സോളാർ സെല്ലുകളും മേൽപ്പറഞ്ഞതു പോലെ സീരീസിലും പാരലൽ ആയും പരസ്‌പരം ബന്ധിപ്പിച്ചാണ് ഉപയോഗിക്കുന്നത്. നമുക്കാവശ്യമായ വോൾട്ടേജും കറണ്ടും ലഭ്യമാക്കുന്നതിനായി പല തരത്തിലും അവ ബന്ധിപ്പിക്കേണ്ടി വരും. സാധാരണ പകൽ വെളിച്ചത്തിൽ ഒരു നിശ്ചിത അളവ് വിദ്യുച്ഛക്തി ലഭ്യമാകുന്ന തരത്തിൽ ക്രമീകരിക്കപ്പെട്ട സെല്ലുകളുടെ ഒരു കൂട്ടത്തെയാണ് 'മൊഡ്യൂൾ' എന്നു പറയുന്നത്.
കാർഷികരംഗത്ത് സോളാർ വൈദ്യുതി ഉപയോഗിക്കാൻ കഴിയുന്ന നിരവധി ഉപകരണ ങ്ങളുണ്ട്. സൗര വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പമ്പ് സെറ്റുകളും വൈദ്യുത വേലിയും മറ്റും വളരെ മുമ്പ് തന്നെ പ്രചാരത്തിലുണ്ടല്ലോ? സ്പ്രേയറുകൾ തുടങ്ങി ബ്രഷ് കട്ടറുകളും ചെറിയ ട്രോളികൾ വരെയും ഇന്ന് ബാറ്ററിയിൽ പ്രവർത്തിക്കുന്നവ ഉപയോഗിക്കാനാവുമെന്നതിനാൽ കൃഷി സ്ഥലത്ത് തന്നെയുള്ള അക്ഷയോർജ്ജോത്പാദനത്തിനു സാധ്യത കൂടുന്നുണ്ട്.
വരും കാലങ്ങളിൽ കൂടുതൽ കാർഷികോപകരണങ്ങൾ വൈദ്യുതോർജ്ജത്തിലേക്ക് മാറാനാണ് സാധ്യത. രാജ്യത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യമായ സമ്പൂർണ്ണ 'കാർബൺ ന്യൂട്രൽ' എന്ന പദവി 2070 ൽ നേടണമെങ്കിൽ കൃഷിയിലെ ഊർജ്ജോപയോഗവും അതിനനുസരിച്ചു ക്രമപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യയിലെ ചില നിർമ്മാതാക്കളെങ്കിലും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ട്രാക്ടറുകൾ സമീപ ഭാവിയിൽ ലഭ്യമാക്കുമെന്നു പ്രതീക്ഷിക്കുന്നുണ്ട്.
Share your comments