ചെടികളുടെ അനിയന്ത്രിതമായി വളരുന്ന ശിഖരങ്ങളും, ഇലകളും, പൂക്കളും മുറിച്ചു മാറ്റി അനുയോജ്യമായ രീതിയിലും ആകൃതിയിലും വളരാൻ ശീലിപ്പിക്കുന്ന പ്രവർത്തനത്തെയാണ് പ്രൂണിങ്ങെന്നും ട്രെയിനിങ്ങെന്നും പറയുന്നത്. അഭികാമ്യമല്ലാത്ത ഭാഗങ്ങൾ ഈ രണ്ടു പ്രക്രിയയിലും മുറിച്ചു മാറ്റുന്നുണ്ട്. എങ്കിലും ട്രെയിനിങും പ്രൂണിങും തമ്മിൽ ചില വ്യത്യാസങ്ങലുണ്ട്
ട്രെയിനിങ്ങും പ്രൂണിങ്ങും
1. ചെടിക്ക് ശരിയായ ആകൃതി ഉണ്ടാകുന്നതിന്.
2. രോഗം ബാധിച്ചതും ഉണങ്ങിയതുമായ ശിഖരങ്ങൾ മാറ്റിക്കളയുന്നതിന്.
3. ഉൽപ്പാദനമില്ലാത്തതും തടസമുണ്ടാക്കുന്നതുമായ ശിഖരങ്ങൾ മാറ്റുന്നതിന്.
4. വേണ്ടത്ര വായുസഞ്ചാരവും സൂര്യപ്രകാശവും ലഭിക്കുന്നതിന്.
5. ചെടിയുടെ ഉയരം നിയന്ത്രിക്കുന്നതിന്.
6. ഗുണനിലവാരമുള്ള പഴങ്ങൾ ഉണ്ടാക്കുന്നതിന്.
7. കൃത്യമായി വിളവ് ലഭിക്കുന്നതിന്.
8. ഉൽപ്പാദനത്തിന് ആവശ്യമായ സ്ഥലങ്ങളിൽ ഊർജം എത്തിക്കുന്നതിന്
9. ചെടിക്ക് അഭിലഷണീയമായ ഒരു ചട്ടക്കൂട് ഉണ്ടാക്കുന്നതിന്.
ട്രെയിനിങ്ങിന്റെ പ്രധാന ലക്ഷ്യം ചെടിക്ക് പ്രത്യേക രൂപവും ആകൃതിയും ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ്. അതിനായി ചില ശിഖരങ്ങൾ മുറിച്ചു മാറ്റേണ്ടിവരും. മറ്റു ചിലത് പ്രത്യേക ദിശയിലേക്ക് നിയന്ത്രിച്ച് വളർത്തേണ്ടി വരും.
ചെടിക്ക് ഒരു ചട്ടക്കൂട് ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതൊക്കെ ചെയ്യുന്നത്. ട്രെയിനിങ് കൂടുതലും വളർച്ചയുടെ ആദ്യ കാലങ്ങളിലാണ് നടത്തുന്നത്.
പ്രൂണിങ് പഴച്ചെടികളിലാണ് പ്രധാനമായും ചെയ്യുന്നത്. ഗുണനിലവാരവും ഉൽപ്പാദനവും കൂട്ടുകയാണ് പ്രധാന ലക്ഷ്യം. കായിക വളർച്ച അധികമായാൽ അത് ഉൽപ്പാദനത്തെ ബാധിക്കും. അതിനാൽ കായിക വളർച്ച നിയന്ത്രിക്കുന്നതിനു വേണ്ടിയും പ്രൂണിങ് ചെയ്യാറുണ്ട്. കായിക വളർച്ചയും ഉൽപ്പാദനവും തമ്മിൽ ഒരു സന്തുലിതാവസ്ഥ എപ്പോഴും ആവശ്യമാണ്. സാധാരണയായി ഉൽപ്പാദനം തുടങ്ങിയ ശേഷമോ അതിന് തൊട്ടു മുമ്പോ ആണ് പ്രൂണിങ് ചെയ്യുന്നത്. മുന്തിരി പോലുള്ള പഴച്ചെടികൾ പൂക്കുകയും കായ്ക്കുകയും ചെയ്യണമെങ്കിൽ പ്രൂണിങ് അത്യാവശ്യമാണ്. ഇല കൊഴിയുന്ന പഴ വർഗവിളകൾക്ക് കൃത്യമായ പ്രൂണിങ് ചെയ്യേണ്ടി വരും.
Share your comments