പുല്ലിനങ്ങളും പയറുവർഗ്ഗങ്ങളും ഒന്നിച്ച് കൃഷി ചെയ്യുന്നതുകൊണ്ട് മണ്ണിന് അധികമായി ലഭിക്കുന്ന പാക്യജനകം പുല്ലിന് വളമായി ഭവിക്കുന്നതോടൊപ്പം ഒന്നിച്ച് അരിഞ്ഞു കൊടുക്കാവുന്നതുമാണ്. പുല്ലിലെ അന്നജവും പയറുവർഗ്ഗത്തിലെ മാംസ്യവും ഒന്നിച്ച് കാലികൾക്ക് ലഭിക്കുകയും ചെയ്യുന്നു.
സമ്മിശ്ര വിളകളുടെ വിത്തുപാക്കറ്റുകൾ വിവിധ സർക്കാർ സ്ഥാപനങ്ങളിൽനിന്നും മറ്റ് പല ഏജൻസികളിൽനിന്നും കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. പയറുവർഗ്ഗങ്ങളിൽ സ്റ്റെലോസാന്താസ്, സാന്താസ്, സെൻട്രോസീമ, പ്യൂറേറിയ, ഡൊഡിയം മുതലായവയുടെ വിത്തുകളും കോംഗോസിഗ്നൽ, ഗിനി, സെറിയ മുതലായവയുടെ വിത്തുകളുമാണ് സമ്മിശ്ര പായ്ക്കറ്റുകളിൽ സാധാരണ കണ്ടുവരാറുള്ളത്. ഇത് തീറ്റപ്പുൽ പയറുവർഗ്ഗ മിശ്രിതം എന്നപേരിലാണ് അറിയപ്പെടുന്നത്.
നല്ല നീർവാർച്ചയുള്ള ഏതുതരം മണ്ണിലും ഇത് കൃഷി ചെയ്യാം. മേയ്-ജൂൺ മാസങ്ങളിൽ കാലവർഷാരംഭത്തോടെയാണ് കൃഷി ചെയ്യുവാൻ പറ്റിയ സമയം. നിലം ഒരുക്കുമ്പോൾ തന്നെ അടിവളമായി 10 ടൺ ചാണകവും 30 കി.ഗ്രാം ഫോസ്ഫറസും 50 കി.ഗ്രാം. പൊട്ടാഷും ലഭിക്കത്തക്കവിധം രാസവളവും ചേർക്കണം. ഒരു ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുവാൻ 10 കിലോഗ്രാം വിത്ത് വേണം. നിലം നന്നായി ഒരുക്കി വേണം വിത്ത് വിതയ്ക്കുവാൻ. ചെറിയ വിത്തായതിനാൽ വിത്ത് മണ്ണിനടിയിൽ ഒരു സെന്റീമീറ്റർ താഴ്ചയിൽ പോകാനിടയാവരുത്. ഉറുമ്പ് എടുക്കാതിരിക്കുവാൻ വിത്ത് കീടനാശിനിപ്പൊടിയുമായി കലർത്തി വിതയ്ക്കണം.
വിത്തു വിതച്ച് മൂന്നുമാസത്തിനകം ആദ്യ വിളവെടുക്കണം. തുടർന്ന് 3 ആഴ്ച മുതൽ ഒരു മാസത്തിനുള്ളിൽ പുല്ലരിയാവുന്നതാണ്. ഓരോ വിളവെടുപ്പിനു ശേഷവും ചാണകവും ഗോമൂത്രവും കലർന്ന സ്ലറി തളിച്ചു കൊടുക്കുന്നത് നല്ലതാണ്. ഒരിക്കൽ കൃഷിയിറക്കിക്കഴിഞ്ഞാൽ മൂന്നുനാലു വർഷം തുടർച്ചയായി പുല്ല് ലഭിക്കും. ആവശ്യമായ ജലസേചനവും വളപ്രയോഗവുമുണ്ടെങ്കിൽ 80-100 ടൺവരെ പുല്ല് ഒരു വർഷം ഒരു ഹെക്ടർ സ്ഥലത്തുനിന്നും ലഭിക്കുന്നതാണ്.
Share your comments