നാടൻ ഭക്ഷണത്തിന്റെ പ്രാധാന്യം നാം അറിയുന്നത് മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ നമുക്കുണ്ടാകുമ്പോഴാണ് . കൃഷിയില്‍ രാസവളങ്ങളുടെയും രാസകീടനാശിനികളുടെ അനിയന്ത്രിതവും അസന്തുലിതവുമായ ഉപയോഗം മൂലമാണ് നമ്മുടെ ഭക്ഷണം വിഷമയമായത്.
അങ്ങനെയാണ് രാസവസ്തുക്കളെ ഒഴിവാക്കിക്കൊണ്ടുള്ള ജൈവകൃഷിയ്ക്ക് അടുത്തകാലത്തായി പ്രാധാന്യം കൂടി വന്നത്. ജൈവ കൃഷിയ്ക്ക് വളരെയധികം പ്രാധാന്യം ഉണ്ട് ഇന്ന്. ജൈവകൃഷിയില്‍ മിക്ക കർഷകരും ജീവാണുവളങ്ങള്‍ക്കും ജൈവവളങ്ങള്‍ക്കുമൊപ്പം ദ്രാവകജൈവവളങ്ങളും ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.
ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന പ്രക്രിയയാണ് ജൈവവളങ്ങള്‍ ചെയ്യുന്നത്. ഈ ജൈവ വളങ്ങൾ ഇലകളില്‍ തളിച്ച് കൊടുക്കുന്നതിനാല്‍ ഇവയുടെ ഫലം പെട്ടെന്ന് ദൃശ്യമാകും.
പഞ്ചഗവ്യം, ജീവാമൃതം, ഫിഷ് അമിനോ ആസിഡ്, വെര്‍മി വാഷ്, കടല വേപ്പിന്‍പിണ്ണാക്ക് തെളി, ഇ എം ലായനി തുടങ്ങിയവയാണ് ഏറ്റവും ഫലപ്രദമായ ജൈവവളങ്ങള്‍.
നാടന്‍ പശുവില്‍ നിന്നുള്ള വിഭവങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന പഞ്ചഗവ്യമാണ് ഏറ്റവും ഫലപ്രദമായ ദ്രാവക ജൈവവളം. പാല്‍, തൈര്, നെയ്യ്, ഗോമൂത്രം, ചാണകം എന്നീ അഞ്ച് ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ഇളനീര്‍, പൂവന്‍പഴം, കരിമ്പിന്‍ നീര് അല്ലെങ്കില്‍ ശര്‍ക്കരനീര് എന്നിവയും പഞ്ചഗവ്യത്തില്‍ ചേര്‍ക്കുന്നു. പ്ലാസ്റ്റിക് പാത്രമോ മണ്‍പാത്രമോ പഞ്ചഗവ്യയമുണ്ടാക്കാന്‍ ഉപയോഗിക്കാം.
ആദ്യം ഏഴ് കിലോഗ്രാം ചാണകം, ഒരു കിലോഗ്രാം പശുവിന്‍ നെയ്യ് എന്നിവ നന്നായി ഇളക്കി ചേര്‍ക്കുക. ഈ മിശ്രിതം രാവിലെയും വൈകുന്നേരവും ഇളക്കി മൂന്ന് ദിവസം സൂക്ഷിക്കുക. അതിന് ശേഷം ഈ മിശ്രിതത്തിലേക്ക് 10 ലിറ്റര്‍ ഗോമൂത്രവും 10 ലിറ്റര്‍ വെള്ളവും ചേര്‍ക്കുക. ഇത് രാവിലെയും വൈകുന്നേരവും ഇളക്കി 15 ദിവസം സൂക്ഷിക്കണം. ഇതിന് ശേഷം ഇതിലേക്ക് മൂന്നുലിറ്റര്‍ പശുവിന്‍ പാല്‍ രണ്ട് ലിറ്റര്‍ തൈര് മൂന്ന് ലിറ്റര്‍ ഇളനീര്‍ മൂന്ന് ലിറ്റര്‍ കരിമ്പിന്‍ നീര് അല്ലെങ്കില്‍ മൂന്ന് കിലോഗ്രാം ശര്‍ക്കര നന്നായി പഴുത്ത പൂവന്‍പഴം ഉടച്ചത് 12 എണ്ണം എന്നിവ ചേര്‍ക്കുക.
