നമ്മുടെ നാടൻ പീരികങ്ങായി (സ്‌പോഞ്ച് പീച്ചിങ്ങ) (Luffa cylindrica - Loofah, Sponge Gourd) ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിൽ കലർന്നിട്ടുള്ള വിഷ പദാർത്ഥങ്ങളെ പുറംതള്ളി രക്തം ശുദ്ധീകരിക്കാൻ സഹായിക്കുന്നു. ഈ പ്രക്രിയയിലൂടെ അവ കരളിന്റെ ആരോഗ്യ സംരക്ഷണത്തിലും പ്രധാന പങ്കുവഹിക്കുന്നു കൂടാതെ അമിത മദ്യപാനം മൂലം ഉണ്ടാകുന്ന പാർശ്വഫലങ്ങളിൽ നിന്നും ശമനം നൽകാനും രക്ത കുഴലുകളിലുള്ള തടസ്സങ്ങൾ നീക്കം ചെയ്യാനും സഹായിക്കും. ധാരാളം നാരുകളടങ്ങിയ പച്ചക്കറിയായതിനാൽ ഇവ ഭക്ഷിക്കുന്നത് ദഹനപ്രക്രിയ എളുപ്പമാക്കുകയും ദഹനേന്ദ്രിയത്തിന്റെ പ്രവർത്തനം ഊർജ്ജപ്പെടുത്തുകയും ചെയ്യും.
രോഗമുക്തി ത്വരിതപ്പെടുത്താൻ
മഞ്ഞപ്പിത്തരോഗ ബാധിതർക്ക് രോഗശമനത്തിനായി ഇവയുടെ പഴച്ചാർ കുടിക്കാൻ നൽകുന്നതായും കണ്ടുവരുന്നു. ഇതു രോഗമുക്തി ത്വരിതപ്പെടുത്താൻ സഹായിക്കും. ഇവയിലടങ്ങിയിട്ടുള്ള കൊഴുപ്പിന്റെ പ്രദാനം ചെയ്യുന്ന കലോറിയുടെ അളവും വളരെ കുറവായതിനാൽ ജീവിതശൈലി രോഗങ്ങളായ കൊളസ്ട്രോൾ, അമിതവണ്ണം എന്നിവ നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ അസിഡിറ്റി, അൾസർ എന്നി രോഗാവസ്ഥകളിൽ നിന്നും ശരീരത്തെ ഇവ സംരക്ഷിക്കും. ഇൻസുലിൻ ഉത്പാദനം വർദ്ധിപ്പിക്കാനും ഇവയ്ക്ക് കഴിവുണ്ട്. അതുപ്രകാരം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ചു പ്രമേഹം നിയന്ത്രണ വിധേയമാക്കാനും സഹായിക്കുന്നു.
ബീറ്റാ കരോട്ടിൻ ധാരാള മടങ്ങിയതിനാൽ കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ച ശക്തി വർദ്ധിപ്പിക്കാനും ഉത്തമമാണ്. ചർമ്മാരോഗ്യ സംരക്ഷണത്തിലും ഇവ പ്രധാന പങ്കുവഹിക്കുന്നു. രക്ത ശുദ്ധീകരണ കഴിവുള്ളതിനാൽ മുഖക്കുരുവും ചർമ്മത്തിലെ മറ്റു പല പ്രശ്നങ്ങൾ തടയാനും ഇവ സഹായിക്കുന്നു. ആന്റി ഓക്സിഡന്റായ വിറ്റാമിൻ സിയാൽ സമ്പന്നമായതിനാൽ ചർമ്മത്തിന്റെ നിർജ്ജലീകരണം തടയാനും ചർമ്മത്തിലെ പുളിവുകൾ കുറയ്ക്കാനും യൗവ്വനം നിലനിർത്താനും സഹായിക്കുന്നു.
