കേരളത്തിൽ എല്ലാ ദിവസവും പൊതുവെയും, ഓണക്കാലത്ത് പ്രത്യേകിച്ചും വളരെ ആവശ്യക്കാർ ഉള്ള പൂവാണ് മാരിഗോൾഡ് അഥവാ ചെണ്ടുമല്ലി.
കൊങ്ങിണി, ബന്തി എന്ന് പറയുന്നവരും ഉണ്ട്.
കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും അമ്പലങ്ങളിലും വാഹനങ്ങളിലും പുഷ്പചക്രങ്ങളിലും ഒക്കെ തന്നെ സമൃദ്ധമായി ചെണ്ടുമല്ലിപ്പൂക്കൾ ഉപയോഗിക്കുന്നു. അത്തപ്പൂക്കളത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ആൾ ആണ് കക്ഷി എന്ന് പറയേണ്ടതില്ലല്ലോ?
അപ്പോ, ഓണത്തിന് പൂക്കൾ പറിയ്ക്കണമെങ്കിൽ ഏതാണ്ട് ജൂൺ പതിനഞ്ചോട് കൂടി തൈകൾ പറിച്ചു നടണം. അതിനായി തൈകൾ ഉണ്ടാക്കാൻ ഇപ്പോൾ തുടങ്ങാം.
മാരിഗോൾഡ് രണ്ട് തരത്തിലുണ്ട്.
ആഫ്രിക്കൻ മാരിഗോൾഡ് (Tagetes erecta )
& ഫ്രഞ്ച് മാരിഗോൾഡ് (Tagetes patula ).
ആകർഷകമായ ചെറിയ പൂക്കൾ ആണ് ഫ്രഞ്ച് മാരിഗോൾഡിന്. അത് ചട്ടികളിലോ പുൽത്തകിടികളുടെ അരികുകൾ എഡ്ജ് ചെയ്യുന്നതിനോ പറ്റിയവ ആണ്. നല്ല കുറ്റിച്ചെടിയായി,വളരെ ചെറുതിലേ തന്നെ (പറിച്ചു നട്ട് 40-45ദിവസങ്ങൾക്കുള്ളിൽ ) പൂക്കൾ പിടിക്കാൻ തുടങ്ങും. വിവിധ വർണങ്ങളിൽ, ഒരു പൂവിൽ തന്നെ ഒന്നിലധികം നിറങ്ങളിൽ അവ ലഭ്യമാണ്.
Arka Honey , Arka Paari, Gypsy, Lemon Drop, Pride of India എന്നിവ നല്ല ഇനങ്ങളാണ്.
Loose Flower എന്ന നിലയിൽ വാണിജ്യ പ്രാധാന്യമുള്ളത് വലിയ പൂക്കൾ ഉള്ള ആഫ്രിക്കൻ മാരിഗോൾഡിനാണ്. ഓറഞ്ച്, മഞ്ഞ, വെള്ള നിറങ്ങളിൽ ഇവ ലഭ്യമാണ്.
Open pollinated ഇനങ്ങളും (വിത്തിന് വില കുറവായിരിക്കും )സങ്കര ഇനങ്ങളും (വിത്തിന് വില കൂടുതലാണ് ) വിപണിയിൽ ഉണ്ട്. സങ്കര ഇനത്തിന് ഒരു വിത്തിനു തന്നെ 2-3രൂപ ഒക്കെ വില വന്നേക്കാം .
നിരവധി കമ്പനികൾ സങ്കര ഇനങ്ങൾ പുറത്തിറക്കുന്നുണ്ട്.നല്ല വിത്തുകൾ ഓൺലൈൻ ആയി കിട്ടാൻ www.bighaat.com സന്ദർശിക്കാം.
കേന്ദ്ര സർക്കാർ സ്ഥാപനമായ ബാംഗ്ലൂർ ഹസ്സർഘട്ട യിലെ Indian Institute of Horticulture Research പുറത്തിറങ്ങിയ ഇനങ്ങളാണ് മഞ്ഞ നിറത്തിലുള്ള Arka Bangara, ഓറഞ്ച് നിറത്തിലുള്ള Arka Agni എന്നിവ.
ന്യൂ ഡൽഹിയിലെ Pusa യിൽ ഉള്ള Indian Agricultural Research Institute (IARI )പുറത്തിറക്കിയ ഇങ്ങളാണ് Pusa Basanthi(മഞ്ഞ ), Pusa Narangi Gainda (ഓറഞ്ച് ) എന്നിവ.
