ഉഷ്ണമേഖല, മിതോഷ്ണമേഖല പ്രദേശങ്ങളിൽ കൃഷി ചെയ്യപ്പെടുന്ന ഒരു പച്ചക്കറിവിളയാണ് വെണ്ട. ചെമ്പരത്തിയുടെ കുടുംബക്കാരനായ വെണ്ടയ്ക്ക് ആകർഷകമായ ഇളം മഞ്ഞപ്പൂവുകളാണുള്ളത്. കടുംപച്ച, ഇളം പച്ച, ചുവപ്പ് തുടങ്ങിയ വ്യത്യസ്ത നിറങ്ങളിലും പല വലിപ്പത്തിലും വെണ്ടയ്ക്ക് കാണാറുണ്ട്. CO1, അരുണ എന്നീ ഇനങ്ങൾ ചുവപ്പുനിറമാണ്. പച്ചയോ ഇളംപച്ചയോ നിറങ്ങളുള്ള കിരൺ, സൽകീർത്തി എന്നിവ. ഏകദേശം രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരുന്ന സസ്യമാണ് വെണ്ട. ഉത്പാദനവുമായി ബന്ധപ്പെട്ട ആധുനികരീതികളിലൊന്നായ ഭക്ഷ്യാരാമം അഥവാ ഫുഡ്സ്കേപ്പിങ്ങിന് പ്രയോജനപ്പെടുത്തുന്ന സസ്യങ്ങളിലൊന്നാണ് വെണ്ട. കാമിനി, വൈശാലി, പത്മിനി തുടങ്ങിയവ സാധാരണയായി കൃഷി ചെയ്യപ്പെടുന്ന വെണ്ടയിനങ്ങളാണ്
കൃഷിരീതി
ഫെബ്രുവരി-മാർച്ച്, ജൂൺ-ജൂലൈ, ഒക്ടോബർ നവംബർ എന്നീ കാലങ്ങളിലാണ് വെണ്ട നടേണ്ടത്. 22-35 സെന്റിഗ്രേഡ് ചൂടുള്ള കാലാവസ്ഥയിലാണ് ഇതു നന്നായി വളരുന്നത്. എല്ലായിനം മണ്ണിലും വളരുന്ന സസ്യമാണ് വെണ്ട. പി എച്ച് മൂല്യം 6-6.8 ഉള്ള മണ്ണാണ് ഇതിന്റെ വളർച്ചയ്ക്ക് ഉചിതം. നല്ല നീർവാർച്ചയുള്ള ജൈവാംശമുള്ള മണ്ണു വേണം വെണ്ടക്കൃഷിക്കായി തെരഞ്ഞടുക്കേണ്ടത്. കമ്പോസ്റ്റും കാലിവളവും മണ്ണിനോടു ചേർത്തിളക്കിയുണ്ടാക്കിയ തടങ്ങളിലോ, മേല്പറഞ്ഞവ നിറച്ച കുഴികളിലോ വെണ്ട നടാം.
കുഴികളെടുക്കുമ്പോൾ 60 x 30 സെമീ അകലത്തിൽ വേണം തയ്യാറാക്കേണ്ടത്. ഒരു കുഴിയിൽ നാലു വിത്തുകൾവരെ നടാം. എന്നാൽ മുളച്ചുവരുമ്പോൾ ഏറ്റവും പുഷ്ടിയുള്ള ഒരെണ്ണം നിലനിർത്തി മറ്റുള്ളവ നശിപ്പിച്ചുകളയണം. വിത്തു പാകുന്നതിനു മുമ്പ് 12 മണിക്കൂർ കുതിർക്കുന്നത് എളുപ്പത്തിൽ മുളയ്ക്കാൻ സഹായിക്കും. വിത്തു പാകിക്കഴിഞ്ഞാൽ 6 ദിവസത്തിനുള്ളിൽ മുളയ്ക്കും. ചെടി വളരുന്നതനുസരിച്ച് ജൈവവളം ചേർത്ത് മണ്ണു കൂട്ടിക്കൊടുക്കണം. വേപ്പിൻ പിണ്ണാക്ക്, കോഴിവളം എന്നിവ ചേർക്കുന്നതു നല്ലതാണ്. ആവശ്യാനുസരണം നനയ്ക്കുകയും കള പറിച്ചുമാറ്റുകയും വേണം.
