ജാംബു, ജംബു, ഫാരൻ എന്നൊക്കെ അറിയപ്പെടുന്ന നിത്യസ്ഥായിയായ ഓഷധിയാണിത്. അലിയം സ്ട്രാക്കിയെ എന്നാണ് ശാസ്ത്രനാമം. ഉള്ളിവർഗത്തിൽപ്പെട്ടവയാണ് ഇവ. സമുദ്രനിരപ്പിൽനിന്ന് 2300 മുതൽ 3000 വരെ മീറ്റർ ഉയരത്തിലാണ് ഇവ വളരുന്നത്. മിക്കവാറും കാട്ടിൽ നിന്ന് ശേഖരിക്കുന്നവയാണ്. ഈയിടെയായി ഉത്തരാഖണ്ഡിലെ ഉയർന്ന മലകളിൽ വളരെ ചെറിയ തോതിൽ കൃഷി ചെയ്യുന്നുണ്ട്.
ഇവയുടെ ഇലകൾ അല്ലെങ്കിൽ ഭൂമിക്കു മുകളിലുള്ള ഭാഗമത്രയും തണലിൽ ഉണക്കി സൂക്ഷിക്കുന്നു. ഒരിക്കൽ ഉണക്കിയെടുത്താൽ ഇവ മാസങ്ങളോളം സൂക്ഷിച്ചു വയ്ക്കുകയും ആവശ്യത്തിന് മാത്രം ഉപയോഗിക്കുകയും ചെയ്യുന്നു. ഉണങ്ങിയ ഇലകൾ സീസണിംഗിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഉത്തരാഖണ്ഡ്, നേപ്പാൾ, ടിബറ്റ് എന്നിവിടങ്ങളിൽ സൂപ്പ്, പരിപ്പ്, ടിബറ്റൻ വിഭവങ്ങൾ എന്നിവയ്ക്ക് രുചി പകരുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്. ഇവ ആസ്വാദ്യകരവും ഏതാണ്ട് ഉള്ളിയുടേതു പോലെ രുചിയുള്ളതുമാണ്.
ഭക്ഷ്യവസ്തുക്കൾക്ക് സവിശേഷമായ രുചി നൽകാനും ആരോഗ്യഗുണം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. ആഹാര വസ്തുക്കൾക്ക് ശക്തമായ സുഗന്ധം പകരുന്നതിനും കാഴ്ചയ്ക്ക് ഭംഗി നൽകുന്നതിനും ഇവയ്ക്കു കഴിയും. മായികമായ ശക്തിയുള്ളതെന്നു വിശ്വസിക്കപ്പെടുന്നതും ആരോഗ്യത്തിന് ഗുണകരവുമാണ് ജാംബു. കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും ഉപകരിക്കും.
ദഹനം വർദ്ധിപ്പിക്കുന്നതിനും പ്രമേഹമുള്ളവർക്ക് ഗുണകരവുമാണ്. മാസമുറയിലെ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും പ്രസവം എളുപ്പത്തിലാക്കുന്നതിനും സ്ത്രീകളിൽ മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. ത്വക്കിന്റെയും മുടിയുടെയും പ്രശ്നങ്ങൾക്ക് പരിഹാരമായും ഉപയോഗിക്കാറുണ്ട്. ഹിമാലയൻ മേഖലയിലെ ഉയർന്ന പ്രദേശത്തെ ആദിവാസികൾ ശേഖരിച്ച് താഴ്വാരങ്ങളിലെ പ്രാദേശിക വിപണികളിൽ വിറ്റഴിക്കുന്നു. ഇപ്പോൾ പല സർക്കാരിതര സംഘടനകളും സ്വയംസഹായ സംഘങ്ങളും ജാംബു വിവിധ വ്യാപാരനാമങ്ങളിൽ വിറ്റഴിക്കുന്നു
Share your comments