കടുകിന്റെ ആവശ്യത്തിനും മൈക്രോഗ്രീൻ എന്ന നിലയ്ക്ക് കിളുന്നിലകളായി ഉപയോഗിക്കാനും വീട്ടുവളപ്പിൽ ചട്ടിയിലും ഗ്രോബാഗിലും ഒക്കെ അനായാസം വളർത്താം. മേൽമണ്ണും മണലും ചാണകപ്പൊടിയും 1:1 എന്ന അനുപാതത്തിൽ കലർത്തി പോട്ടിംഗ് മിശ്രിതം തയ്യാറാക്കുക.
ഇതിലേക്ക് കടയിൽ നിന്ന് വാങ്ങുന്ന കടുകു വിത്ത് പാകുക. അധികം ചൂടേൽക്കാത്ത സാഹചര്യത്തിൽ ആവശ്യത്തിനു മാത്രം നനച്ചാൽ 3 മുതൽ 10 ദിവസം കൊണ്ട് വിത്തുകൾ മുളയ്ക്കും. വിത്തു പാകുന്നതിന് മുമ്പ് നേരത്തെ കുതിർത്തു വയ്ക്കണമെന്ന് നിർബന്ധമില്ല. രണ്ടു നേരം ചെടികൾ നനയ്ക്കാം. ഈർപ്പമുള്ള പൊടിമണ്ണ് ആണ് കടുക് വിതയ്ക്കാൻ ഉത്തമം. തറയിലും വാരംകോരി നിലമൊരുക്കി വിതയ്ക്കാം. രണ്ടാഴ്‌ച കഴിഞ്ഞ് കുറച്ച് ജൈവവളം ചേർക്കാം. ഇതിന് ചാരം, ചാണകപ്പൊടി, എല്ലുപൊടി, ബയോഗ്യാസ് സ്ലറി എന്നിവയിൽ ഏതും ഉപയോഗിക്കാം.
ചെടി വളരുമ്പോഴാണെങ്കിലും വെള്ളം തളിക്കുമ്പോൾ ശ്രദ്ധിക്കണം. ചെടികൾക്ക് കേട് പറ്റരുത് സാമാന്യം വെയിൽ കിട്ടുന്നിടത്ത് വലിയ ചെടികൾ വളർന്നുകൊള്ളും. ഇത് പിന്നീട് കായ്‌കൾ ആകുമ്പോഴേക്കും ചെടിയോടെ പിഴുത് വെയിലത്തുണക്കി കടുകുമണി വേർതിരിക്കാം.
എന്നാൽ കടുകിന്റെ ഇളം ഇലകൾ കഴിക്കാൻ മൈക്രോഗ്രീൻ ആയി വളർത്തുമ്പോൾ വെറും അഞ്ചു ദിവസത്തെ വളർച്ച മതി തൈകൾ വിളവെടുക്കാൻ ഇത് ബർഗർ, സാലഡ്, സാൻവിച്ച് എന്നിവയോടൊപ്പം കഴിക്കാം. കടുകിൻ്റെ കിളുന്നിലകൾ നാര്, ജീവകങ്ങൾ. ധാതുലവണങ്ങൾ, നിരോക്‌സീകാരികൾ എന്നിവയുടെ കലവറയാണ്.
Share your comments