വെണ്ടയെ ആക്രമിക്കുന്ന കീടങ്ങൾ
ഇലചുരുട്ടിപ്പുഴു, തണ്ടുതുരപ്പൻ, കായ്തുരപ്പൻ തുടങ്ങിയവയാണ് വെണ്ടയെ ആക്രമിക്കുന്ന കീടങ്ങൾ. ഇലകളുടെ അഗ്രങ്ങൾ മുറിഞ്ഞു തൂങ്ങി ചുരുണ്ടു കിടന്നാൽ ഇലചുരുട്ടിപ്പുഴുവിന്റെ ആക്രമണമുണ്ടെന്നു മനസ്സിലാക്കാം. ചുരുണ്ടിരിക്കുന്ന ഇലകൾ വിടർത്തി നോക്കിയാൽ അതിനുള്ളിൽ ഒന്നോ അതിലധികമോ പുഴുക്കളെ കാണാം. അവയെ കൈ കൊണ്ട് നശിപ്പിക്കുകയോ ഇലച്ചുരുളുകളോടെ പറിച്ചെടുത്തു തീയിലിട്ട് നശിപ്പിക്കുകയോ ചെയ്യാം. പുകയിലക്കഷായം പോലുള്ള ജൈവ കീടനാശിനികളും പ്രയോഗിക്കാം. വെണ്ടച്ചെടിയിലെ ഇലചുരുട്ടി പുഴു, തണ്ടുതുരപ്പൻ, കായ്തുരപ്പൻ എന്നിവയെ ഇല്ലാതാക്കാൻ വേപ്പിൻ പിണ്ണാക്ക് കുതിർത്തു തെളി അഞ്ചിരട്ടി വെള്ളം ചേർത്തു നേർപ്പിച്ച് തളിക്കാം. ഗോമൂത്രത്തിൽ കാന്താരിമുളക് അരച്ച് ചേർത്തു തളിക്കുന്നതും നല്ലതാണ്.
വെണ്ടയിലെ കുരുടിപ്പ് രോഗം അഥവാ മൊസൈക്ക് രോഗം ഒരിനം വൈറസ് (Bhendi yellow vein mosaic virus) കാരണമാണ് ഉണ്ടാകുന്നത്. തൈകൾ മുതൽ വിളവെടുപ്പു നടക്കുന്ന ചെടികൾവരെ ഏതു ദശയിലും ഈ രോഗബാധ ഉണ്ടാകാം. ഇലകളിലെ ഞരമ്പുകൾ മഞ്ഞനിറമാകുന്നതും ചെടിയുടെ വളർച്ച മുരടിക്കുന്നതുമാണ് രോഗലക്ഷണങ്ങൾ. രോഗം വന്ന ചെടികളിൽ വിളവു നന്നേ കുറയുകയും ചെടി പൂർണ്ണമായി നശിക്കുകയും ചെയ്യുന്നു. ഫലപ്രദമായ പ്രതിവിധികൾ ഒന്നും തന്നെയില്ലാത്തതിനാൽ, രോഗം ബാധിച്ചു കഴിഞ്ഞതായിക്കണ്ടാൽ എത്രയും വേഗം ചെടികളെ നീക്കം ചെയ്ത് തീയിട്ടു നശിപ്പിക്കേണ്ടതാണ്. ഇപ്രകാരം ചെയ്യുന്നത് മറ്റുള്ള സസ്യങ്ങൾക്കു രോഗം ബാധിക്കുന്നത് ഒരു പരിധിവരെ തടയാൻ സഹായകമാകുന്നു.
കുരുടിപ്പ് രോഗത്തിനെതിരെ പ്രതിരോധശേഷിയുള്ള സുസ്ഥിര എന്ന ഇനം വെണ്ട വെള്ളാനിക്കര ഹോർട്ടികൾച്ചറൽ കോളേജിലെ ഹോർട്ടികൾച്ചർ വിഭാഗം വികസിപ്പിച്ചെടുത്തിട്ടുണ്ട്. പശ്ചിമ ആഫ്രിക്കൻ നാടുകളിൽ കണ്ടുവരുന്ന Abelmoschus caillei എന്ന ഇനത്തിൽ ഒറ്റച്ചെടി നിർദ്ധാരണം ചെയ്തു വികസിപ്പിച്ചാണ് ഈ ഇനം വികസിപ്പിച്ചെടുത്തത്. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ ഈ ഇനത്തിൽ, പച്ച നിറത്തിലുള്ള, നീണ്ട കായ്കളാണ് ഉണ്ടാകുന്നത്. കൊമ്പുകോതൽ പ്രക്രിയയിലൂടെ ദീർഘകാല വിളയായും പരിപാലിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. അതിനാൽ മൂന്നു വർഷം വരെ ഒരേ ചെടിയിൽ നിന്നു തന്നെ വിളവെടുക്കാം. മറ്റിനങ്ങളെ അപേക്ഷിച്ച് പൂവിടാൻ കൂടുതൽ കാലതാമസം ഉണ്ടാകുമെങ്കിലും (50-52 ദിവസം) 6 മാസം വരെ വിളദൈർഘ്യം ഉണ്ടാകും. കായ്കൾക്ക് 22 സെ.മീ.വരെ നീളവും 20-23 ഗ്രാം തൂക്കവും ഉണ്ടാകും. ഹെക്ട റൊന്നിന് ശരാശരി 18 ടൺ വിളവ് പ്രതീക്ഷിക്കാം.
