നാടൻ മണ്ണിരകളാണ് മണ്ണിൽ വളമുണ്ടാക്കുന്നതിന് പ്രധാന കാരണക്കാർ. വിരകൾ മണ്ണിനു മുകളിലാണ് വിഹരിക്കുന്നതും വിസർജ്ജിക്കുന്നതും ഇവകൾക്ക് ശത്രുഭയം കൂടാതെ രാത്രിയിലും പകലും മണ്ണിനു മുകളിൽ പ്രവർത്തിക്കണമെങ്കിൽ മണ്ണിനു മുകളിൽ ഇരുട്ടുണ്ടാകണം. ഇരുട്ടുണ്ടാകണമെങ്കിൽ മണ്ണിന് മീതേ പുതയിടണം.
മണ്ണിരകളെയും സൂക്ഷ്മ ജീവികളെയും അമിതമായ ചൂടിൽ നിന്നും ശക്തമായ കാറ്റിൽനിന്നും അതിശൈത്യത്തിൽ നിന്നും ക്ഷുദ്രജീവികളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കണമെങ്കിലും പുത വേണം. മഴവെള്ളം നേരിട്ട് ശക്തിയായി പതിച്ച് മണ്ണിലെ വളം ഒലിച്ചുപോകാതിരിക്കാനും വെയിൽ തട്ടി മേൽമണ്ണ് ചൂടാകാതിരിക്കാനും മണ്ണിൽ പുതയിടണം. മണ്ണിൽ പെരുകാനും സൂക്ഷ്മാണുക്കൾ പെരുകാനും പുത ആവശ്യമാണ്.
പുത മൂന്ന് തരം
1. മേൽമണ്ണിളക്കൽ
മേൽമണ്ണ് കിളച്ച് ഇടുക്കിമറിച്ചിടുന്നത് പുതയായി പ്രവർത്തിക്കുന്നു. മണ്ണിൽ ആവശ്യമായ ഈർപ്പവും ചൂടും നിലനിർത്തുകയും മഴവെള്ളം ഒലിച്ചുപോകാതെ മണ്ണിൽ കിനിഞ്ഞിറങ്ങുകയും ചെയ്യുന്നു.
ഉദാ: മരച്ചീനിക്ക് ഇടയിളക്കുന്നത്.
2. വയ്ക്കോൽ പുത
വിളവെടുപ്പിനുശേഷം ലഭിക്കുന്ന സസ്യാവശിഷ്ടങ്ങൾ പുതയായി ഉപയോഗിക്കാം.
ഉദാ: വയ്ക്കോൽ, കരിയില, തെങ്ങോല, കവുങ്ങോല, പാള, കോഞ്ഞാട്ട കാഞ്ഞിൽ, കൊതുമ്പ്, പച്ചില, അറക്കപ്പൊടി, ചകിരിച്ചോറ്, ചകിരിത്തൊണ്ട്, ഉമി, കൊക്കോത്തോട്, കാപ്പിത്തോണ്ട്, വാഴപ്പിണ്ടി, വാഴയില മുതലായവ.
3 ജീവനുള്ള പുത
മറ്റു വിളകളുമായി സഹിഷ്ണുത പ്രകടിപ്പിക്കുന്ന ഇടവിള സസ്യങ്ങൾ കൃഷി ചെയ്യുന്നതും പുതയായി പ്രവർത്തിക്കുന്നു. ഇടവിളകൾ മുഖ്യവിളയുമായി വെളിച്ചത്തിനും വളത്തിനും മത്സരിക്കാത്തവ ആയിരിക്കണം
ഉദാ: തെങ്ങിന് ഇടവിളയായ ജാതി, കൊക്കോ മുതലായവ. വാഴയ്ക്ക് ഇടവിളയായി ചേന, ചേമ്പ്, മത്തൻ, വെള്ളരി, കുമ്പളം മുതലായവ.
മണ്ണിൽ വായുവിന്റെയും ഈർപ്പത്തിന്റെയും സന്തുലിതാവസ്ഥയാണ് വാപസ. മണ്ണിൽ പുതയിട്ടിട്ടുണ്ടെങ്കിൽ 50% ഈർപ്പവും 50% വായുവും മണ്ണിൽ ഉണ്ടാകും. ഈയവസ്ഥയാണ് വാപസ. ചെടികൾ വളരാനുള്ള പരമാനുകൂലമായ അവസ്ഥായാണിത്. വാപസ നിലനിർത്താൻ പുതയിട്ടാൽ മാത്രം മതി.
Share your comments