മുളം കുറ്റിയിൽ പുട്ടുപുഴുങ്ങിയെടുക്കുമ്പോൾ അതിന് സ്വാദേറും. അലൂമിനിയവും സ്റ്റീലുമൊക്കെ കൊണ്ടുള്ള പുട്ടു കുറ്റിയാകുമ്പോൾ സ്വാഭാവികമായും അതിൻ്റെ അംശവും, ഗന്ധവുമൊക്കെ ഈ പലഹാരത്തിനുണ്ടാകുക തന്നെ ചെയ്യും. മുളയാകുമ്പോൾ യാതൊരുവിധ പ്രതിപ്രവർത്തനമോ ലോഹ അവക്ഷിപ്തമോ പലഹാരത്തിനുണ്ടാകുന്നില്ല. മാത്രമല്ല പുല്ലുവർഗ്ഗത്തിൽപ്പെട്ട മുളയുടെ നൈസർഗ്ഗികമായ ഗുണസവിശേഷതകൾ കാണുകയും ചെയ്യും.
എല്ലാത്തരം മുളയും പുട്ടുകുറ്റിക്ക് പറ്റിയതല്ല. നന്നായി വിളഞ്ഞു മൂപ്പെത്തിയ കല്ലൻമുളയാണ് അഭികാമ്യം. മുറ്റിയ മുളയുടെ ഉയരം വച്ച ഭാഗമാണ് ഇതിനായെടുക്കുക. പാകത്തിന് നീളത്തിൽ മുള മുറിച്ചെടുത്ത് എണ്ണപുരട്ടി പുട്ടുകുറ്റി മയക്കുക എന്നൊരു സമ്പ്രദായവും നിലനിന്നിരുന്നു. ഓടോ, പിത്തളയോ ചെമ്പോ, മണ്ണോ കൊണ്ടുള്ള പുട്ടുകുടത്തിൻ്റെ വായ്‌വട്ടം കണക്കാക്കി പുട്ടുകുറ്റിയിൽ കയർവരിയും പുട്ടുകുറ്റി കുടത്തിൽ ഉറച്ചിരിക്കാനാണിത്. പുട്ടുകുറ്റിയുടെ ഏറ്റവും ചുവടെ അരിപ്പൊടി താഴേയ്ക്കു വീഴാതെ തടഞ്ഞു നിൽക്കുന്നതിനും കുറ്റിക്കുള്ളിലേക്ക് ആവി കടക്കുന്നതിനും പാകത്തിൽ ഒരു ചില്ല്വയ്ക്കുന്നു.
ചിരട്ട പുട്ടുകുറ്റിയുടെ വ്യാസം കണക്കാക്കി വൃത്താകാരത്തിൽ മുറിച്ചെടുത്ത് അതിന് മധ്യത്തായി വായു പ്രവാഹത്തിനായി ഒരു ദ്വാരവുമുണ്ടാക്കിയാൽ മേല്‌പറഞ്ഞ ചില്ല് ആയി.
ഇവിടെ നമുക്ക് പൊതുവേ കാണുവാൻ കഴിയുന്ന പ്രത്യേകതയുണ്ട്. ഭക്ഷണ കാര്യത്തിലും ഭക്ഷണം തയാറാക്കുന്ന ഉപകരണത്തിൻ്റെ കാര്യത്തിലും മറ്റും പ്രകൃതിയുമായി സമരസപ്പെട്ടു കൊണ്ടുള്ള സമീപനം പൂർവികമായി നമുക്കുണ്ടായിരുന്നു. ഓടോ, പിത്തളയോ, ചെമ്പോ ഉപയോഗിച്ചുണ്ടാക്കുന്ന പുട്ടുകുടം, മുളന്തണ്ടു കൊണ്ടുള്ള പുട്ടുകുറ്റി, പുട്ടുകുറ്റി ഉറപ്പിക്കുന്നതിനായി കയറു കൊണ്ടു വരിച്ചിൽ, ചിരട്ട കൊണ്ടുള്ള ചില്ല്, ചുവന്ന അരിയുള്ള നെല്ല് ഉരലിൽ ഇടിച്ച് തയാറാക്കുന്ന അരിപ്പൊടി അങ്ങനെ എല്ലാ രീതിയിലുമുള്ള പ്രകൃതിയുടെ സ്വാഭാവിക തനിമയാണ് നമുക്കിതിലൂടെ സ്വായത്തമാക്കുന്നത്. ഈ രീതിയിൽ തയാറാക്കുന്ന ഭക്ഷണം കഴിക്കുന്നതു തന്നെ ആരോഗ്യദായകമായിരുന്നു.
Share your comments