<
  1. Organic Farming

നട്ട് - ആറേഴ് മാസത്തിനകം കൂർക്ക വിളവെടുക്കുന്നതിനു പാകമാകും

കേരളത്തിൽ കൂർക്ക ഒരു വർഷകാല വിളയായിട്ടാണ് കൃഷി ചെയ്യുന്നത്. ഇത് എല്ലാത്തരം മണ്ണിലും കൃഷി ചെയ്യാം.

Arun T
കൂർക്ക
കൂർക്ക

ചുരുങ്ങിയ കാലംകൊണ്ട് വളരെ ചെലവു കൂടാതെ കൃഷി ചെയ്യാൻ കഴിയുന്ന ഒരു കിഴങ്ങു വർഗവിളയാണ് കൂർക്ക. ചീനക്കാരന്റെ ഉരുളക്കിഴങ്ങെന്നും ചീവക്കിഴങ്ങെന്നും ഇതിനു പേരുണ്ട്. ഏതുതരം കാലാവസ്ഥയിലും വളരുന്ന ഒരു വിളയാണ് കൂർക്ക. മഴയും ചൂടും കൂടിയാലും അത് കൂർക്കകൃഷിയെ സാരമായി ബാധിക്കുന്നില്ല. എങ്കിലും ഏറ്റവും അനുയോജ്യമായത് നല്ല നീർവാർച്ചയുള്ള ചെങ്കൽമണ്ണും മണൽമണ്ണുമാണ്.

മുൻവർഷത്തെ വിളയിൽ നിന്നും എടുത്തു സൂക്ഷിച്ചിട്ടുള്ള വിത്തു കിഴങ്ങുകൾ പാകി അതിൽ നിന്നും മുളച്ചു വരുന്ന തലകളാണ് നടാൻ ഉപയോഗിക്കുന്നത്. ഏപ്രിൽ-മേയ് മാസങ്ങളിൽ ഇതിലേക്കായി പ്രത്യേകം തടങ്ങൾ എടുത്ത് ധാരാളം ചാരവും ചാണകപ്പൊടിയും മണ്ണുമായി കലർത്തുന്നു. ശേഷം വിത്തു കിഴങ്ങുകൾ തടത്തിൽ 15-20 സെന്റീ മീറ്റർ അകലത്തിലും 3-4 സെൻ്റി മീറ്റർ ആഴത്തിലും പാകണം. തടങ്ങളിൽ പാകുന്ന കിഴങ്ങുകൾ മുളച്ച് തലപ്പുണ്ടാക്കുവാൻ നല്ല പോലെ നനയ്ക്കേണ്ടതാണ്.

തടങ്ങളിൽ നട്ട് പത്തു പതിനഞ്ച് ദിവസം കൊണ്ട് മുളച്ചു വരും. ഓരോന്നിലും നിരവധി തലകൾ കൂട്ടമായി കിളിർത്തു വരുന്നു. ഏതാണ്ട് ഒരു മാസം പ്രായമാകുമ്പോഴേക്കും അവ നടുന്നതിന് പാകമാകുന്നു. ഒരു പ്രാവശ്യം തലകൾ നുള്ളിയെടുത്താൽ അവ വീണ്ടും പൊട്ടി മുളച്ച് രണ്ടാഴ്ച‌യ്ക്കകം പരുവായ മറ്റൊരു സെറ്റ് തലകൾകൂടി നുള്ളിയെടുക്കുവാൻ കഴിയും വിധം വളരുന്നു. നാലഞ്ച് ഇലകളുള്ള തലകൾ വേണം നടാൻ മുറിച്ചെടുക്കുവാൻ. 500 ഗ്രാം വിത്തുപയോഗിച്ച് 5 സെന്റ് സ്ഥലത്ത് കൂർക്ക കൃഷി ചെയ്യാൻ കഴിയും.