പശുവില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് പുറമേയുള്ളവ ചേര്‍ക്കുന്നത് പുളിക്കല്‍ പ്രക്രിയ ത്വരിതപ്പെടുത്തും. ഈ മിശ്രിതം രാവിലെയും വൈകുന്നേരവും ഇളക്കി മുപ്പത് ദിവസം സൂക്ഷിക്കുമ്പോള്‍ പഞ്ചഗവ്യം തയ്യാറാകും . പഞ്ചഗവ്യം തയ്യാറാക്കുന്ന ടാങ്കിന്റെയോ കുടത്തിന്റെയോ വായ് പ്ലാസ്റ്റിക് കൊതുകുവല കൊണ്ടോ വയര്‍മെഷ് കൊണ്ടോ മൂടിവെച്ച് കൊതുകും പ്രാണികളും ഇതിനുള്ളില്‍ കടക്കുന്നത് തടയണം. പാത്രം തണലത്താണ് സൂക്ഷിക്കേണ്ടത്. പ്രധാനപ്പെട്ട പോഷകമൂലകങ്ങളും വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഹോര്‍മോണുകളുകളും സൂക്ഷ്മാണുക്കളുമെല്ലാം പഞ്ചഗവ്യത്തില്‍ അടങ്ങിയിട്ടുണ്ട്. പഞ്ചഗവ്യം അരിച്ചെടുത്തതിന് ശേഷം നേര്‍പ്പിച്ച് ഏത് വിളകള്‍ക്കും ഇലകളില്‍ തളിച്ച് കൊടുക്കാം. മൂന്ന് ശതമാനം വീര്യത്തില്‍ തളിച്ച് കൊടുക്കുന്നതാണ് ഏറ്റവും ഫലപ്രദം. ഒരു ലിറ്റര്‍ വെള്ളത്തില്‍ 30 മില്ലീലിറ്റര്‍ പഞ്ചഗവ്യം എന്ന നിരക്കില്‍ നേര്‍പ്പിച്ച് തളിച്ച് കൊടുക്കണം.
സുഭാഷ് പലേക്കറിന്റെ ചെലവില്ലാകൃഷി അഥവാ സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് രീതിയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ദ്രാവക ജൈവവളമാണ് ജീവാമൃതം. പത്ത് കിലോഗ്രാം ചാണകം. പത്ത് കിലോഗ്രാം ഗോമൂത്രം, രണ്ട് കിലോഗ്രാം ചെറുപയര്‍, മുളപ്പിച്ചരച്ച മതിര, ഒരു കിലോ ശര്‍ക്കര, രണ്ട് ലിറ്റര്‍ തേങ്ങാ വെള്ളം. അരകിലോഗ്രാം കന്നിമണ്ണ് തുടങ്ങിയവയാണ് ജീവാമൃതം തയ്യാറാക്കാന്‍ ഉപയോഗിക്കുന്നത്. ഇവയെല്ലാം കൂടി 200 ലിറ്റര്‍ വെള്ളത്തില്‍ കലക്കി വെക്കണം. ജീവാമൃതം തയ്യാറാക്കുന്ന പാത്രം തുണി കൊണ്ട് മൂടി തണലത്ത് വെക്കണം. മിശ്രിതം രാവിലെയും വൈകിട്ടും 15 മിനിറ്റ് നേരം വലത്തോട്ട് ഇളക്കിക്കൊടുക്കണം. രണ്ട് ദിവസത്തിനുള്ളില്‍ ജീവാമൃതം തയ്യാറാകും. ഇത് ചെടികളുടെ ചുവട്ടില്‍ ആവശ്യാനുസരണം ഒഴിച്ച് കൊടുക്കാം.
കീട-രോഗ ബാധയില്‍ നിന്നും വിമുക്തമായി വിളകളെ ആരോഗ്യത്തോടെ തഴച്ച് വളരാന്‍ സഹായിക്കുന്നു. ദ്രാവക ജൈവ വളമാണ് മീന്‍- ശര്‍ക്കര മിശ്രിതം അഥവാ ഫിഷ് അമിനോ ആസിഡ്. ഒരു കിലോ പച്ചമത്തി ചെറുതായി മുറിച്ച് രണ്ടുകിലോ ശര്‍ക്കരയും ചേര്‍ത്ത് നന്നായി ഇളക്കി വായുകടക്കാതെ ഒരു പാത്രത്തില്‍ അടച്ച് വെക്കണം. മൂന്നാഴ്ച്ച കൊണ്ട് ഈ മിശ്രിതം തയ്യാറാകും. ഇതു തയ്യാറാക്കാന്‍ പ്ലാസ്റ്റിക് ബക്കറ്റോ ജാറോ ഉപയോഗിക്കാം. യാതൊരു ദുര്‍ഗന്ധവുമില്ലാത്ത കൊഴുത്ത ദ്രാവകമാണിത്.
രണ്ട് മൂന്ന് മാസം വരെ ഇത് സൂക്ഷിച്ച് വെക്കാം ഈ മിശ്രിതം നന്നായി അരിച്ചെടുത്ത് രണ്ട്- മൂന്ന് മില്ലിലിറ്റര്‍ വെള്ളത്തില്‍ എന്ന നിരക്കില്‍ കലക്കി ചെടികളുടെ ഇലകളില്‍ തളിച്ച് കൊടുക്കണം. ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഈ ദ്രാവകവളത്തിന് കീടനാശിനിയായി പ്രവര്‍ത്തിക്കാനും ശേഷിയുണ്ട്. ചെറുനാരങ്ങാനീര്, കോഴിമുട്ടകള്‍, ശര്‍ക്കര എന്നിവ ചേര്‍ത്ത് മുട്ട ശര്‍ക്കര മിശ്രിതം അഥവാ എഗ്ഗ് അമിനോ ആസിഡ് തയ്യാറാക്കാം. 10 നാടന്‍ കോഴിമുട്ടകള്‍ തോടൊടുകൂടി ഒരു കുപ്പിയിലിട്ട് അവ മുങ്ങുന്ന വിധത്തില്‍ ചെറുനാരങ്ങാനീര് പിഴിഞ്ൊഴിക്കുക. വായുകടക്കാതെ ഈ പാത്രം 10 ദിവസം അടച്ച് വെക്കണം . അതിന് ശേഷം മുട്ടപൊട്ടിച്ച് നന്നായി ഇളക്കി ചേര്‍ക്കുക. ഇതിലേക്ക് 250 ഗ്രാം ശര്‍ക്കര പൊടിച്ച് ചേര്‍ത്ത് നന്നായി ഇളക്കണം.
ഈ മിശ്രിതം വീണ്ടും പത്ത് ദിവസം കൂടി സൂക്ഷിക്കണം. ഇതില്‍ നിന്നും രണ്ട്- മൂന്ന് മില്ലിലിറ്റര്‍ എടുത്ത് ഒരു മില്ലി ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചതിന് ശേഷം ഇലകളില്‍ തളിച്ച് കൊടുക്കാം. ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും പെട്ടെന്ന് പുഷ്പിക്കുന്നതിനും എഗ്ഗ് അമിനോ ആസിഡ് സഹായകമാണ്.
ഗോമൂത്രവും നല്ലൊരു ജൈവവളവും കീടനാശിനിയുമാണ്. ഇത് ആറേഴിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ശേഷം ആഴ്ച്ചയിലൊരിക്കല്‍ ചെടികളില് തളിച്ച് കൊടുക്കാം. ചെടികള്‍ തഴച്ച് വളരാന്‍ ഇത് സഹായിക്കും. ചാണകത്തേക്കാള്‍ പോഷകമേന്മയുള്ള ദ്രാവകജൈവവളമാണ് ബയോഗ്യാസ് ഉല്പാദനത്തിന് ശേഷം പ്ലാന്റില്‍ നിന്ന് പുറന്തള്ളുന്ന ബയോഗ്യാസ് സ്ലറി. നൈട്രജന്‍, ഫോസ്ഫറസ് എന്നിവയ്ക്ക് പുറമേ മാംഗനീസ്, ഇരുമ്പ്, സിങ്ക്, കോപ്പര്‍ തുടങ്ങി സസ്യങ്ങളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ആവശ്യം വേണ്ട മൂലകങ്ങളെല്ലാം ഇതിലടങ്ങിയിട്ടുണ്ട്. ബയോഗ്യാസ് സ്ലറി നേരിട്ട് കൃഷിയിടങ്ങളിലേക്ക് പമ്പു ചെയ്യുകയോ ഇലകളില്‍ തളിച്ച് കൊടുക്കുകയോ ചെയ്യാം. മണ്ണിര കമ്പോസ്റ്റ് തയ്യാറാക്കിയ ശേഷം ലഭിക്കുന്ന വെര്‍മി വാഷും മികച്ച ഒരു ദ്രാവക ജൈവവളമാണ്.
