എല്ലാ മണ്ണും പുൽത്തകിടിക്കു യോജിച്ചതല്ല. 30 സെ.മി മണ്ണ് അനിവാര്യമാണ്. നീർവാർചയും വളക്കൂറുള്ളതുമായ മണ്ണാണ് നല്ലത്. മണ്ണിന്റെ അമ്ലക്ഷാരാവസ്ഥ 6 മുതൽ 7 വരെയാണ് ഉത്തമം. 5 മുതൽ 6 വരെയുള്ള മണ്ണിൽ 1000 ചതുരശ്ര അടിക്ക് 23 ഗ്രാം എന്ന അളവിൽ കുമ്മായം ചേർക്കാം. 4 ന് താഴെയുള്ള മണ്ണിൽ 27 ഗ്രാം എന്ന തോതിലും ഒരു തവണ ചേർക്കണം. കുമ്മായം ചേർക്കുന്നതുകൊണ്ട് മണ്ണിൻ്റെ ഭൗതികഗുണം മെച്ചപ്പെടുന്നതുകൂടാതെ ജല ആഗീകരണശേഷി വർധിപ്പിക്കുകയും മഗ്നീഷ്യം, കാൽസ്യം എന്നീ സൂക്ഷ്‌മ മൂലകങ്ങൾ നൽകുകയും ചെയ്യും.
4-5 മാസം കൊണ്ട് ഇതിന്റെ ഫലം ലഭ്യമാകും. 3-4 വർഷങ്ങൾക്കുശേഷം വീണ്ടും ചേർത്താൽ മതി. കളിമണ്ണിൽ 250 ഗ്രാം ജിപ്‌സം ച.മീറ്ററിന് ചേർക്കാം. ക്ഷാരമണ്ണിൽ 250 ഗ്രാം ചോക്ക് പൗഡറും ചേർത്ത് മണ്ണ് ശരിയാക്കാം. ഉഷ്ണകാലത്ത് ചൂടുകൂടുതലായതിനാൽ മണൽ പ്രദേശം പുൽത്തകിടിയ്ക്ക് യോജിച്ചതല്ല. എന്നാൽ ഈ മണ്ണിൽ ആവശ്യത്തിന് ചാണക കമ്പോസ്റ്റ്, ഇലപ്പൊടികൾ, ചാമ്പൽ എന്നിവ ചേർത്ത് വളകൂറുള്ളതാക്കാം. ആവശ്യത്തിലധികം ജലം വാർന്നുള്ള നഷ്ടം ഒഴിവാക്കാൻ 10 സെ.മീറ്റർ ഘനത്തിൽ ചെളിമണ്ണ് 30-45 സെ.മീറ്റർ താഴെയായി ചേർത്തു കൊടുത്താൽ മതി.
പുൽത്തകിടി നിർമിക്കാൻ അനുയോജ്യമായ സമയം, നനയ്ക്കാൻ സൗകര്യമുണ്ടെങ്കിൽ വേനൽക്കാലത്തും കൂടാതെ മഴക്കാലത്തുമാണ്. വേരുകൾ പുഷ്‌ടിയായി വളരുന്നതിനും പോഷകാംശങ്ങൾ വലിച്ചെടുക്കുന്നതിനും ഉതകുന്ന വിധം മണ്ണ് ഇളക്കമുള്ളതാക്കി തീർക്കാൻ ചാലുകൾ എടുക്കുന്നത് സഹായിക്കും. മണ്ണിലെ കല്ലുകൾ, വേരുകൾ, മറ്റു വസ്‌തുക്കൾ എന്നിവ മാറ്റാനും ചാലുകൾ എടുത്തു മണ്ണ് തയ്യാറാക്കുന്നതു നല്ലതാണ്.
കല്ലുകൾ മാറ്റുന്നതുകൊണ്ട് മോവറിനു കേടുണ്ടാവുകയില്ല. മെയ്- ജൂൺ മാസം പുൽത്തകിടിയുണ്ടാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിൻ്റെ ഒരറ്റത്തുനിന്ന് 30-45 സെ.മീറ്റർ ആഴത്തിൽ 60-75 സെ.മീറ്റർ വീതിയിൽ ചാലെടുത്ത് മണ്ണ് മാറ്റുക. ഇതേ അളവിൽ മുന്നോട്ട് കിളയ്ക്കുന്ന മണ്ണ് ആദ്യത്തെ ചാലിലേക്കു മറിക്കുക. ഈ രീതിയിൽ മുഴുവൻ സ്ഥലവും ഇളക്കി മറിക്കുക. 1-2 മാസം വരെ ഇളക്കിയ മണ്ണ് സൂര്യപ്രകാശം ഏൽക്കത്തക്ക വിധം ഇടുക. കളകളുടേയും കീടങ്ങളുടേയും ശല്യം ഒഴിവായികിട്ടും. കട്ടകൾ ഉടച്ച് വെള്ളം കെട്ടി നിറുത്തി ഉണങ്ങിയതിനു ശേഷം വീണ്ടും നിരപ്പാക്കുക.
Share your comments