കൂർക്ക കൃഷി ചെയ്യുന്ന സ്ഥലം നല്ലപോലെ കിളച്ചോ ഉഴുതോ മണ്ണിളക്കി നിരപ്പാക്കണം. ഒരു ചതുരശ്രമീറ്റർ സ്ഥലത്തിന് ഒരു കിലോഗ്രാം കാലിവളവും ചാരവും എന്ന തോതിൽ മണ്ണിൽ ചേർക്കേണ്ടതാണ്. ഇങ്ങനെ തയാറാക്കിയ സ്ഥലത്ത് ഉയർന്ന വാരങ്ങളോ പണകളോ ഉണ്ടാക്കി അതിൽ കൂർക്കത്തലപ്പുകൾ നടണം. നിരപ്പാക്കിയ സ്ഥലത്ത് വാരങ്ങളോ പണകളോ ഉണ്ടാക്കാതെയും ഇതു നടാവുന്നതാണ്. പണകളിലും വാരങ്ങളിലും നീർവാർച്ചയ്ക്കു കൂടുതൽ സൗകര്യമുണ്ടായിരിക്കും. കൂർക്കത്തലകൾ 25 സെൻ്റീമീറ്റർ അകലത്തിലും 5-8 സെന്റീമിറ്റർ ആഴത്തിലുമാണ് നടേണ്ടത്.

നട്ട കൂർക്കത്തലകൾ വേരൂറിപ്പിടിച്ച് വളരാൻ തുടങ്ങിയാൽ കള നീക്കം ചെയ്യലും മണ്ണിട്ടു കൊടുക്കലുമാണ് പിന്നെ ചെയ്യേണ്ട കൃഷിപ്പണികൾ. തൈകൾ നട്ട് ഏതാണ്ട് മൂന്നാഴ്‌ച കഴിയുമ്പോൾ ആദ്യത്തെ കളയെടുപ്പു നടത്താം. ഒരു മാസം കഴിഞ്ഞ് വീണ്ടും ഒരിക്കൽക്കൂടി കളയെടുക്കണം. അതിനു ശേഷം കളയെടുക്കേണ്ട ആവശ്യമില്ല. കാരണം ഇവ ധാരാളം ശാഖകൾ പുറപ്പെടുവിച്ചു തിങ്ങി വളരുന്നതു കൊണ്ട് കളയുണ്ടായാൽ അവ നശിച്ചു പോകും.

കള പറിക്കുന്ന സമയത്ത് ചെടികൾക്ക് മണ്ണുകോരി കൊടുക്കേണ്ടതും ആവശ്യമാണ്. ഇങ്ങനെ ചെയ്യുന്നത് പടരുന്നതും തൂങ്ങിക്കിടക്കുന്നതുമായ നിരവധി ശാഖകളുടെ മുട്ടുകളിൽ നിന്നും ധാരാളം കിഴങ്ങുകൾ ഉണ്ടാകുന്നതിനു സഹായകമാണ്. അതുപോലെതന്നെ ചെടിയുടെ ചുവട്ടിലും ധാരാളം മണ്ണിട്ടു കൊടുത്തെങ്കിൽ മാത്രമേ അവിടെ നിന്നും കിഴങ്ങുകൾ ധാരാളമായി ഉണ്ടാകുകയുള്ളൂ.

നടാൻ സ്ഥലം തയാറാക്കുമ്പോൾ ജൈവവളത്തോടൊപ്പം നൈട്രജൻ അടങ്ങിയ രാസവളങ്ങൾ കുറഞ്ഞ തോതിൽ മണ്ണിട്ടു കൊടുക്കുന്ന സമയത്തു ചേർക്കുന്നത് വിളവു വർധിക്കുവാൻ സഹായിക്കും.

ഒക്ടോബർ നവംബർ മാസങ്ങളിലാണ് കേരളത്തിൽ ഇതിന്റെ വിളവെടുപ്പു കാലം. ഇലകൾ മഞ്ഞ നിറമാകുകയും വള്ളികൾ വാടുകയും ചെയ്യുമ്പോൾ വിളവെടുക്കാൻ പരുവമായി എന്നു മനസ്സിലാക്കാം. കിഴങ്ങുകൾ കിളച്ചെടുത്ത ശേഷം അവ നല്ലതു പോലെ വായുസഞ്ചാരമുള്ള മുറിയിൽ നിരത്തി ഉദ്ദേശം രണ്ടു സെൻറീമീറ്റർ ഘനത്തിൽ വൃത്തിയുള്ള ഉണങ്ങിയ മണൽ മൂടി സൂക്ഷിക്കുന്നു.

English Summary: Koorka plant can be yielded in october month

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds