ആദ്യമായി നീരാവിയോ കൃത്രിമതാപമോ മുറികളിൽ നിറച്ച് മുറികക്കത്തെ ചൂടും ട്രേകളിൽ നിറച്ച കംപോസ്റ്റിന്റെ ചൂടും കൂട്ടുന്നു. തുടർന്ന് ശുദ്ധവായു കടത്തി വിടുന്നു. ഈ ഘട്ടത്തിൽ കംപോസ്റ്റിന്റെ താപനില 52 മുതൽ 60 ഡിഗ്രി സെൽഷ്യസ് ആയിരിക്കണം. മുറിക്കുള്ളിൽ ചൂടും ഈർപ്പവും കലർന്നുള്ള നീരാവി യഥേഷ്ടം നിറഞ്ഞുനിൽക്കാൻ അനുവദിക്കുക. ഓക്സിജന്റെ അളവ് 15-20 ശതമാനമായിരിക്കണം. ഇപ്രകാരം തുടർച്ചയായി നീരാവിയും ഓക്സിജനും മുറിക്കുള്ളിൽ നില നിർത്തുന്നതിന് വായു കടക്കാത്ത സംവിധാനം ഉള്ള മുറികളായിരിക്കണം തിരഞ്ഞെടുക്കേണ്ടത്.
കംപോസ്റ്റ് നിറച്ച ട്രേകൾ ഈ മുറികളിലേക്ക് മാറ്റുക. ആവശ്യാനു സരണം വായു സഞ്ചാരം ലഭിക്കും വിധം ട്രേകൾ അടുക്കുക. വാതിലുകളും ജനലുകളും അടച്ച് കംപോസ്റ്റിന്റെ ചൂട് 52-54 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തുവാൻ വേണ്ടി നീരാവി കടത്തിവിടുക. ഇതേ ചൂട് 2-4 ദിവസത്തോളം നിലനിർത്തണം. അതിനു ശേഷം താപനില വീണ്ടും 58 ഡിഗ്രി മുതൽ 60 ഡിഗ്രി വരെ ക്രമീകരിച്ച് 4 മണിക്കൂർ നിലനിർത്തുക.
പിന്നീട് ക്രമേണ വാതിലുകൾ തുറന്ന് ശുദ്ധ വായു കടത്തിവിട്ട് കംപോസ്റ്റിന്റെ താപനില 52-54 ഡിഗ്രി വരെയായി ക്രമീ കരിച്ചു കൊണ്ടുവരിക. ഈ സമയം കൊണ്ട് കംപോസ്റ്റിലെ അമോണിയ അപ്രത്യക്ഷമാകുന്നു. താപനില വീണ്ടും കുറച്ച് 24 ഡിഗ്രി ആക്കുക. ഇതോടു കൂടി കംപോസ്റ്റ് കൂൺ വിത്ത് വിതയ്ക്കാൻ പാകത്തിലാകുന്നു.
കംപോസ്റ്റിലെ താപനിലയുടെ ക്രമീകരണത്തിന് ശുദ്ധവായുസഞ്ചാരം രണ്ടാംഘട്ടത്തിൽ വളരെ ആവശ്യമാണ്. ഈ ഘട്ടത്തിൽ അമോണിയയുടെ ഗന്ധം 60-70 മണിക്കൂർ നീണ്ടു നിന്നാൽ കൂടുതലായി നൈട്രജൻ ചേർക്കുകയോ തെറ്റായ രീതിയിൽ കംപോസ്റ്റ് ഉണ്ടാക്കിയിരിക്കുന്നതായി അനുമാനിക്കുകയോ ചെയ്യാം.
പ്രാണികൾ, കീടങ്ങൾ എന്നിവയെ നശിപ്പിക്കുന്നതിനു വേണ്ടി ചില അവസരങ്ങളിൽ വീണ്ടും കംപോസ്റ്റിന്റെ താപനില 55-60 ഡിഗ്രി വരെ ഉയർത്തേണ്ടി വരും. ഈ പ്രക്രിയ രണ്ടാം ഘട്ടത്തിന്റെ അവസാനം നടത്തി കംപോസ്റ്റിന്റെ താപനില 25 ഡിഗ്രി സെൽഷ്യസ് ആയി കുറച്ചിട്ട് വിത്തു നടാം.
Share your comments