ഇളം ചൂടും ആർദ്രതയുമുള്ള കാലാവസ്ഥയാണ് കച്ചോലത്തിന് പ്രിയം. 1500 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിൽ ഇത് വളരും. ജൈവവളക്കൂറുള്ള കളിമണ്ണാണ് കച്ചോലം കൃഷിക്ക് ഉത്തമം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ വളരാൻ ബുദ്ധിമുട്ടാണ്. ജൈവാംശം ധാരാളമുള്ള വെട്ടു കൽമണ്ണും കൃഷിക്ക് നല്ലതാണ്.
വിത്തു കിഴങ്ങ് മുറിച്ചു നട്ടാണ് പുതുകൃഷി നടത്തുക. വിത്താവശ്യത്തിനുള്ള കിഴങ്ങ് ഈർപ്പാംശമില്ലാത്ത തണുത്ത സ്ഥലങ്ങളിലോ തണലത്തെടുത്ത കുഴികളിലോ നടാം. നടാനുള്ള വിത്തു കിഴങ്ങുകൾ വേഗം മുളയ്ക്കാൻ അവ പുകക്കൊള്ളിക്കുന്നത് ഉത്തമമാണ്. ഒരേക്കർ സ്ഥലത്ത് കൃഷി ചെയ്യാൻ 200 മുതൽ 300 കിലോ വരെ കച്ചോല വിത്ത് വേണം.
മെയ് മാസം ആദ്യ മഴ കിട്ടിത്തുടങ്ങുമ്പോഴാണ് കൃഷിയിടം ഉഴുതൊരുക്കേണ്ടത്. ഒരു മീറ്റർ വീതിയും 25 സെ.മീ ഉയരവും സൗകര്യപ്രദമായ നീളവുമുള്ള തടങ്ങളിൽ മുളച്ച വിത്തു കിഴങ്ങുകൾ 20x15 സെ.മീ റ്റർ ഇടയകലത്തിൽ നടാം.
വളപ്രയോഗത്തോട് പ്രത്യേകിച്ച് ജൈവവളപ്രയോഗത്തോട് നന്നായി പ്രതികരിക്കുന്ന വിളയാണ് കച്ചോലം. ഏക്കറിന് 12 ടൺ കമ്പോസ്റ്റാണ് ചേർക്കേണ്ടത്. കൃഷിസ്ഥലം കളകൾ വളരാതെ നോക്കണം. ഏക്കറിന് 12 കിലോ യൂറിയ, 8 കിലോ പൊട്ടാഷ് എന്നിവ രണ്ടാം മാസവും മൂന്നാം മാസവുമായി നൽകണം
കേരള കാർഷിക സർവകലാശാല രണ്ട് മികച്ച കച്ചോലം ഇനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്; കസ്‌തൂരിയും രജനിയും. ഇതിൽ കസ്‌തൂരിയുടെ കിഴങ്ങ് ഇളംബ്രൗൺ നിറവും വലിപ്പക്കൂടുതലുമുള്ളതാണ്. രജനിയാകട്ടെ, ഇടത്തരം വലിപ്പവും ക്രീം കലർന്ന വെള്ളനിറവുമുള്ളതാണ്.
വിളവ്
ചെടി നട്ട് 6-7 മാസമാകുമ്പോഴേക്കും ഇലകൾ ഉണങ്ങി വിളവെടുക്കാറാകും. കിഴങ്ങുകൾ ഇളക്കിയെടുത്ത് കഴുകി വൃത്തിയാക്കിയെടുക്കണം. വൃത്തിയാക്കിയ കിഴങ്ങുകൾ ഒരേ വലിപ്പത്തിലും കനത്തിലും വൃത്താകാരത്തിൽ മുറിച്ച് അഞ്ചു ദിവസമുണക്കിയെടുക്കണം.
ഒരേക്കർ സ്ഥലത്തെ കൃഷിയിൽ നിന്ന് 2.5 മുതൽ 3 ടൺ വരെ കച്ചോലക്കിഴങ്ങ് കിട്ടും. ഇതുണക്കുമ്പോൾ 700-800 കിലോ ആയി കുറയും.
Share your comments