ശീമനെല്ലിയുടെ പ്രവർധനം ഏതു രീതിയിലാണ്
ശീമനെല്ലി വിത്തു മൂലവും പതി വെച്ചും വംശവർധനവ് നടത്തുന്നു. വിത്തിൻറെ പുറന്തോടിനു കട്ടിയുള്ളതിനാൽ കിളിർക്കാൻ കാലതാമസം നേരിടുന്നു. വിത്തെടുത്ത് പാറക്കല്ലിലോ മറ്റോ ഉരച്ച് പുറന്തോടിന്റെ കട്ടി കുറച്ച ശേഷം കിളിർപ്പിക്കാൻ ഉപയോഗിക്കുന്ന പതിവ് വീട്ടമ്മമാർ സ്വീകരിച്ചു വരുന്നുണ്ട്. എന്നാൽ പതിവയ്ക്കൽ എളുപ്പം ചെയ്യാൻ കഴിയുന്നതിനാൽ ആ രീതിക്കാണ് കൂടുതൽ പ്രചാരം. വായവ പതിവയ്ക്കലാണ് നെല്ലിയിൽ സ്വീകരിച്ചുവരുന്നത്. വായവ പതിവയ്ക്കൽ നടത്തുന്ന രീതി അന്യത്ര ചേർത്തിരിക്കുന്നു.
ശീമനെല്ലിയുടെ തൈ നടാൻ കുഴി തയാറാക്കുന്ന വിധവും തൈ നടുന്ന രീതിയും എങ്ങനെ
50 സെ.മീറ്റർ വീതം, നീളം, വീതി, താഴ്‌ചയുള്ള കുഴിയെടുത്ത് മേൽമണ്ണും ഉണക്ക ചാണകപ്പൊടിയും കലർത്തി മൂടണം. വിത്ത് കിളിർപ്പിച്ചെടുക്കുന്നവ വിത്തു പാകുന്നതു മുതൽ നടാൻ ഉപയോഗിക്കുന്നതു വരെ ആറു മാസക്കാലത്തോളം വേണ്ടി വരുന്നു. പതിവച്ചെടുക്കുന്ന തൈകൾ രണ്ടു മാസത്തിനകം തയാറാകും. കാലവർഷാരംഭത്തോടെ തൈ നടുന്നതാണ് ഉത്തമം.
നട്ട് എത്ര വർഷം കഴിയുമ്പോൾ മരം കായ്ച്ചു തുടങ്ങുന്നു
രണ്ടാം വർഷം മുതൽ പതി വച്ചെടുത്ത തൈകൾ കായ്ച്ചു തുടങ്ങുമെങ്കിലും മൂന്നു വർഷം കഴിഞ്ഞ ശേഷമേ തുടർച്ചയായി കായ്ക്കാൻ അനുവദിക്കാവൂ. അതു വരെ പൂക്കൾ നുള്ളിക്കളയേണ്ടതാണ്. വിത്തു കിളിർപ്പിച്ചു നടുന്നവയും മൂന്നാം വർഷം മുതൽ കായ്ച്ചു തുടങ്ങും. കൂടാതെ ഇതിന് എപ്പോഴും കായ്ക്കുന്ന ഒരു സ്വഭാവമാണുള്ളത്. എങ്കിലും ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലാണ് കൂടുതൽ ഫലങ്ങൾ ലഭിക്കുന്നത്.
ഉണക്ക് ആരംഭിക്കുന്നതോടെ ചെടിക്ക് ചുറ്റും ആഴം കുറഞ്ഞ തടമെടുത്ത് കരിയിലയും മറ്റും ചുവട്ടിലിട്ട് പുത നൽകണം. ഇത് ചെടിയുടെ വേരുകൾ ഉണങ്ങാതിരിക്കുന്നതിനും മണ്ണിൽ ഈർപ്പം നിലനിർത്തുന്നതിനും സഹായിക്കും.
കായ്കൾ വിളഞ്ഞു പാകമാകുമ്പോൾ പച്ചനിറം മാറി ഇളംചുവപ്പുനിറം ലഭിക്കുന്നു. അതു പിന്നെ കടുംചുവപ്പായി മാറുന്നു. ഇളം ചുവപ്പ് നിറമാകുമ്പോൾ കൈ കൊണ്ട് പറിച്ചെടുക്കാവുന്നതാണ്. പലപ്പോഴായി വിളഞ്ഞു പഴുക്കുന്നതിനാൽ കൂടക്കൂടെ പറിച്ചെടുത്തില്ലെങ്കിൽ പഴുത്തു കൊഴിഞ്ഞുവീണു ഉപയോഗശൂന്യമാകുന്നു.
Share your comments