നീലിഭൃംഗാദിപോലുള്ള കേശതൈലങ്ങളുടെ ഉൽപാദനത്തിനാണ് നീലയമരി (Neelayamari (Indigofera Tinctoria)) ഇല കൂടുതലായും ഉപയോഗിക്കുന്നത്. കൈവിഷം മുതൽ പാമ്പ് , തേൾ, പഴുതാര, പല്ലി, ചിലന്തി ഇവ മൂലമുള്ള വിഷചികിത്സയിൽ അമരിവേരും ഉപയാഗിക്കുന്നു. ഇതിനു പുറമെ മറ്റു പല രോഗങ്ങളുടെയും ചികിത്സയിൽ അമരിവേരും ഇലയും തനിച്ചോ ഇതരസസ്യൗഷധികളോടു ചേർത്തോ ഉപയോഗിച്ചു വരുന്നു . പണ്ട് നീലയമരി ഇലയിൽ നിന്നുമാണ് നീലം ഉത്പാദിപ്പിച്ചിരുന്നത് . കൃത്രിമമാർഗ്ഗങ്ങളുടെ ആവിർഭാവത്തോടെ ഇപ്പോൾ ഈ പരമ്പരാഗത രീതി അന്യമായി കഴിഞ്ഞു.
വിത്തു പാകി തൈകളുണ്ടാക്കാം
നല്ല സൂര്യപ്രകാശ ലഭ്യതയും നീർവാർച്ചാ സൗകര്യവുമുള്ള എല്ലാത്തരം മണ്ണിലും നീലയമരി വളരും. വിത്തു പാകി ഇതിന്റെ തൈകളുണ്ടാക്കാം. വിളഞ്ഞ കായ്കൾ ഉണങ്ങിത്തുടങ്ങുമ്പോൾത്തന്നെ പറിച്ചെടുക്കണം.
കായ്കൾ പരമ്പിലോ പായിലോ ഉണങ്ങാനിടുമ്പോൾ നേർത്ത തുണിയോ വലയോ കൊണ്ട് മൂടിയിടണം. ഇതു ചെയ്യുന്നില്ലെങ്കിൽ കായ്കൾ ശക്തമായി പൊട്ടിത്തെറിച്ച് വിത്തുകൾ ദൂരേയ്ക്കു നഷ്ടപ്പെടും.
കൃഷി സ്ഥലത്തേക്ക് മാറ്റി നടുമ്പോൾ
പന്ത്രണ്ടുമുതൽ ഇരുപത്തിനാലു മണിക്കൂർവരെ സമയം പച്ചവെള്ളത്തിലിട്ടു കുതിർത്ത നിലയമരി വിത്ത് തവാരണകളിൽ പാകാം. ഇതിനായി ഒരടി ഉയരത്തിലും സൗകര്യപ്രദമായ അളവിലും തീർത്ത തവാരണകളുടെ മുകൾഭാഗം നിരപ്പാക്കി ഉണക്കചാണകപ്പൊടിയും മേൽമണ്ണും തുല്യ അനുപാതത്തിൽ മിശ്രണം ചെയ്ത ഒരിഞ്ചു കനത്തിൽ നിർത്തുക
മൂന്നിരട്ടി മണലുമായി മിശ്രണം ചെയ്ത നീലയമരി വിത്ത് ഇതിനു മുകളിൽ വിതയ്ക്കുക. മുകളിൽ അരിച്ചെടുത്ത മേൽമണ്ണ് തുല്യയളവിൽ മണലുമായി മിശ്രണം ചെയ്ത് അര സെന്റീമീറ്റർ കനത്തിൽ വിതറുക. തവാരണ ദിവസേന രണ്ടുനേരം നനയ്ക്കണം.ഒരാഴ്ച കൊണ്ട് വിത്തുകൾ കിളിർക്കും. നാലു സെന്റിമീറ്റർ വലിപ്പമെത്തുമ്പോൾ തൈകൾ ശ്രദ്ധാപൂർവം ഇളക്കിയെടുത്ത് പോളിബാഗിൽ നടുക. ഏകദേശം പതിനഞ്ചു സെന്റിമീറ്റർ വലിപ്പമാകുമ്പോൾ ഇതു കൃഷി സ്ഥലത്തേക്ക് മാറ്റി നടാം.
മൂന്നുമാസം കൂടുമ്പോൾ വിളവെടുക്കാം
നീലയമരിയുടെ കൃഷിക്കായി സ്ഥലം ഒരടി ആഴത്തിൽ കിളച്ചൊരുക്കുക. മൂന്നടി അകലത്തിൽ കുഴികളെടുക്കുക. കുഴികൾക്ക് ഒരടി വ്യാസവും അത്രയും തന്നെ ആഴവുമുണ്ടായിരിക്കും. ഉണക്ക ചാണകപ്പൊടിയും മേൽമണ്ണും തുല്യയളവിൽ മിശ്രണം ചെയ്ത് കുഴികളിൽ നികക്കെ നിറയ്ക്കുക. തുടർന്ന് തൈ നടാം.
ആറുമാസം പ്രായമെത്തുമ്പോൾ മുതൽ നീലയമരിയിൽ നിന്നും വിളവെടുക്കാം. ഇലകൾ ചെറുചില്ലകളോടെ മുറിച്ചെടുക്കാം. ചെടിയിലെ മൊത്തം ഇലകളിൽ പകുതിയോളം ഒരേ സമയം ഇങ്ങനെ ശേഖരിക്കാം. മൂന്നുമാസം കൂടുമ്പോൾ ഈ രീതിയിൽ വിളവെടുക്കാം. നനയ്ക്കുന്ന പക്ഷം വേനൽക്കാലത്തും വിളവുകിട്ടും. വേനൽക്കാലത്താണ് നീലയമരി ഇലയ്ക്ക് വില കൂടുതൽ ലഭിക്കുക. നീലയമരിചെടി രണ്ടോ മൂന്നോ വർഷംവരെയേ നിലനിൽകൂ. ഇലയുടെ ലഭ്യത കുറയുമ്പോൾ ചെടി പിഴുത് വേരും ശേഖരിച്ചു വിൽക്കാം.
Share your comments