ചെന്നൈയിലെ കോർപറേറ്റ് ഐടി കമ്പനിയിലെ ജോലിയിൽ നല്ല രീതിയിൽ 8 വർഷം പിന്നിടുമ്പോഴാണ് പാലക്കാട് മീനാക്ഷിപുരത്തെ ജ്ഞാനശരവണന്റെ ചിന്തകൾ കാടുകയറിയത്. അച്ഛനും അമ്മയും ജീവിക്കുന്ന, അച്ഛൻ മീനാക്ഷിപുരം മൂലത്തറ ഡാമിന് സമീപം രാമർപണ്ണയിൽ കൃഷിയിറക്കുന്ന 36 ഏക്കർ കൂട്ടു കൃഷിഭൂമിയിൽ കൃഷിയെ സ്നേഹിച്ചു ഇനിയങ്ങോട്ട് അവർക്കൊപ്പം ഒരു മുഴുനീളെ കർഷകൻ ആയി മാറിയാലോ എന്നതായിരുന്നു ഹ്യൂമൻ റിസോഴ്സിൽ മാസ്റ്റേഴ്സ് ബിരുദദാരിയുടെ അന്നത്തെ ആ വഴിമാറിയ ചിന്ത.
തന്റെ പുതിയ സ്വപ്നങ്ങളും അതിലേക്കുള്ള പ്ലാനുകളും ഭാര്യ കൃഷ്ണസുധയുമായി പങ്കുവച്ചു. അച്ഛൻ ജഗദീശൻ ഉണ്ടാക്കിയ കൃഷിയെ പൂർണ്ണമായും ആധുനികവൽക്കരിച്ചും പുതിയവ ഉൾപ്പെടുത്തിയും സമ്പൂർണ്ണ ജൈവ കൃഷിയാക്കിയുമുള്ള മനോഹരമായ സ്വപ്നങ്ങൾ പങ്കു വച്ചപ്പോൾ ഭാര്യ കൃഷ്ണസുധയ്ക്കും പൂർണ്ണ സമ്മതം. അങ്ങനെ ഐ ടി കമ്പനി ജോലി ഉപേക്ഷിച്ച് ഇരുവരും മുഴുനീളെ കർഷകരായി. തിരിഞ്ഞു നോക്കുമ്പോൾ ഇപ്പോൾ പൂർണ്ണ സംതൃപ്തി.
ശരവണന്റെ കൃഷിഭൂമിയ്ക്കും അതിലൂടെയുള്ള വരുമാനത്തിനും പുറമെ അംഗീകാരങ്ങൾ ഒന്നിനു പിറകെ ഒന്നൊന്നായി മീനാക്ഷിപുരത്തെ വീട്ടിലേക്ക് എത്താൻ തുടങ്ങി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അവാർഡ് മുതൽ ഈയിടെ പ്രഖ്യാപിച്ച സരോജിനി - ദാമോദരൻ ഫൗണ്ടേഷന്റെ രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ഉപഹാരവും അടങ്ങുന്ന അക്ഷയശ്രീ പുരസ്കാരം വരെ 25 ഓളം അവാർഡുകളും ആദരവുകളും ആണ് ഇവിടെ എത്തിയിട്ടുള്ളത്. സരോജിനി ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന അക്ഷയശ്രീ 2021 പാലക്കാട് ജില്ലാ അവാർഡും ഇവിടെയെത്തി. 2019 ലെ മികച്ച കർഷകനുള്ള സംസ്ഥാന സർക്കാർ അവാർഡ്, കേര കേസരി അവാർഡ്, തമിഴ്നാട് സർക്കാർ ജൈവകൃഷി അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്ക്കാരങ്ങൾ നേടി.
ദീശൻ ഫാമിലൂടെ കൃഷി ചെയ്തു പഠിക്കാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുന്നു. പൊള്ളാച്ചിയിലെ നല്ലമുത്തു ഗൗണ്ടർ മഹാലിംഗം ആർട്സ് കോളേജുമായി സഹകരിച്ച് ചെയ്യുന്ന ആഡ്-ഓൺ കോഴ്സ് ആണ് ഉണർവു ഭാരതം. 3 മാസത്തെ ജൈവ കൃഷി പരിശീലന സർട്ടിഫിക്കറ്റ് കോഴ്സാണിത്. മൂന്ന് മാസം അവർ ഫാമിന്റെ ഭാഗമായുണ്ടാകും. കോഴ്സ് പൂർത്തിയാകുമ്പോൾ സർട്ടിഫിക്കറ്റും നൽകും. സ്കൂൾ-കോളജ് വിദ്യാർത്ഥികൾക്കായി കൃഷി ക്ലാസുകളും കേരളത്തിലെ കർഷകർക്കായി ശിൽപശാലകളും ഇവിടെ നടക്കുന്നു.
ആധുനിക കൃഷി രീതികൾ നേരിട്ട് കണ്ട് പഠിക്കാൻ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന്റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇസ്രായേൽ സന്ദർശിച്ച കർഷക സംഘത്തിൽ ജ്ഞാനശരവണനും ഉണ്ടായിരുന്നു. ദീശൻ ഫാമിൽ നേരത്തെതന്നെ ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെലവ് കുറച്ച് കൂടുതൽ വിളവും വരുമാനവും ലഭിക്കുന്ന തരത്തിൽ നടപ്പാക്കിയ പലതും ഇസ്രായേലിൽ നേരിൽ കാണാൻ കഴിഞ്ഞത് ജ്ഞാനശരവണന് ആത്മ വിശ്വാസം ഉയർത്തി. കൂട്ടായി കൃഷി ഇറക്കുന്നത് ആണ് ഇസ്രായേലിലെ പ്രധാന കൃഷി രീതി. പുതുതായി മനസ്സിലാക്കിയ കൃഷിരീതികൾ ആദ്യഘട്ടത്തിൽ സ്വന്തം കൃഷിയിടത്തിലും, ശേഷം മറ്റുള്ളവരുടെ കൃഷിയിടത്തിലും നടപ്പാക്കാനുള്ള കൂട്ടായ്മ ഒരുക്കാനുള്ള പ്രയത്നത്തിൽ കൂടിയാണ് ജ്ഞാനശരവണൻ ഇപ്പോൾ.
Phone: 9962688000
Share your comments