നമ്മുടെ നാട്ടിൽ വളരെ സുലഭമായി കാണുന്ന വിളയാണ് ചക്ക. ഇനിയങ്ങോട്ട് ചക്കയുടെ കാലമാണ്. അതിനാൽ തന്നെ വീടുകളിൽ ചക്ക കൊണ്ട് പല പല വിഭവങ്ങൾ പരീക്ഷിക്കുന്ന സമയം കൂടിയാണിത്. ചക്കയിലെ ചുള മാത്രമല്ല, ചക്കക്കുരിവും അതിന്റെ പുറംഭാഗവുമെല്ലാം നമ്മൾ ഭക്ഷണമാക്കി ഉപയോഗിക്കാറുണ്ട്.
ആരോഗ്യത്തിന് പല ഗുണങ്ങളേകുന്ന തരത്തിൽ ചക്കക്കുരുവിൽ പോഷകഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, വൈറ്റമിന്‍-ബി കോംപ്ലക്‌സ്, അയേണ്‍, കാത്സ്യം, കോപ്പര്‍, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക് തുടങ്ങി ശരീരത്തിന് പല ആവശ്യങ്ങള്‍ക്കായി വേണ്ടി വരുന്ന ഒരുപാട് ഘടകങ്ങളുടെ സ്രേതസ്സാണ് ചക്കക്കുരു. എന്നാൽ, ഇവയിൽ കൊഴുപ്പിന്റെ അളവില്ലെന്നതും മറ്റൊരു സവിശേഷതയാണ്.
ആരോഗ്യത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കുന്ന ചക്കക്കുരു നല്ല വളമാക്കി ഉപയോഗിക്കാനാകും. അതായത്, വഴുതന കൃഷി ചെയ്യുന്നവർക്ക് ചക്കക്കുരു കൊണ്ടുള്ള ഈ വിദ്യ പ്രയോജനപ്പെടും.
വിറ്റാമിൻ എ, നാരുകൾ എന്നിവ ധാരാളം അടങ്ങിയ പച്ചക്കറിയാണ് വഴുതന. മഴക്കാലത്തും മഞ്ഞുകാലത്തും വഴുതന കൃഷി ചെയ്യാൻ അനുയോജ്യമായ സമയമാണ്. വേനൽക്കാലത്ത് എന്നാൽ ഈ വിളയിൽ രോഗങ്ങളും കീടങ്ങളും കൂടുതലായി കാണുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഒരു പിടി ചോറ് മതി, കിടിലൻ ജൈവവളവും കീടനാശിനിയും റെഡി!
ജൈവാംശവും ആഴവും വളക്കൂറും നീർവാർച്ചയുമുള്ള മണ്ണാണ് വഴുതന കൃഷിക്ക് നല്ലത്. മണ്ണിൽ കുമ്മായം ചേർത്ത് പുളിരസം ക്രമപ്പെടുത്തണം.
നമ്മുടെ അടുക്കളത്തോട്ടത്തിൽ വിളയുന്ന ഒരു പ്രധാന വിള കൂടിയാണിത്. വളരെ എളുപ്പം കൃഷി ചെയ്യാവുന്ന വഴുതനയിൽ നന്നായി വിളവ് ഉണ്ടാകാൻ ചെയ്യാവുന്ന പൊടിക്കൈകൾക്കൊപ്പം ചക്കക്കുരു കൊണ്ടുള്ള ഈ വിദ്യയും പരിചയപ്പെടാം.
വഴുതന കൃഷിയും ചക്കക്കുരുവും (Brinjal Farming and Jackfruit Seeds)
കായ്ച്ചു തുടങ്ങിയാൽ പിന്നീട് രണ്ട് വർഷം വരെ വിളവെടുക്കാവുന്ന പച്ചക്കറിയാണ് വഴുതന. ജൈവകൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായ വിളവെന്നും പറയാം. ഇല കരിച്ചിൽ, കായ് ചീയൽ തുടങ്ങി വഴുതനയിൽ പല തരത്തിൽ രോഗങ്ങൾ ഉണ്ടാകാറുണ്ട്. ഇവയെ മറികടന്ന് വഴുതനയിൽ നിറയെ കായ്കൾ ഉണ്ടാകാൻ ചക്കക്കുരു തന്നെ ധാരാളം.
ചക്കക്കുരു വളമാക്കുന്ന രീതി (Making Jackfruit Seeds As Fertilizer For Brinjal)
ഇതിനായി കുറച്ച് ചക്കക്കുരു ചതച്ചെടുക്കുക. ശേഷം ഇത് വെള്ളത്തിൽ ഇട്ടുവയ്ക്കുക. എന്നാൽ, അടച്ചുവയ്ക്കേണ്ടതില്ല. കാരണം അടച്ചു വച്ചാൽ ദുർഗന്ധം ഉണ്ടാകും. ഇതിന് മൂന്ന് ദിവസത്തിന് ശേഷം ഈ ലായനി വഴുതനയുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാം.
വഴുതനയുടെ ചുവട്ടിൽ നിന്നും കുറച്ച് മണ്ണ് നീക്കിയ ശേഷമാണ് ഒഴിച്ച് കൊടുക്കേണ്ടത്. അതേ സമയം, അഴുകിയ ചക്കക്കുരു അരിച്ചു മാറ്റാതെ അതുപോലെ ചെടിയുടെ ചുവട്ടിൽ ഇട്ടു കൊടുക്കാനും ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്താൽ വഴുതനയിൽ നിന്ന് നല്ല വിളവ് ലഭിക്കും.
Share your comments