, കൂടിയ അളവിൽ കാന്താരി മുളക് കഴിക്കുന്നത് ചില ആരോഗ്യ പ്രശ്‌നങ്ങൾ/ അസ്വസ്ഥതകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. കാന്താരി മുളകിന്റെ അമിതോപയോഗം ചർമത്തിൽ ചുവപ്പ്, തടിപ്പ്, നീറ്റൽ, പുകച്ചിൽ, അലർജി, വായിൽ പുകച്ചിൽ എന്നിവയ്ക്ക് കാരണമാകുന്നു. അൾസർ, അസിഡിറ്റി,കിഡ്‌നി-ലിവർ സംബന്ധമായ രോഗങ്ങൾ എന്നിവ ഉള്ളവർക്ക് കാന്താരിമുളകിന്റെ ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാം. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും കാന്താരി മുളകിന്റെ അമിതോപയോഗം ഒഴിവാക്കുന്നത് നന്നായിരിക്കും.
വിളവെടുത്ത കാന്താരിമുളക് അതേരീതിയിൽ അധിക കാലം സൂക്ഷിച്ചുവയ്ക്കാൻ സാധിക്കുകയില്ല. എന്നാൽ അവ സംസ്‌കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റിയാൽ ഏറെക്കാലം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യാം. കാന്താരിമുളകിൻ്റെ സൂക്ഷിപ്പു കാലാവധി കൂട്ടുന്നതിനായി ചില ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതിനുള്ള രീതികൾ നോക്കാം.
കാന്താരിമുളക് ഉപ്പിലിട്ടത്
കാന്താരിമുളക് ഞെട്ടുകളഞ്ഞോ അല്ലാതെയോ നന്നായി കഴുകി വൃത്തിയാക്കി ജലാംശം കളഞ്ഞു വയ്ക്കുക. കഴുകി വൃത്തിയാക്കി ഉണക്കിയ ഗ്ലാസ് ജാറിൽ തുല്യ അളവിൽ തിളപ്പിച്ചാറിയ വെള്ളവും വിനാഗിരിയും ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി കാന്താരി മുളക് ഇട്ടു അടച്ചുവയ്ക്കുക.
കാന്താരിമുളക്- വെളുത്തുള്ളി അച്ചാർ
100 ഗ്രാം കാന്താരിമുളക് നന്നായി കഴുകി ജലാംശം മാറ്റിവയ്ക്കുക. ചുവടു കട്ടിയുള്ള പാത്രത്തിൽ ആവശ്യത്തിനു നല്ലെണ്ണ ഒഴിച്ചു ചൂടാക്കി അതിൽ അല്പ്‌പം കടുക്, ഉലുവ എന്നിവ ഇട്ടു പൊട്ടിച്ചതിനു ശേഷം, ഒരു കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും 100 ഗ്രാം വെളുത്തുള്ളിയും (തൊലി കളഞ്ഞ് രണ്ടായി പിളർന്നത്) ചേർത്ത് വഴറ്റിയെടുക്കുക. ശേഷം കാന്താരിമുളക് കൂടി ചേർത്ത് വഴറ്റുക.
കാന്താരിമുളക് എണ്ണയിൽ കിടന്നു പാകമായി കഴിഞ്ഞാൽ ഒരല്‌പം കായംപൊടി, ആവശ്യത്തിനു ഉപ്പ്, വിനാഗിരി എന്നിവ ചേർത്തിളക്കിയാൽ കാന്താരിമുളക് - വെളുത്തുള്ളി അച്ചാർ തയ്യാറാകും. കാന്താരി മുളകിന് എരിവുള്ളതിനാൽ മുളകുപൊടി ചേർക്കണമെന്ന് നിർബന്ധമില്ല. ആവശ്യമാണെങ്കിൽ മാത്രം ചേർക്കാം.
കാന്താരി മുളക് തേനിലിട്ടത്
കാന്താരിമുളക് നന്നായി കഴുകി ആവി കയറ്റി ഉണക്കിയതിനു ശേഷം, വൃത്തിയുള്ള ഒരു ഗ്ലാസ് ജാറിൽ തേനിലിട്ടു അടച്ചുവയ്ക്കുക. കാന്താരി മുളക് മുങ്ങി കിടക്കത്തക്ക വിധം തേൻ ഒഴിക്കണം. രണ്ടോ മൂന്നോ ആഴ്ച്ചകൾക്ക് ശേഷം ഉപയോഗിച്ചുതുടങ്ങാം.
കാന്താരിമുളക് പൊടി
കറികളും മറ്റും തയ്യാറാക്കുന്നതിനായി കാന്താരിമുളക് പൊടി ഉപയോഗിക്കാവുന്നതാണ്. കാന്താരിമുളക് കഴുകി വൃത്തിയാക്കി,തിളച്ച വെള്ളത്തിൽ ഇട്ടു കോരിയെടുത്തതിനു ശേഷം വെയിലത്തോ ഡ്രയറുകളിലോ വച്ച് നന്നായി ഉണക്കിയെടുക്കണം. ഇപ്രകാരം ഉണക്കിയെടുത്ത കാന്താരി മുളക് ഒരു മിക്‌സി ഉപയോഗിച്ച് പൊടിച്ചെടുക്കാം.
Share your comments