ഒട്ടു മിക്ക വീടുകളിലും സാധാരണ കണ്ടു വരുന്ന ഒരു ഔഷധസസ്യമാണ് കച്ചോലം. കച്ചൂരി എന്ന പേരിലും അറിയപ്പെടും . ഇഞ്ചിയും മഞ്ഞളും പോലെ ഇന്ന് കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഒരു സുഗന്ധ വ്യജ്ഞനം കൂടിയാണ് കച്ചോലം. നിലത്ത് പറ്റി വളരുന്നതും ഇഞ്ചി വർഗ്ഗത്തിൽ പെടുന്ന ഒരു സസ്യം കൂടിയാണ് ഇത്. മണ്ണിനടിയിൽ ധാരാളം കിഴങ്ങുകൾ ഔഷധച്ചെടി ഉത്പാദിപ്പിക്കും. വംശനാശഭീക്ഷണി നേരിടുന്ന ഒരു സസ്യം കൂടിയാണ് കച്ചോലം.
വളക്കൂറുള്ള ഏതു മണ്ണിലും കച്ചോലം നന്നായി വളരും. ഈ ചെടിക്ക് മറ്റു പല ചെടികളുമായി സാദൃശ്യമുള്ളതിനാൽ തെറ്റിദ്ധരിച്ചു കച്ചോലമെന്ന രീതിയിൽ മറ്റു ചെടികൾ ഉപയോഗിക്കുന്നു. കച്ചോലത്തിന്റെ ഇലയ്ക്കും കിഴങ്ങിനും നല്ല രൂക്ഷ ഗന്ധമുണ്ട്. ചർമ്മരോഗങ്ങൾ ബോൺകൈറ്റിസ്,ചുമ ആസ്തമ തുടങ്ങിയ രോഗങ്ങൾക്ക് ഒരു ഉത്തമ ഔഷധമാണ് കച്ചോലം. ദശമൂലാരിഷ്ടം, അഗസ്ത്യരസായനം വലിയ രാസ്നാദി കഷായം തുടങ്ങിയവയിലെ ചേരുവയാണ് കച്ചോലം ഇതിന്റെ ഇലയും കിഴങ്ങും ഔഷധത്തിനായി ഉപയോഗിക്കുന്നു.
കുഷ്ഠരോഗം, തൊണ്ട രോഗങ്ങൾ, വായ്നാറ്റം, ഉദര രോഗങ്ങൾ തുടങ്ങി ഒട്ടേറെ രോഗങ്ങൾക്ക് ആയുർവ്വേദ ഔഷധങ്ങളിൽ ആവശ്യമുള്ള കിഴങ്ങു വിള ഇനമാണ് കച്ചോലം.വട്ടത്തിൽ മാംസളമായതും നിലത്തു പതിഞ്ഞു വളരുന്ന ചെടിയാണ്. എല്ലാ ഭാഗത്തും നല്ല വാസനയുള്ള തൈലമുള്ളതിനാൽ മികച്ച ഗന്ധമുണ്ട്. ഇഞ്ചിയുടെ കൃഷിരീതി തന്നെയാണ് കച്ചോല കൃഷി.
തെങ്ങിൻ തോപ്പിൽ നന്നായി കൃഷി ചെയ്യാം. കാലവർഷാരംഭത്തോടു കൂടി സ്ഥലം വൃത്തിയായി ഉഴുത് പാഴ് വസ്തുക്കൾ നീക്കം ചെയ്യാം. കാലിവളം നന്നായി അടിവളമായി ചേർത്ത് 4 അടി വീതിയിൽ ആവശ്യത്തിനു നീളത്തിലും വാരങ്ങളെടുത്ത് 8 ഇഞ്ച് അകലത്തിൽ വരിയായി കുഴികളെടുത്ത് ഉണങ്ങിയ കാലിവളം നിറക്കണം. മുളയോടു കൂടിയ കിഴങ്ങിന്റെ ഭാഗം കീറിയെടുത്തു കുഴികൾ നട്ടു മൂടാം. ആവശ്യത്തിന് ഉണങ്ങിയ കരിയില ചേർത്ത് പുതയിടണം. കൃത്യമായി കളയിളക്കി ജൈവ വളങ്ങൾ ചേർത്തു കൊടുത്ത് ചാണകപ്പാലും തളിച്ച് സംരക്ഷിക്കണം.
വേനൽക്കാലമാകുന്നതോടുകൂടി ഇലകൾ ഉണങ്ങി തുടങ്ങുമ്പോൾ വിളവെടുക്കാം. വാരങ്ങൾ സൂക്ഷിച്ച് വിളവെടുത്ത് കിഴങ്ങുകൾ ശേഖരിക്കാം. ഈ കിഴങ്ങുകൾ നാണയത്തുട്ടിന്റെ കനത്തിൽ വട്ടത്തിൽ അരിഞ്ഞ് 4- 5 ദിവസം ഉണക്കി വിപണനത്തിന് തയ്യാറാക്കാം. ഒരേക്കർ സ്ഥലത്തു നിന്നും ഏകദേശം 600 കിലോ ഗ്രാം വിളവു ലഭിക്കും. കിലോ ഗ്രാമിന് 200 - 250 രൂപ വില ലഭിക്കും.
Share your comments