ഒരു വിള അതിന് അനുയോജ്യമായ പ്രദേശത്തു വേണം കൃഷി ചെയ്യേണ്ടത്. സൂര്യപ്രകാശം, താപനില, മഴ, കാറ്റ് (ഗതിയും വേഗവും), മണ്ണിന്റെ സ്വഭാവം എന്നിവ വിത്തിൻ്റെ ഗുണത്തെ സാരമായി ബാധിക്കും. ഉഷ്ണമേഖലാപ്രദേശത്ത് വളരുന്ന ചെടികൾ ഹ്രസ്വദിന സസ്യങ്ങളാണ്. അതുപോലെ ശീതമേഖലാപ്രദേശങ്ങളിൽ വളരുന്ന ചെടികൾ ദീർഘദിന സസ്യങ്ങളും. അതായത് ഇവയ്ക്ക് പുഷ്‌പിക്കുന്നതിനുവേണ്ട സൂര്യപ്രകാശ ദൈർഘ്യം വ്യത്യസ്‌തമായിരിക്കും എന്നർഥം.
അന്തരീക്ഷ താപനിലയിലെ വർധന ചിലപ്പോൾ പൂമ്പൊടി ഉണങ്ങുന്നതിന് കാരണമാകുന്നു. ഇത്തരം പൂമ്പൊടി മുഖാന്തിരം പരാഗണം നടന്നുണ്ടാകുന്ന വിത്തുകൾ ചുളുങ്ങിയതും ആകൃതി വ്യത്യാസമുള്ളതും ഗുണമേൻമ കുറഞ്ഞതുമായിരിക്കും. കൂടാതെ ചെടികൾ വേഗം പുഷ്‌പിച്ച് കായ്കൾ പിടിക്കുന്നതിനാൽ കായ്‌കൾക്ക് ഗുണമേൻമ കുറഞ്ഞിരിക്കും. അതു പോലെ വിളയുടെ വളർച്ചാദശയിൽ മഴ കൂടുതലുണ്ടെങ്കിൽ പുഷ്പിക്കാനും കായ്‌പിടിക്കാനും കാലതാമസം ഉണ്ടാകുന്നു.
തേനീച്ചകൾ വഴി പൂക്കളിൽ പരപരാഗണം സുഗമമായി നടക്കുന്ന തിന് 24°Cനും 38°C നും മധ്യേയുള്ള താപനിലയാണ് അഭികാമ്യം.
വിളവെടുപ്പുസമയത്തെ മഴ മൂലം വിളവെടുപ്പ് വൈകുമെന്നു മാത്രമല്ല, ചെടിയിൽ നിൽക്കുമ്പോൾ തന്നെ വിത്തു മുളയ്ക്കുന്നതിന് ഇടയാകുന്നു. അതിനാൽ വിത്തിന്റെ ഗുണമേൻമ കുറയുന്നു.
മണ്ണ് നീർവാർച്ചയുള്ളതും ഫലഭൂയിഷ്‌ഠവും രോഗകീടങ്ങളിൽ നിന്നും മുക്തമായിരിക്കേണ്ടതുമാണ്.
Share your comments