സാധാരണയായി നാം എല്ലാ മാവിലും കാണാറുള്ള ഒരു രോഗമാണ് അതിന്റെ ഇളം കൊമ്പുകൾ ഉണങ്ങുകയെന്നത്- പ്രത്യേകിച്ചും ഒട്ടുമാവുകളിൽ. രണ്ടു കാരണങ്ങൾ കൊണ്ട് ഇത്തരം കൊമ്പുണക്കം ഉണ്ടാകാറുണ്ട്. ഒന്ന് ഒരു തരം ചെറിയ കീടങ്ങളുടെ ഉപദ്രവം. വളരെ ശ്രദ്ധിച്ചു നിരീക്ഷിച്ചില്ലെങ്കിൽ തിരിച്ചറിയാൻ പ്രയാസമായിരിക്കും. അതു കൊണ്ടു തന്നെ വേണ്ട സമയത്ത് ആവശ്യമായ നിയന്ത്രണനടപടികൾ സ്വീകരിക്കാൻ കഴിയാതെ വരികയും കൊമ്പുകൾ പൂർണമായും ഉണങ്ങിപ്പോകുവാൻ ഇടവരികയും ചെയ്യുന്നു.
മാമ്പു ജാസ്സിഡ് എന്ന ഇനത്തിൽപ്പെട്ട മൂന്നുനാലിനം ചെറുതും എട്ടിലൊന്ന് ഇഞ്ചു മാത്രം നീളമുള്ളതും ചാരനിറത്തോടു കൂടിയതുമായ ചെറുപ്രാണികളാണ് ഒരു കൂട്ടർ. ഇവയെ മാങ്കോ ഹോപ്പർ എന്നും വിളിക്കുന്നു. ഇവ മാവിൻ്റെ ഇളം കൂമ്പിനുള്ളിലും പൂങ്കുലത്തണ്ടിനുള്ളിലും മുട്ടയിടുന്നു.
മഞ്ഞു കാലമാകുമ്പോഴേക്കും അതായത്, ഡിസംബർ-ഫെബ്രുവരി മാസങ്ങളിൽ, ഇവ മുട്ടയിടുകയും 8-10 ദിവസംകൊണ്ട് അവ വിരിഞ്ഞു നിംഫുകൾ പുറത്തുവരികയും ചെയ്യുന്നു. 15-20 ദിവസങ്ങൾ കൊണ്ട് അവ പൂർണവളർച്ചയെത്തിയ പ്രാണികളായി മാറും. നിംഫുകളും ജാസ്സിഡുകളും തളിരിലകളിലും പൂക്കളിലുമിരുന്ന് നീരൂറ്റി കുടിക്കുന്നു. അതിൻ്റെ ഫലമായി പൂക്കൾ മുഴുവനും കൊഴിഞ്ഞു പോകുകയും കായ്ക്‌കൾ ഉണ്ടാകാൻ സാധിക്കാതെ വരികയും ചെയ്യുന്നു.
ഇവ സ്രവിക്കുന്ന ഒരു തരം മധുരമുള്ള ദ്രാവകം ഇളംകൊമ്പിലും ഇലകളിലും പുരണ്ടിട്ട് അത് കറുത്ത നിറമുള്ള കരിമ്പൂപ്പായി മാറുന്നു. ഈ ജാസ്സിഡ് നിയന്ത്രിക്കുവാൻ മാവു പൂക്കുന്ന കാലത്ത് രണ്ടോ മൂന്നോ തവണ കാർബറിൽ (സെവിൻ) മാലത്തിയോൺ, ഡൈമത്തയേറ്റ് ഇവയിലേതെങ്കിലുമൊരു മരുന്നു വെള്ളത്തിൽ കലക്കിത്തളിച്ചാൽ മതിയാകുന്നതാണ് മാവിലെ കൊമ്പുണക്കത്തിനു കാരണമായ മറ്റൊന്ന് “കോർട്ടീഷ്യം സാൽമോണി കോളർ" എന്ന ഒരിനം കുമിളിൻ്റെ ഉപദ്രവംമൂലമുണ്ടാകുന്ന പിങ്കുരോഗമാണ്. ഇതിൻ്റെ ഉപദ്രവം കാപ്പി, തേയില, റബ്ബർ എന്നിവയിലും കാണാറുണ്ട്.
ഈ രോഗം ജൂൺ മുതൽ സെപ്‌തംബർ വരെയുള്ള മാസങ്ങളിൽ കണ്ടു വരുന്നു. ചെറിയ ശിഖരങ്ങളിൽ ഒരുതരം വെളുത്തപൂപ്പൽ വരുന്നതാണ് ആദ്യ ലക്ഷണം. ഇലകൾ മഞ്ഞളിക്കുകയും കുറച്ചു ദിവസങ്ങൾക്കകം കരിഞ്ഞ ശിഖരങ്ങളിൽ പറ്റിപ്പിടിക്കുകയും ചെയ്യും. കൊമ്പുകളുടെ തൊലി മുഴുവൻ നശിച്ചുപോകുന്നു. ക്രമേണ തവിട്ടു കലർന്ന പിങ്കുനിറത്തിലുള്ള പൂപ്പലിൻ്റെ സ്പോറങ്ങൾ കൊമ്പുകളിൽ കണ്ടു തുടങ്ങും. രോഗം പ്രധാന തടിയിലേക്കു ബാധിച്ചാൽ മരം മുഴുവനും ഉണങ്ങിപ്പോകും
രോഗം ബാധിച്ച ഭാഗങ്ങളിൽ ബോർഡോപേസ്റ്റ് പുരട്ടുക. ഉണങ്ങിയ കൊമ്പുകൾ മുറിച്ചു കളഞ്ഞ് ബോർഡോ പേസ്‌റ്റ് പുരട്ടണം. കൂടാതെ മാവിൽ മുഴുവൻ ബോർഡോമിശ്രിതം തയാറാക്കി തളിക്കുകയും ചെയ്യേണ്ടതാണ്.
Share your comments