ഔഷധമൂല്യം
വെണ്ടയ്ക്കയിലടങ്ങിയിരിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഡയബറ്റിസ് രോഗത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു.
ഭക്ഷ്യനാരുകളുടെ സാന്നിധ്യത്താൽ വെണ്ടയ്ക്ക് ദഹനന്ദ്രിയ വ്യൂഹത്തിന്റെ പ്രവർത്തനം സുഗമമാക്കുകയും, മലബന്ധം തടയുകയും ചെയ്യുന്നു.
കലോറികമൂല്യം കുറഞ്ഞതാകയാലും നാരുകളുടെ സാന്നിദ്ധ്യമുള്ളതിനാലും ശരീരത്തിന്റെ അമിതഭാരം കുറയ്ക്കാൻ വെണ്ടയ്ക്കയ്ക്ക് കഴിയും.
കോളോൺ കാൻസർ തടയാൻ വെണ്ടയ്ക്ക സഹായിക്കും. രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കുക വഴി ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ വെണ്ടയ്ക്കയ്ക്ക് കഴിയും. വെണ്ടയ്ക്കയിലെ ഇരുമ്പിന്റെ അംശം അനീമിയ തടയാൻ സഹായിക്കുന്നു.
വെണ്ടയ്ക്കയിലടങ്ങിയിരിക്കുന്ന വൈറ്റമിനുകൾ രോഗപ്രതിരോധശേഷിയുണ്ടാക്കുന്നതിനു സഹായകരമാണ്. ഇവയിലെ വിറ്റമിനുകളും ധാതുക്കളും ഉപദ്രവകാരികളായ ഫ്രീ റാഡിക്കലുകളുമായി പ്രതിപ്രവർത്തിക്കുകയും രോഗപ്രതിരോധശേഷിയുണ്ടാക്കുകയും ചെയ്യുന്നു.
വെണ്ടയ്ക്കയിലെ വിറ്റമിൻ എയും ബീറ്റാകരോട്ടിനും കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തി കൂട്ടുന്നതിനും സഹായിക്കുന്നു.
വെണ്ടയ്ക്ക് കേശസംരക്ഷണത്തിന് ഉത്തമമാണ്. വെണ്ടയ്ക്ക ഇട്ട് തിളപ്പിച്ച് പിഴിഞ്ഞെടുത്ത വെള്ളം തണുപ്പിച്ച് നാരങ്ങാ നീരും ചേർത്ത് അതുപയോഗിച്ച് തലയും മുടിയും കഴുകി യാൽ മുടിക്ക് ആരോഗ്യമേറുകയും പേൻ നശിക്കുകയും ചെയ്യുന്നു .
വെണ്ടയ്ക്കയിലടങ്ങിയിരിക്കുന്ന വിറ്റമിൻ ബി 9 മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു. ഫോളേറ്റും വിറ്റമിൻ ബി 9 ഉം തലച്ചോറിനെ ശക്തിപ്പെടുത്തുകയും വാർദ്ധക്യാനുബന്ധിയായ ഓർമ്മക്കുറവ് ഒരു പരിധിവരെ തടയുകയും ചെയ്യുന്നു.
വെണ്ടയ്ക്കയിലെ ആന്റി ഓക്സിഡന്റുകളും വിറ്റമിൻ സിയും ആസ്തമ തടയുന്നതിനു സഹായകമാണ്.
ഗർഭാവസ്ഥയിൽ സ്ത്രീകൾ വെണ്ടയ്ക്ക് കഴിക്കുന്നത് കുഞ്ഞിന്റെ വളർച്ചയെയും വികാസത്തെയും ത്വരിതപ്പെടുത്തുന്നു. അതിലടങ്ങിയിരിക്കുന്ന ഫോളേറ്റാണിതിനു സഹായിക്കുന്നത്.
വെണ്ടയ്ക്ക പച്ചയായും വിവിധതരത്തിൽ പാകം ചെയ്തും കഴിക്കാറുണ്ട്. വെണ്ടയ്ക്ക ഉപ്പേരി, വെണ്ടയ്ക്കാത്തീയൽ തുടങ്ങിയവ കേരളീയരുടെ ഇഷ്ടവിഭവങ്ങളിൽ പെടുന്നു. വെണ്ടയ്ക്കാ സൂപ്പ് രുചികരവും പോഷകസമൃദ്ധവും എളുപ്പത്തിൽ ദഹിക്കുന്നതുമാണ്. ഇളം വെണ്ടയ്ക്കയാണ് ഭക്ഷ്യയോഗ്യം. മൂത്തു കഴിഞ്ഞാൽ അവയിൽ നാരുകൾ ധാരാളം ഉണ്ടാകുമെന്നതിനാൽ ഭക്ഷണയോഗ്യമല്ലാതാകുന്നു.
Share your comments