 
    ചേർത്തല : കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഇസ്രായേലിലേക്ക് കൃഷി പഠിക്കാൻ പോയ കർഷകർ അവിടത്തെ നൂതന കൃഷിരീതികൾ കേരളത്തിൽ യാഥാർത്ഥ്യമാക്കുന്നു. കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ ഇസ്രയേൽ സന്ദർശിച്ച 27 അംഗ സംഘത്തിലുണ്ടായിരുന്ന യുവ കർഷകൻ സുജിത്താണ് ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ അർത്തുങ്കലിലെ കൃഷിയിടത്തിലാണ് ഇസ്രയേലിലെ നൂതന കൃഷിരീതികൾ അവലംബിച്ച് കൃഷിയിറക്കുന്നത്. ഒരേക്കർ വരുന്ന കൃഷിയിടത്തിൽ വിവിധയിനങ്ങളിലായി 1000 ടിഷ്യുകൾച്ചർ വാഴകളാണ് സുജിത്ത് കൃഷി ചെയ്യുന്നത്. കൃഷിമന്ത്രി പി.പ്രസാദ് നടീൽ ഉദ്ഘാടനം ചെയ്തു.
ഇസ്രയേൽ സന്ദർശിച്ച 27 കർഷകരും, അവർ മനസ്സിലാക്കിയ കൃഷിരീതികൾ ആദ്യഘട്ടത്തിൽ സ്വന്തം കൃഷിയിടത്തിലും, ശേഷം മറ്റുള്ളവരുടെ കൃഷിയിടത്തിലും നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. അതിൻ്റെ തുടക്കമാണ് സുജിത്തിൻ്റെ കൃഷിയിടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം നൂറുകണക്കിന് കൃഷിയിടങ്ങൾ കേരളത്തിൽ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
വെള്ളത്തിൻ്റെയും വളത്തിൻ്റെയും ഉപയോഗം പരിമിതപ്പെടുത്തി, ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ, ചിലവ് കുറച്ച് കൂടുതൽ വിളവും വരുമാനവും ലഭിക്കുന്ന തരത്തിലുള്ള ഇസ്രയേലിലെ നൂതന കൃഷിരീതി നടപ്പിലാക്കുന്നതോടെ കേരളത്തിൻ്റെ കാർഷികരംഗത്ത് പുത്തനുണർവ് ഉണ്ടാകുമെന്നും മന്ത്രി പ്രത്യാശിച്ചു.
ഇസ്രയേൽ കൃഷിരീതികൾ പ്രകാരം കാറ്റിനേയും കീടങ്ങളേയും ചെറുക്കുവാൻ ഷീറ്റുകൾ കൊണ്ട് കൃഷിയിടത്തിന് സംരക്ഷണമൊരുക്കിയും, വളരെ ചെറിയ അകലത്തിൽ മൂന്ന് വാഴത്തൈകൾ വരെ നട്ടുമാണ് സുജിത്ത് കൃഷിയിറക്കുന്നത്. മാത്രമല്ല ഈ വാഴ കൂട്ടങ്ങൾ തമ്മിൽ 2 മീറ്റർ അകലമാണ് നൽകിയിരിക്കുന്നത് ഇവിടെയാണ് പചക്കറി വിളകളായ വെള്ളരി ,മത്തൻ ,കുമ്പളം ,തുടങ്ങിയവ ഇടവിളയായി നട്ടിട്ടുണ്ട് .
കൂടാതെ തീരദേശപ്രദേശത്തോട് വളരെച്ചേർന്ന് കിടക്കുന്ന വളക്കൂറ് വളരെ കുറവുള്ള ചൊരിമണൽ പ്രദേശം യന്ത്രസഹായത്തോടെ കൃഷിക്കായി ഒരുക്കി, കോഴിവളം ,ഉണക്ക ചാണകം ,കമ്പോസ്റ്റ് ,ഉമിക്കരി എന്നിവയാണ് അടിവളമായി നൽകിയിട്ടുള്ളത്. ടൈമറിൻ്റേയും സെൻസറിൻ്റേയും സഹായത്തോടെ കൃത്യതാ കൃഷിരീതിയിലൂടെ വെള്ളവും, വളവും കൃത്യമായ അളവിൽ തൈകളുടെ ചുവട്ടിൽ ലഭ്യമാക്കാനുള്ള സംവിധാനങ്ങളോക്കെ സുജിത്ത് കൃഷിയിടത്തിൽ ഒരുക്കിയിട്ടുണ്ട്.
ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിനിമോൾ സാംസൺ ,വൈസ് പ്രസിഡൻ്റ് നിബു എസ് പത്മം ,പ്രിൻസിപ്പൽ കൃഷി ഓഫീസർ സിബി ടി നീണ്ടിശ്ശേരി, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ റെജി ജി വി ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത ഓ പി ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ ജയറാണി ജീവൻ ,സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ദുർഗ ദാസ്, സി.ഡി.എസ് ചെയർപേഴ്സൺ ജയറാണി ആലീസ് വിജയൻ രാഷട്രീയ പാർട്ടി പ്രതിനിധികളായ കെ.പി മോഹനൻ ,സന്തോഷ് ,ഗ്രാമ പഞ്ചായത്ത് മെമ്പർമാർ ,കൃഷി അസിസ്റ്റൻ്റ് സുനിൽ കുമാർ കെ എം എന്നിവർ പങ്കെടുത്തു .
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments