വിളവ് വർദ്ധിപ്പിക്കുന്നതിനും വിത്തുകൾ മുളയ്ക്കുന്നത് ത്വരിതപ്പെടുത്തുന്നതിനും ചെടികളുടെ വളർച്ചയ്ക്കും ക്ലോറോഫിലിന്റെ അംശം കൂട്ടുന്നതിനും പ്രകാശസംശ്ലേഷണനിരക്ക് വർദ്ധിപ്പിക്കുന്നതിനും പോഷകങ്ങൾ കൂടുതലായി ആഗിരണം ചെയ്യുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും രോഗങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനും കൈറ്റോസാൻ ഉപയോഗിക്കുന്നു. പഴങ്ങളുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും നിരോക്സീകാരക ഗുണങ്ങൾ കൂട്ടുന്നതിനും ആകമാന വളർച്ചയ്ക്കും വിളവ് വർദ്ധിപ്പിക്കുന്നതിനും വിളവെടുപ്പിനുശേഷമുള്ള കൈകാര്യം എളുപ്പമാക്കുന്നതിനും കൈറ്റോസാൻ ഉപയോഗിക്കുന്നു.
ജൈവത്വരകം എന്ന രീതിയിൽ കൈറ്റോസാൻ പ്രവർത്തിക്കുന്നത് എങ്ങനെ എന്നത് ഇനിയും വ്യക്തമായിട്ടില്ല. എന്നാൽ, നിരോക്സീകാരക പ്രതിരോധ സംവിധാനത്തെ ത്വരിതപ്പെടുത്തുന്ന തുവഴിയോ, നൈട്രജൻ മെറ്റബോളിസം വർദ്ധിപ്പിക്കുന്നതു വഴിയോ കോശങ്ങളിലെ ഓസ്മോട്ടിക് സമ്മർദ്ദം വർദ്ധിപ്പിച്ച് വെള്ളത്തിന്റെയും അവശ്യ പോഷകങ്ങളുടെയും ആഗീരണം വർദ്ധിപ്പിക്കുന്ന തുവഴിയോ ചെടികളിൽനിന്ന് വെള്ളം പുറത്തേയ്ക്കു പോകുന്നത് കുറയ്ക്കുന്നതു വഴിയോ ആണ് ഇവ ജൈവത്വരകമായി പ്രവർത്തിക്കുന്നത് എന്നു കരുതപ്പെടുന്നു.
വിത്ത് നടുന്നതിനു മുമ്പ് കൈറ്റോസാൻ പ്രയോഗിക്കുക, തൈകൾ മുക്കി വയ്ക്കുക, ഇലകളിൽ തളിച്ചുകൊടുക്കുക, മണ്ണിൽ ചേർത്തു കൊടുക്കുക തുടങ്ങിയവയാണ് നിലവിൽ സ്വീകരിക്കുന്ന രീതികൾ.
മറ്റ് വാണിജ്യവളങ്ങളുമായി ചേരുമ്പോൾ കൈറ്റോസാന് മികച്ച കാര്യശേഷിയുണ്ട്. ആവരണമായി നിലനിൽക്കാനുള്ള ശേഷിയുള്ളതിനാൽ വളങ്ങൾ നഷ്ടമാകുന്നില്ല. പരിസ്ഥിതിമലിനീകരണം തടയുന്നതിന് ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നൈട്രജൻ (ആറ് മുതൽ ഒൻപത് ശതമാനം വരെ) അടങ്ങിയിട്ടുള്ളതിനാൽ കൈറ്റോസാനെ ജൈവവളമായാണ് കണക്കാക്കുന്നത്. കാർബൺ സ്രോതസ്സായി പ്രവർത്തിക്കുന്നതിനാലും ജൈവാംശത്തെ അജൈവാംശമാക്കി മാറ്റി പോഷകങ്ങളുടെ ആഗീരണത്തെ മെച്ചപ്പെടുത്തുന്നതിനാലും മണ്ണിലെ സുക്ഷ്‌മജീവികളുടെ വളർച്ചയെ ത്വരിതപ്പെടുത്താൻ ഇവയ്ക്ക് സാധിക്കും. അയൺ, കോപ്പർ, സിങ്ക് എന്നിവയുടെ ലഭ്യത വർദ്ധിപ്പിക്കുന്ന കീലേറ്റിംഗ് ഏജന്റായി ഇവ പ്രവർത്തിക്കും. നിറയെ ദ്വാരങ്ങളുള്ളതിനാൽ വെള്ളം പിടിച്ചുനിർത്താനുള്ള ശേഷി വർദ്ധിപ്പിക്കും. മണ്ണിൽ വളമായി കൈറ്റോസാൻ ചേർത്തുകൊടുത്താൽ ചെടികളുടെ വളർച്ച വർദ്ധിക്കും.
ചെടികളിലെ വിവിധ ബയോട്ടിക് (Biotic), അബയോട്ടിക് (Abiotic) സമ്മർദ്ദങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതിനും പ്രതിരോധം തീർക്കുന്നതിനും കൈറ്റോസാന് സാധിക്കുമെന്ന് ഈയിടെ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ചെടികളുടെ പ്രതിരോധം വർദ്ധിപ്പിക്കുകയും സൂക്ഷ്‌മജീവികൾക്കെതിരെ പ്രവർത്തിക്കുകയും ചെയ്യുന്നതിനാൽ കൈറ്റോസാന് ചെടികളിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. അബയോട്ടിക് സമ്മർദ്ദം കുറയ്ക്കുന്നതിനും ജീവശാസ്ത്രപരമായ പ്രതികരണങ്ങൾ വർദ്ധിപ്പിക്കുന്നതിനും കൈറ്റോസാന് കഴിയും. നിരോക്സീകാരക എൻസൈമുകളായ സൂപ്പർ ഓക്സൈഡ് ഡിസ്‌മ്യൂട്ടേസ്, കാറ്റലേയ് സ് എന്നിവയുടെ പ്രവർത്തനം വർദ്ധിപ്പിച്ചും പ്രോലൈൻ ശേഖരം സ്വരൂപിച്ചും ജലത്തിന്റെ ആവശ്യകത കുറച്ചും ജലനഷ്ടം കുറച്ചും വെള്ളത്തിന്റെ കുറവ് മൂലമുള്ള സമ്മർദ്ദം കുറയ്ക്കാൻ കൈറ്റോസാന് കഴിയും.
ഫലങ്ങൾ പാകമാകുന്നത് വൈകിക്കുന്നതിനും സൂക്ഷിപ്പുകാലം വർദ്ധിപ്പിക്കുന്നതിനും നിറം മാറുന്നത് തടയുന്നതിനും ജലാംശം സൂക്ഷിക്കുന്നതിനും ഫലങ്ങളുടെ കട്ടി കാത്തുസൂക്ഷിക്കുന്നതിനും തൂക്കം കുറയുന്നത് നിയന്ത്രിക്കുന്നതിനും നിരോക് സീകാരക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഗുണമേന്മ കാത്തുസൂക്ഷിക്കുന്നതിനും സാധിക്കുമെന്നതിനാൽ വിളവെടുപ്പിന് ശേഷം കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കാൻ കൈറ്റോസാന് സാധിക്കും. ഫലങ്ങളുടെ കോട്ടിങ് ആയാണ് കൈറ്റോസാൻ ഉപയോഗിക്കുന്നത്. ഉപരിതലത്തിലെ സുക്ഷ്‌മജീവികളുടെ വളർച്ച നിയന്ത്രിക്കുന്നതിന് ഇവ ഫലപ്രദമാണ്.
Share your comments