സാധാരണയായി ശലഭങ്ങൾ പൂക്കളുടെ തേൻ ആണ് ഭക്ഷിക്കുന്നത്. എന്നാൽ പൂക്കളിൽ നിന്ന് ലഭിക്കാത്ത ശരീരത്തിനാവശ്യമായ ലവണങ്ങൾ, ചില ശലഭങ്ങൾ അത് ലഭ്യമായ ചെടിയിൽ നിന്ന് ആഗിരണം ചെയ്യുന്നു. കിലുക്കാംപെട്ടി ചെടിയുടെ തണ്ടിലും ഇലകളിലും ശലഭങ്ങൾക്ക് ആവശ്യമായ ആൽക്കലോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. Blue Tiger Butterfly (നീലക്കടുവ ശലഭങ്ങൾ) ഈ ആൽക്കലോയ്ഡ് നുണയുന്നതിനുവേണ്ടി കൂട്ടത്തോടെ ഈ ചെടിയിലേക്ക് വന്നു ചേരുന്നു. ഇളം നീലയും കറുപ്പും കലർന്നതാണ് ഈ ശലഭങ്ങൾ. കൃത്യമായ നിരീക്ഷണത്തിൽ ശലഭങ്ങൾ ഇലകളിൽ മുൻകാലുകൾ കൊണ്ട് ചുരണ്ടി ആൽക്കലോയ്ഡ് ശേഖരിക്കുന്നത് കാണാം.
ഇലകളിലും തണ്ടിലും അടങ്ങിയിട്ടുള്ള പൈറോളിസിഡിൻ ആൽക്കലോയ്ഡ് ഗണത്തിൽപ്പെട്ട മോണോ ക്രോട്ടാലിൻ എന്ന പദാർത്ഥം ആൺപൂമ്പാറ്റകളിൽ ഫിറമോൺ ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ ഘടകമാണ്. അതുകൊണ്ടു തന്നെ ആൺ ചിത്രശലഭമാണ് ഈ ചെടിയിൽ വന്നെത്തുന്നതിൽ അധികവും. പെൺപൂമ്പാറ്റകൾ ചെടിയിൽ മുട്ടയിടുകയും മുട്ട വിരിഞ്ഞുവരുന്ന പുഴുക്കൾ ഇലകൾ തിന്ന് വളരുകയും ചെയ്യും.
ശലഭോദ്യാനത്തിന് ഉത്തമമായ സസ്യം
ആവാസ വ്യവസ്ഥകളിലുണ്ടാകുന്ന മാറ്റങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്നവരാണ് പൂമ്പാറ്റകൾ. അതിനാൽ പൂമ്പാറ്റയെ ജൈവസൂചകമായാണ് (Biological Indicator) ശാസ്ത്രലോകം കാണുന്നത്. മുൻപ് നാട്ടിൻ പുറങ്ങളിൽ എവിടെയും കാണാമായിരുന്ന എരുക്കുതപ്പി, അരളിശലഭം, നീലക്കടുവ, ചെങ്കോമാളി, മഞ്ഞപാപ്പാത്തി മുതലായ ശലഭങ്ങളെല്ലാം ഏതാണ്ട് ഇല്ലാതായ അവസ്ഥയിലാണ്. ഈയൊരു സാഹചര്യത്തിലാണ് ശലഭോദ്യാനങ്ങളുടെ പ്രസക്തി. ശലഭങ്ങൾക്ക് ജീവിതചക്രങ്ങൾ പൂർത്തീകരിക്കാനാവശ്യമായ ഉദ്യാനങ്ങൾ നിർമ്മിക്കാം. ഇതിന് ഏറ്റവും അനുയോജ്യമായ സസ്യമാണ് ചിത്രശലഭങ്ങളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന കിലുക്കി.
Share your comments