മികച്ച തോതിൽ അന്നജവും മാംസ്യവും ദാതുലവണങ്ങളും അടങ്ങിയിട്ടുള്ള കൂർക്ക കിഴങ്ങിന് വേവിക്കുമ്പോൾ ഒരു പ്രത്യേക മണവും നല്ല സ്വാദുമുണ്ട്. വളകൂറും നീർവാർച്ചയും മുള്ള പ്രദേശങ്ങളിൽ കൂർക്ക നന്നായി വളരും. പനിക്കൂർക്കയുടെ ഇലയോട് സാമ്യമുള്ള കൂർക്ക ഇലയ്ക്ക് പ്രത്യേക ഗന്ധവുമുണ്ട്.
മണ്ണിൽ ചെളിയുടെ അംശം കൂടുന്നത് കൂർക്ക കൃഷിക്ക് നല്ലതല്ല. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണ് കൂർക്കയ്ക്ക് നല്ലത്. വരൾച്ച സഹിക്കാനുള്ള കഴിവ് കൂർക്കയ്ക്കില്ല. മഴയില്ലാത്തിടങ്ങളിൽ നനച്ച് വളർത്തിയാലേ നല്ല വിളവ് ലഭിക്കുകയുള്ളു.
കൂർക്കയുടെ നടീൽ കാലം പ്രാദേശികമായി മഴയുടെ ലഭ്യത കണക്കാക്കി വേണം നിശ്ചയിക്കാൻ. ജൂലായ് മുതൽ സെപ്റ്റംബർ ആരംഭം വരെ കൂർക്ക കൃഷി ഇറക്കാം.
നടുന്നതിന് ഒന്നര- രണ്ട് മാസം മുമ്പ് വിത്തു കൂർക്ക നട്ട് മുളപ്പിച്ച് വരുന്ന തണ്ടുകൾ മുറിച്ച് നട്ടാണ് കൂർക്ക കൃഷി ചെയ്യുന്നത്.
കൂർക്ക നടാൻ
കൂർക്ക നടാൻ ഉദ്ദേശിക്കുന്ന സ്ഥലം നേരത്തെ കിളച്ച് വെയിൽ കൊള്ളിച്ച് വീണ്ടു കട്ടകൾ പൊട്ടിച്ച് കിളച്ചൊരുക്കിയിടണം. അമ്ലത നിയന്ത്രിക്കാനുള്ള കുമ്മായമോ, ഡോളോമൈറ്റോ ചേർത്ത് വേണം തട്ടിക്കിളച്ചൊരുക്കാൻ. 15, 20 സെ.മീ. താഴ്‌ചയിൽ കിളച്ച് പൊട്ടിച്ച സ്ഥലത്ത് ഏക്കറിന് 5 ടൺ എന്ന തോതിൽ ഉണങ്ങി പൊടിഞ്ഞ ചാണകം വിതറി 30 സെ.മീ.
ഉയരമുള്ള വാരങ്ങൾ എടുത്തതിൽ 25, 30 സെ.മീ അകലത്തിൽ കൂർക്കയുടെ 20. സെ.മീ നീളത്തിൽ മുറിച്ച തണ്ടുകൾ നടാം. അല്‌പം ചെരിച്ച് നടുന്നതാണ് നല്ലത്. തണ്ടുകൾ കിടത്തിയിട്ട് മണ്ണിടുന്ന രീതിയുമുണ്ട്. കൂർക്ക കുറ്റി ചെടിയായാണ് വളരുന്നത്.
നട്ട് ആറാഴ്ച്ച കഴിയുമ്പോൾ കളകൾ നീക്കി മേൽ വളം കൊടുത്ത് മണ്ണിട്ടു കൊടുക്കാം. കൂർക്കയുടെ ചുവട്ടിൽ നിന്നും മാത്രമല്ല മണ്ണിൽ മുട്ടി നിൽക്കുന്ന തണ്ടുകളിൽ നിന്നും കിഴങ്ങുകൾ ഉണ്ടാകും. ആയതിനാൽ വള്ളികൾ ചെരിച്ച് മണ്ണിട്ട് കൊടുക്കുന്നത് വിളവ് കൂടുതൽ ലഭ്യമാക്കും.
Share your comments