കർഷകരെ സഹായിക്കാൻ കൃഷിയിടത്തിൽ ഡ്രോണുമായി ഇനി കുടുംബശ്രീ അംഗങ്ങളെത്തും. ഡ്രോണുകൾ ഉപയോഗിച്ച് കീടനാശിനി തളിക്കൽ, വളമിടൽ, വിത്തുവിതയ്ക്കൽ, വിളകളുടെ വളർച്ചാനിരീക്ഷണം തുടങ്ങിയവ നടക്കും. കാർഷികമേഖല ആധുനികീകരിക്കാൻ ’സ്മാർട്ട് ഫാമിങ്’ എന്ന ആശയത്തിലൂന്നിയാണ് പരിശീലനം.
ജൈവകീടനാശിനികൾക്കും ജൈവവളങ്ങൾക്കും പ്രാധാന്യം നൽകും. കുറഞ്ഞ ഭൂമിയിൽനിന്ന് കൂടുതൽ വിളവുണ്ടാക്കുകയാണ് ലക്ഷ്യം. ദിവസങ്ങളെടുത്ത് ചെയ്യേണ്ട പല ജോലികളും ഡ്രോൺ വഴി എളുപ്പത്തിൽ തീർക്കാനാകും. ഉദാഹരണത്തിന് പത്തേക്കർ വയലിലും മറ്റും മണിക്കൂറുകൾക്കുള്ളിൽ വളമിടൽ പൂർത്തിയാക്കാനാകും. നിലവിൽ പരിശീലനം പൂർത്തിയാക്കിയവർക്ക് പ്രാദേശികതലത്തിൽ ഡ്രോണുകൾ പറത്താൻ തുടർപരിശീലനം നൽകും.
ആദ്യഘട്ടം 14 ജില്ലകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 50 കുടുംബശ്രീ അംഗങ്ങൾക്കാണ് പരിശീലനം നൽകിയത്. ഡ്രോണിന്റെ രൂപഘടന, ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വ്യക്തിഗത സുരക്ഷ, സാങ്കേതികവശങ്ങൾ എന്നിവയിലായിരുന്നു പരിശീലനം.
പ്രയോഗികപരിശീലനവുമുണ്ടായി. ഇവർക്ക് കേന്ദ്രസർക്കാരിന്റെ ’നമോ ഡ്രോൺ ദീദി’ പദ്ധതിപ്രകാരം സൗജന്യമായാണ് ഡ്രോൺ ലഭിച്ചത്. ഡ്രോൺ ലൈസൻസ് കിട്ടാനുള്ള പരിശീലനം ചെന്നൈയിലാണ് നടന്നത്. കുടുംബശ്രീ മിഷനാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്.
Share your comments