വെണ്ടക്കയിൽ ധാരാളം വിറ്റാമിനുകളും കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ്, മാംസ്യം, റൈബോഫ്ളേവിൻ, നിയാസിൻ, ഇരുമ്പ്, സിങ്ക്, ചെമ്പ്, എന്നീ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.
നിലമൊരുക്കലും നടീലും
നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക. തിരഞ്ഞെടുത്ത സ്ഥലം 2-3 തവണ കിളച്ചിളക്കി കട്ടകൾ ഉടച്ച് കുളകൾ മാറ്റിയ സ്ഥലത്ത് കാലിവളം ചേർത്ത് ഇളക്കിയ ശേഷം 60 സെ.മീ അകലത്തിൽ ചാലുകളും വരമ്പുകളും നിർമ്മിക്കണം. മഴക്കാലത്ത് വരമ്പുകളിലും (കൂനയിൽ) വേനൽകാലത്ത് ചാലുകളിലും (കുഴികളിൽ) വിത്തു പാകി നടാവുന്നതാണ്. ഒരു കുഴിയിൽ രണ്ട് വിത്ത് പാകിയ ശേഷം മുളയ്ക്കുമ്പോൾ ഏറ്റവും ആരോഗ്യമുള്ള ചെടി നിർത്തിയാൽ മതി.
വരമ്പുകളിൽ വിത്തുകൾ പാകുമ്പോൾ 45 സെ.മീ അകലം നൽകണം. വേനൽകാലങ്ങളിൽ വിത്തുകൾ പാകുന്നതിന് 12 മണിക്കൂർ മുമ്പ് വെള്ളത്തിൽ ഇട്ട് കുതിർക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നതിനാൽ അതിവേഗത്തിൽ മുളച്ചുയരാൻ സഹായിക്കുന്നു.
പരിപാലനം
വിത്ത് പാകി 30 ദിവസം കഴിഞ്ഞാൽ ചെടിയുടെ ഇട ഇളക്കലും കളയെടുപ്പും നടത്തണം. കൂടെ വളപ്രയോഗവും അതിനായി ചാണകപ്പൊടി ഒരു കി.ഗ്രാം മണ്ണിര കമ്പോസ്റ്റ് 1 കി.ഗ്രാം, എല്ലുപൊടി 100 ഗ്രാം, വേപ്പിൻപിണ്ണാക്ക് 100 ഗ്രാം എന്നിങ്ങനെ മിക്സ് ചെയ്ത് ചെടി ഒന്നിന് 100 ഗ്രാം വീതം ഇട്ടു കൊടുക്കുക. മണ്ണുമായി ബന്ധപ്പെടുന്ന ഇലകൾ മുറിച്ചു കളയുക.
വളങ്ങളും കീടനിയന്ത്രണികളും
വിത്ത് പാകി 15 ദിവസം കഴിയുമ്പോൾ മുതൽ പഞ്ചഗവ്യം, അമൃതപാനി, ജീവാമൃതം ഇവയിൽ ഏതെങ്കിലുമൊന്ന് പത്ത് ദിവസത്തിലൊരിക്കൽ ഒഴിച്ചു കൊടുക്കുന്നത് വളർച്ചയ്ക്ക് നല്ലതാണ്.
ചെടികളിൽ രോഗമോ കീടമോ വരുന്നതുവരെ ജൈവകീട നിയന്ത്രണ ഉപയോഗിക്കാൻ കാത്തിരിക്കരുത്. ചെടി നട്ട് ഒരു നിശ്ചിത ദിവസത്തിലൊരിക്കൽ (അതായത് ചെടി നട്ട് ഏഴാം ദിവസം വളം നൽകുകയാണെങ്കിൽ 15 ദിവസം കീടനിയന്ത്രണി പ്രയോഗിക്കാം.) ഇങ്ങനെ ഇവ പത്ത് ദിവസം ഇടവിട്ട് പ്രയോഗിക്കുന്നത് രോഗകീടങ്ങൾ വരുന്നത് തടയാൻ നല്ലതാണ്.
അതിനായി വേപ്പെണ്ണ വെളുത്തുള്ളി ഇഞ്ചി മിശ്രിതം 100 മില്ലി 12 ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയുടെ ഇലകളുടെ അടിയിലും മുകളിലുമായി നനയത്തക്ക രീതിയിൽ തളിക്കുക. അല്ലെങ്കിൽ ഗോമൂത്രം കാന്താരി മിശ്രിതം പത്ത് മടങ്ങ് വെള്ളം ചേർത്ത് തളിക്കാം.
വിളവെടുപ്പ്
ഓരോ ഇനങ്ങൾ നടുന്ന രീതി, കാലാവസ്ഥ എന്നിവയെ അടിസ്ഥാമാക്കിയാണ് വെണ്ടയുടെ വിളവെടുപ്പ്. വിത്ത് പാകി 35 - 45 ദിവസം എത്തിയാൽ ആദ്യവിളവെടുപ്പ് നടത്താം. പിന്നെ രണ്ടു ദിവസത്തിലൊരിക്കൽ എന്ന തോതിലും വിളവെടുപ്പ് തുടരാം.
ചെടിയുടെ പൂവ് വിരിഞ്ഞ് 4-6 ദിവസത്തിനുള്ളിൽ കായ്കൾ നല്ല നീളം വയ്ക്കും. ഏഴാം ദിവസം മുതൽ പത്താം ദിവസം വരെ കായ്ക്കുള്ളിൽ നാര വച്ച് കഴിയും. ഇത് മനസ്സിലാക്കി വേണം പച്ചക്കറി ആവശ്യത്തിനുള്ള വിളവെടുക്കാൻ. ഒരു ചെടിയിൽ നിന്ന് 15 മുതൽ 18 വരെ വിളവെടുപ്പ് നടത്താൻ കഴിയും.
വിത്ത് ശേഖരണം
നല്ല ആരോഗ്യമുള്ള ചെടിയിൽ നിന്ന് വേണം വിത്തിനായുള്ള കായ്കൾ ശേഖരിക്കേണ്ടത്. ആദ്യത്തെ മൂന്ന് കായ്കൾ പച്ചക്കറിക്ക് എടുത്ത ശേഷം 4 മുതൽ 7 വരെയുള്ള കായ്കൾ വിത്തിനായി നിർത്താം. വീണ്ടും വരുന്ന കായ്കൾ പച്ചക്കറി ആവശ്യത്തിന് ഉപയോഗിക്കാവുന്നതാണ്. വിത്തിനായി നിർത്തുന്ന കായ്കൾ മൂത്ത് പാകമാകും വരെ ചെടിയിൽ തന്നെ നിർത്തേണ്ട താണ്. കായ്കൾ നന്നായി ഉണങ്ങിയാൽ പറിച്ചുണക്കി നല്ല വിത്ത് മാത്രം നടുന്നതിനായി സൂക്ഷിക്കാവുന്നതാണ്.
Share your comments