ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് മുല്ല നടീലിന് ഉത്തമം.
നടീലിനുള്ള സമയം
കമ്പുമുറിച്ചു നടുന്നത് വഴിയോ പതിവയ്ക്കൽ പ്രക്രിയ വഴിയോ മുല്ലയുടെ തൈകൾ ഉണ്ടാക്കാം. ഏകദേശം 20-25 സെ. മീ. നീളമുള്ളതും 3-4 കണ്ണുകൾ ഉള്ളതുമായ കമ്പുകളാണ് നടാനായി മുറിച്ചെടുക്കേണ്ടത്. മുറിച്ച കമ്പുകൾ വേരുമുളയ്ക്കാനുള്ള ഹോർമോണുകളായ സെറാഡെക്സ് -B അല്ലെങ്കിൽ IBA ലായനിയിൽ മുക്കിയശേഷം വേണം നടുവാൻ.
നടീലും വിളപരിചരണവും
ഏകദേശം 4-5 മാസത്തിനകം മുറിച്ചുനട്ട കമ്പുകൾ കൃഷി ചെയ്യാൻ പാകമാകും. കൃഷിസ്ഥലത്ത് ഒരു മീറ്റർ ആഴത്തിലെടുത്ത കുഴിയിൽ മേൽമണ്ണ്, ചാണകം, ജൈവവളം മുതലായവ ഇട്ടു മൂടി തൈകൾ വയ്ക്കാം. തൈകൾ തമ്മിൽ ഒരു മീറ്ററും വരികൾ തമ്മിൽ 1.5 മീറ്ററും അകലം ഉണ്ടാകണം. തൈ ഒന്നിന് വർഷത്തിൽ 15-30 കി.ഗ്രാം ചാണകം, 60-120 ഗ്രാം പാക്യജനകം, 120–240 ഗ്രാം ഭാവഹം, 120-240 ഗ്രാം ക്ഷാരം വർഷത്തിൽ 3-4 തവണകളായി നൽകണം. ചെടിയുടെ ശാഖകൾ മുറിച്ചുകളഞ്ഞ് ചെടിയെ കൂടുതൽ പടരാൻ അനുവദിക്കണം. കൂടുതൽ ശാഖകളുണ്ടാകുന്നതിനും അതുവഴി കൂടുതൽ പൂക്കൾ ലഭിക്കുന്നതിനും ഇതു സഹായിക്കും.
മുല്ലകൃഷിയെ പ്രധാനമായി ബാധിക്കുന്ന കീടമാണ് ബ്ലോസം മിഡ്ജ് അഥവാ പൂമൊട്ടിച്ച പൂമൊട്ടുകൾക്കകത്ത് കാണുന്ന ഇവയുടെ പുഴുക്കൾ മൊട്ടുകൾക്ക് കേടുവരുത്തുകയും, പൂമൊട്ടുകൾക്ക് നിറഭേദം വന്ന് അവ കൊഴിഞ്ഞുപോകുന്നതിന് ഇടവരുത്തുകയും ചെയ്യും. ഏതാണ്ട് 80% വരെ മൊട്ടുകൾ ഇങ്ങനെ കൊഴിഞ്ഞുപോകാം. പൂമൊട്ടിന് കേടുവരുത്തുന്ന മറ്റ് രണ്ട് തരം കീടങ്ങളാണ് ബഡ് വേം, ഗാലറി വേം എന്നിവ. ഇവയിൽ ആദ്യത്തേത് പൂമൊട്ടുകൾക്കുള്ളിലെ ഭാഗങ്ങൾ തിന്ന് തീർത്ത് പൂമൊട്ടിൽ ഉണ്ടാക്കുന്ന ഒരു ചെറുദ്വാരത്തിൽക്കൂടി പുറത്തുവന്ന് മറ്റുമൊട്ടുകളെ ആക്രമിക്കുന്നു.
ഗാലറി വേമിന്റെ പുഴുക്കൾ പൂമൊട്ടുകളും തളിരിലകളും കൂട്ടിച്ചുരുട്ടി അതിനകത്തിരുന്ന് ഇലകളും മൊട്ടുകളും തിന്ന് നശിപ്പിക്കുന്നു. മുല്ലയിലെ മറ്റൊരു കീടമായ ഇലചുരുട്ടിപ്പുഴു ഇലകൾ കൂട്ടിച്ചുരുട്ടി അതിനകത്തിരുന്ന് ഹരിതകം കാർന്നു തിന്നുന്നു. അതിനാൽ ഇലകളിൽ ഞര സുകൾ മാത്രം ബാക്കിയായി കാണപ്പെടുന്നു. മുല്ലകൃഷിയെ ബാധിക്കുന്നതായ ഇലപേനുകൾ, ചാഴി, വെള്ളീച്ച, മുഞ്ഞ എന്നിങ്ങനെ പല കീടങ്ങളുണ്ടെങ്കിലും അവകൊണ്ടുള്ള നാശം രൂക്ഷമാകാറില്ല.
മുല്ലയിലെ കീടങ്ങൾക്കെതിരെ ഒരു ചെടിക്ക് 40 ഗ്രാം കാർബോസൾഫാൻ 6% തരി മണ്ണിൽ ചേർത്ത് കൊടുക്കാം. ഇലതീനിപ്പുഴുക്കൾ കയറിയ ഇലച്ചുരുളുകൾ പറിച്ചെടുത്ത് തീയിലിട്ടു നശിപ്പിക്കുന്നത് ഫലപ്രദമാണ്. മുല്ലയുടെ തണ്ടിൽ തുരന്നുകയറി ശിഖരങ്ങൾ ഉണങ്ങിപ്പോകാൻ ഇടവരുത്തുന്ന തണ്ടുതുരപ്പൻ പുഴുവിനെതിരെ ജൂൺ-ഡിസംബർ കാലയളവിൽ ക്ലോർ പൈറിഫോസ് 20% കുഴമ്പു കൂട്ട് 2 മി.ലി. ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ചു കൊടുത്താൽ മതി.
വിളവെടുപ്പ്, സംസ്കരണം, വിപണനം
മുല്ലച്ചെടികളിൽ രണ്ടാം വർഷം മുതൽ പൂക്കൾ ഉണ്ടായി തുടങ്ങും. ഏപ്രിൽ-മെയ് മുതൽ നവംബർ മാസം വരെ പൂക്കൾ ഉണ്ടാകും. രാവിലെ പൂക്കൾ ശേഖരിക്കുന്നതാണ് നല്ലത്. കാരണം പൂക്കൾക്ക് ഏറ്റവുമധികം മണമുണ്ടാകുന്നത് രാവിലെയാണ്. മഴക്കാലത്തേക്കാൾ നല്ല പൂക്കൾ ലഭിക്കുന്നത് ചൂടും സൂര്യപ്രകാശവും കൂടുതലുള്ള കാലാവസ്ഥയിലാണ്. ഒരു ഏക്കർ സ്ഥലത്ത് നിന്നും പ്രതിവർഷം 300-400 കി.ഗ്രാം പൂവ് ലഭിക്കും. ഒരു കൃഷിത്തോട്ടത്തിൽ നിന്നും ഏകദേശം 10-15 വർഷം വിളവ് ലഭിക്കും.
Share your comments