ഹ്രസ്വകാല വിളയാണ് മാരിഗോൾഡ്. നാല് മുതൽ അഞ്ച് മാസത്തിനുള്ളിൽ കഴിയും. നല്ല പരിചരണ മുറകൾ(Good Agricultural Practices ) അല്ല അനുവർത്തിക്കുന്നതെങ്കിൽ അതിനും വളരെ മുൻപേ തന്നെ കഴിയും.
15 ഡിഗ്രി മുതൽ 29 ഡിഗ്രി വരെയുള്ള താപനില ആണ് കൃഷിയ്ക്ക് അനുയോജ്യം.
വലിയ ചൂടുള്ള കാലാവസ്ഥയിൽ പ്രകടനം മോശമാകും. അമ്ലത കുറഞ്ഞ മണ്ണിൽ ആണ് രോഗങ്ങൾ കുറയുക.പ്രത്യേകിച്ചും അഴുകൽ രോഗം.
ഒരു സെന്റ് സ്ഥലത്തേക്ക് 6ഗ്രാം വിത്തുകൾ വേണ്ടി വന്നേക്കാം. പ്രോ -ട്രേ കളിൽ 3:1അനുപാതത്തിൽ നാര് കളഞ്ഞ ചകിരി ചോറ് (EC കുറഞ്ഞത് ), നന്നായി ഉണക്കി പൊടിച്ച ചാണകപ്പൊടി അല്ലെങ്കിൽ അരിച്ച മണ്ണിരക്കമ്പോസ്റ്റ് ചേർത്ത മിശ്രീതത്തിൽ തൈകൾ വളർത്തി എടുക്കാം.
നല്ല വെയിൽ കിട്ടിയില്ലെങ്കിൽ തൈകൾ ബലം കുറഞ്ഞു നീണ്ടു വളരും. അത് നല്ലതല്ല.
നാലാഴ്ചയെങ്കിലും പ്രായമുള്ള ആറ് ഇലകൾ എങ്കിലും ഉള്ള, കരുത്തുള്ള തൈകൾ വേണം പറിച്ചു നടാൻ. നല്ല കരുത്തുള്ളവ മാത്രം പറിച്ചു നടുക.
മഴക്കാലകൃഷി ആയതിനാൽ അല്പം ഉയരമുള്ള വാരങ്ങളിൽ നടുന്നതാണുത്തമം.
അല്പം പോലും വെള്ളക്കെട്ട് മാരിഗോൾഡ് സഹിക്കില്ല. നല്ല വെയിലുള്ള സ്ഥലം,നീർവാർ ച്ചയുള്ള മണ്ണ് ഇവ നിർബന്ധം.
കിളച്ച്, കട്ടയുടച്ച് ഒരു സെന്റിന് 2-3കിലോ കുമ്മായപ്പൊടി അല്ലെങ്കിൽ Dolomite ചേർത്തിളക്കി രണ്ടാഴ്ച ഇട്ടതിനു ശേഷം (തൈകൾ ഉണ്ടാക്കാൻ തുടങ്ങുമ്പോൾ തന്നെ നിലം ഒരുക്കാനും തുടങ്ങണം ).ഒരു സെന്റ് സ്ഥലത്തേക്ക് 100 കിലോ അളവിൽ അഴുകി പ്പൊടിഞ്ഞ കാലിവളവും സെന്റിന് 220ഗ്രാം യൂറിയ ,400ഗ്രാം മസൂറി ഫോസ്,100ഗ്രാം പൊട്ടാഷ് എന്നീ അളവിൽ അടിസ്ഥാന വളവും ചേർക്കണം. വൈകുന്നേരങ്ങളിൽ പറിച്ചു നടണം. ആവശ്യത്തിന് നനയ്ക്കണം.
വരികളും ചെടികളും തമ്മിൽ ഒന്നര അടി അകലം നൽകാം. (45cmx45cm). ഒരു സെന്റിൽ ഏതാണ്ട് 200 ചെടികൾ നടാം.
നട്ട് ഇരുപതു ദിവസം കഴിയുമ്പോൾ ഇടയിളക്കി സെന്റിന് 220ഗ്രാം യൂറിയ,100ഗ്രാം പൊട്ടാഷ് എന്നിവ മേൽ വളമായി നൽകാം.