നിരവധി വിഭവങ്ങൾ തയ്യാറാക്കാം
പീരികങ്ങായുടെ (സ്‌പോഞ്ച് പീച്ചിങ്ങ) മൂപ്പെത്താത്ത കായ്കളാണ് പച്ചക്കറി ആവശ്യത്തിനായി ഉപയോഗിക്കുന്നത്. ഈ കായ്കൾ ഇളം പച്ച നിറത്തിലോ കടും പച്ച നിറത്തിലോ കാണപ്പെടുന്നു, കൃഷി ചെയ്യുന്ന ഇനങ്ങൾക്കനുസരിച്ചു ഇവ വ്യത്യസ്തപ്പെടാം. ഇവ പാകം ചെയ്ത് ഭക്ഷിക്കുകയോ അല്ലെങ്കിൽ കക്കിരി പോലെ സലാഡുകളിൽ ചേർത്തു കഴിക്കുകയോ ചെയ്യാം.
പീരികങ്ങായി (സ്‌പോഞ്ച് പീച്ചിങ്ങ) ഉപയോഗിച്ച് രുചികരമായ നിരവധി വിഭവങ്ങൾ തയ്യാറാക്കാം. ഉദാഹരണമായി സൂപ്പുകൾ, കറികൾ, ചട്നി, വറവുകൾ എന്നിവ തയ്യാറാക്കാം. ജലാംശം വളരെ കൂടുതലുള്ള കായ്കളായതിനാൽ ഇവ പെട്ടെന്ന് വേവിച്ചെടുക്കാൻ സാധിക്കും. ആവിയിൽ വേവിച്ചെടുത്ത് സോയ സോസും എണ്ണയും ചേർത്തു കഴിക്കാം. ഇതിലേക്ക് സ്വാദ് കൂട്ടുന്നതിനായി വെളുത്തുള്ളിയും മുളകും ചതച്ചുചേർക്കാം.
സബ്ജി, ബജി എന്നിവ തയ്യാറാക്കാനും ഉപയോഗിക്കാം. കൂടാതെ മീൻ, ഇറച്ചി, ഉരുളകിഴങ്ങ് എന്നിവയുടെ കൂടെയും പാകം ചെയ്യു മ്പോൾ ഇവയുടെ ക ങ്ങൾ ചേർത്തുകൊടുക്കാം. ജലാംശം കൂടുതലായതിനാൽ ഇവ പാകം ചെയ്യുമ്പോൾ അധികം വെള്ളം ചേർക്കേണ്ടതില്ല. മൂപ്പെത്തുന്നതോടു കൂടി, കായ്കളുടെ ഉൾഭാഗം നാരുകൾ നിറഞ്ഞ് ചകിരി പോലെയാകും. ഇവ പാത്രം കഴുകാനും ശരീരം തേച്ചുകുളിക്കാനും ഉപയോഗിക്കാം.
കൃഷി ചെയ്യാൻ
എല്ലാതരത്തിലുള്ള മണ്ണിലും വളരുമെങ്കിലും മണൽ കലർന്ന പശിമരാശി മണ്ണാണ് ഏറ്റവും അനുയോജ്യം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലമാണ് മിനുസ്സ പീച്ചിലിൽ കൃഷി ചെയ്യാനായി തിരഞ്ഞെടുക്കേണ്ടത്.
ധാരാളം വെള്ളം ആവശ്യമായി വരുന്ന ഈ വിള, മതിയായ ജലസേചനം ഉറപ്പുവരുത്താൻ കഴിയുന്ന പ്രദേശങ്ങളിൽ മാത്രമേ വേനൽ കാലങ്ങളിൽ കൃഷി ചെയ്യാൻ സാധിക്കുകയുള്ളു. ഫെബ്രുവരി-മാർച്ച് അല്ലെങ്കിൽ മെയ് ജൂൺ എന്നീ മാസത്തിലാണ് പീരികങ്ങായി (സ്‌പോഞ്ച് പീച്ചിങ്ങ) കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം. മറ്റു വെള്ളരി വർഗ്ഗവിളകളിൽ അനുവർത്തിച്ചുവരുന്ന കൃഷി മുറകൾ തന്നെയാണ് ഇവയിലും പിന്തുടരേണ്ടത്.
Share your comments