മണ്ണിരകമ്പോസ്റ്റ് തയ്യാറാക്കിയ ശേഷം മണ്ണിരകളെ മാറ്റി വെള്ളം ഒഴിച്ചാല്‍ അത് സാവധാനം അരിച്ചിറങ്ങി പാത്രത്തിന്റെ അടിഭാഗത്ത് ശേഖരിക്കപ്പെടും. ഇത് ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചതിന് ശേഷം ചെടികള്‍ക്ക് തളിച്ച് കൊടുക്കാം പച്ചചാണകം 200 ഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് ഇലകളില്‍ തളിച്ചാല്‍ ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താം. ചില ബാക്ടീരിയല്‍ രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനും ചാണകവെള്ളം തളിക്കുന്നത് നല്ലതാണ്.
ഇഎം ലായനി, കടല വേപ്പിന്‍ പിണ്ണാക്ക് തെളി എന്നിവയും മികച്ച ദ്രാവക ജൈവവളങ്ങളാണ്. 10 കിലോ വേപ്പിന്‍പിണ്ണാക്കും 10 കിലോഗ്രാം കടലപ്പിണ്ണാക്കും 75 ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ക്കണം. ഇതിലേക്ക് 25 കിലോ പച്ചച്ചാണകവും 10 ലിറ്രര്‍ ഗോമൂത്രവും 10 ലിറ്റര്‍ കഞ്ഞിവെള്ളവും ചേര്‍ത്ത് 20 ദിവസം വെക്കണം. എല്ലാ ദിവസവും ഇത് 10 മിനിറ്റ് നേരം ഇളക്കണം. ഇത് നാലിരട്ടി വെള്ളം ചേര്‍ത്ത് ചെടികളുടെ ചുവട്ടില്‍ ഒഴിച്ച് കൊടുക്കണം. ഇലകളില്‍ തളിച്ച് കൊടുക്കണം. കടലവേപ്പിന്‍ പിണ്ണാക്ക് തെളി ഉപയോഗിക്കാം.
ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും കീട- രോഗ പ്രതിരോധത്തിനും ഇത് നല്ലതാണ് ഇഎം ലായനി തയ്യാറാക്കുന്നതിന് മൂന്ന് കിലോഗ്രാം വിതം പഴുത്ത മത്തങ്ങ, പപ്പായ, പാളയന്‍കോടന്‍ പഴം എന്നിവ തൊലിയടക്കം മിക്‌സിയില്‍ ഇട്ട് നന്നായി അരയ്ക്കണം. ഇതിലേക്ക് 10 ലിറ്റര്‍ വെള്ളം ചേര്‍ത്ത് ഇളക്കിയതിന് ശേഷം ഒരു കോഴിമുട്ട പൊട്ടിച്ച് ചേര്‍ക്കണം. ഇതിലേക്ക് ഒരു കിലോഗ്രാം പൊടിച്ച ശര്‍ക്കരയും ചേര്‍ക്കണം ഇവയെല്ലാം കൂടി നന്നായി ഇളക്കിയതിന് ശേഷം പാത്രത്തിന്റെ വായ തുണി കൊണ്ട് മൂടി കെട്ടണം. 22ാം ദിവസം ഈ ലായനി 30 മില്ലിലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന നിരക്കില്‍ നേര്‍പ്പിച്ചതിന് ശേഷം ചെടികള്‍ക്ക് ഇലകളില്‍ തളിച്ച് കൊടുക്കാം ചെടികള്‍ തഴച്ച് വളരുന്നതിനും വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും സഹായിക്കുന്ന ദ്രാവക ജൈവവളമാണ് ഇഎം ലായനി.
Share your comments