പറിച്ചു നട്ട് 27 ദിവസം കഴിയുമ്പോൾ മണ്ട നുള്ളിക്കൊടുക്കുന്നത് (Pinching ) കൂടുതൽ ശിഖരങ്ങൾ വരാനും ചെടികൾക്ക് കരുത്തു കൂടാനും സഹായിക്കും. കൂടുതൽ ശിഖരങ്ങൾ ഉണ്ടാകുമ്പോൾ കൂടുതൽ പൂക്കളും ഉണ്ടാകും.
ചിലർ നാൽപതു ദിവസം ആകുമ്പോൾ ശിഖരങ്ങളുടെയും മണ്ട നുള്ളി കൊടുക്കാറുണ്ട്.(Double pinching ).
നാല്പതു ദിവസം കഴിഞ്ഞ് ഉള്ള മണ്ട നുള്ളൽ ഗുണം ചെയ്യില്ല.
മണ്ട ഇരിഞ്ഞെടുക്കരുത്. എപ്പോഴും മുറിപ്പാടിൽ അല്പം Indofil കുഴമ്പ് തേയ്ക്കുന്നത് നന്നായിരിക്കും.
ആവശ്യത്തിന് നന നൽകണം. മൊട്ടു വന്ന് കഴിഞ്ഞാൽ പിന്നെ മണ്ണിൽ ഈർപ്പം ഇല്ലാത്ത അവസ്ഥ ഉണ്ടാകാൻ പാടില്ല. ചെടികളുടെ വളർച്ച വിലയിരുത്തി ഇടയ്ക്ക് 19:19:19 ആവശ്യമെങ്കിൽ 5ഗ്രാം /ലിറ്റർ വെള്ളം എന്ന അളവിൽ ഇലകളിൽ തളിച്ച് കൊടുക്കാം.
പറിച്ചു നട്ട് ഏതാണ്ട് 60-65 ദിവസങ്ങൾ കഴിയുമ്പോൾ (കാലാവസ്ഥ, വളപ്രയോഗം ഒക്കെ അനുസരിച്ചു ചെറിയ വ്യത്യാസങ്ങൾ വരാം ) പൂക്കൾ വിളവെടുത്ത് തുടങ്ങാം. മൂന്ന് ദിവസത്തിലൊരിക്കൽ പൂക്കൾ വിളവെടുക്കാം.
ഒരു ഹെക്റ്ററിൽ നിന്നും 6000 കിലോ മുതൽ 10000 കിലോ വരെ പൂക്കൾ വിളവെടുക്കാം. കിലോയ്ക്ക് 100 രൂപ മുതൽ 150 രൂപ വരെ വില ലഭിച്ചേക്കാം.
വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ ധാരാളം രോഗ കീടങ്ങൾ വന്നേക്കാം.
ഇലപ്പേനുകൾ (Thrips )
ഇലതീനി പുഴുക്കൾ
മീലി മൂട്ടകൾ
മണ്ഡരികൾ (Mites )
എന്നീ കീടങ്ങളെയും
വാട്ടം /അഴുകൽ
ഇളപ്പുള്ളി (Leaf spot )
എന്നീ രോഗങ്ങളെയും പ്രതീക്ഷിക്കണം.
അവ തിരിച്ചറിയാൻ കർഷകർ പഠിക്കണം. അതിനെ എങ്ങനെ നിയന്ത്രിക്കാൻ കഴിയുമെന്ന് വിവരമുള്ളവരുമായി ചോദിച്ചു മനസ്സിലാക്കി വയ്ക്കണം.
അപ്പോൾ, ഈ ഓണത്തിന് പൂക്കൾ സ്വന്തം തോട്ടത്തിൽ നിന്നും തന്നെ.
കഴിയുമെങ്കിൽ പോഷകപ്പൂന്തോട്ടത്തിൽ (Foodscape Garden ) ൽ നിന്ന് തന്നെ ആയിക്കോട്ടേ. പച്ചക്കറിയും പൂക്കളും ഒരേ തോട്ടത്തിൽ നിന്നും തന്നെ
East West Seed Company യുടെ നല്ല ഇനങ്ങൾ ആണ് Bengal Orange, Super Orange, Super Yellow എന്നിവ. ആവശ്യമുള്ളവർ SK Seeds മലപ്പുറം (7558034549) അല്ലെങ്കിൽ Deepak (9249975769) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Share your comments